പൊലീസിന്റെ ഭാഗത്തുനിന്നും, ജനഹിതത്തിനെതിരെയും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതുമായ തെറ്റുകൾ ഉണ്ടാകുമ്പോൾ ജനങ്ങൾ പ്രകോപിതരാകുന്നത് സ്വാഭാവികം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കി സമൂഹത്തിൽ സമാധാന ജീവിതം ഉറപ്പുവരുത്താൻ നിയമപരമായി ബാദ്ധ്യതയുള്ള പൊലീസ് സേന തന്നെ ധാർമ്മികമായ കർത്തവ്യം മറന്ന് പ്രവർത്തിക്കുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിഷേധിക്കാനും ഭരണഘടനാപരമായി ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ അത്തരം പരസ്യ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ആക്ഷേപങ്ങളും കുറ്റംചെയ്തവരെ മാത്രം പ്രതിക്കൂട്ടിൽ നിറുത്തുന്ന തരത്തിലാകണം. പകരം പൊലീസ് സേനാംഗങ്ങളുടെ ആകെ മനോവീര്യം തളർത്തുന്ന രീതിയിലാകരുത്.
പൊലീസ് സേനയിൽ ചെറിയൊരു വിഭാഗം ചെയ്യുന്ന തെറ്റുകളുടെ പാപഭാരം സാമൂഹ്യ പ്രതിബദ്ധതയോടെ മാന്യമായി ജോലി ചെയ്യുന്ന മുഴുവൻ സേനാംഗങ്ങളിലും അടിച്ചേല്പിക്കുന്ന പ്രവണത ഒരിക്കലും ആരോഗ്യകരമല്ല. എന്നാൽ ഇപ്പോൾ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ പ്രവർത്തന മികവിനെപ്പറ്റി പഠിച്ചു വിലയിരുത്താൻ കേന്ദ്രസർക്കാർ സമീപകാലത്ത് നടത്തിയ ഒരു സർവേയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് കേരള പൊലീസാണെന്ന യഥാർത്ഥ്യം മറന്നുകൂടാ . ക്രമസമാധാന പാലനത്തിലും കേസന്വേഷണത്തിലും ഇതര സംസ്ഥാനങ്ങളെ വെല്ലുന്ന രീതിയിൽ മികവു തെളിയിച്ചുകൊണ്ടിരിക്കുന്ന കേരള പൊലീസ് , കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളിലും അഹോരാത്രം വിയർപ്പൊഴുക്കി പ്രവർത്തിച്ച് രാജ്യത്തിനുതന്നെ മാതൃകയായി. ആ ശ്ലാഘനീയ പ്രവർത്തനങ്ങൾക്കു സൈന്യം പോലും വിമാനത്തിൽ പുഷ്പവൃഷ്ടി നടത്തി കേരള പൊലീസിനോട് ആദരവ് പ്രകടിപ്പിച്ചതും ജനം മറന്നിട്ടുണ്ടാവില്ല.
കേരളത്തിൽ ഏതൊരു കുറ്റകൃത്യം നടന്നാലും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ കണ്ടെത്തി നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്നു അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിൽ മികവ് തെളിയിക്കുന്നു കേരള പൊലീസ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു 75 ശതമാനത്തിലേറെ കേസുകൾ ശിക്ഷിക്കപ്പെടണമെങ്കിൽ നമ്മുടെ പൊലീസിന്റെ മികവ് ഊഹിക്കാമല്ലോ.
ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥർ വീടും കുടുംബവും മറന്നുകൊണ്ടു സ്തുത്യർഹമായി പ്രവർത്തനം കാഴ്ചവയ്ക്കുമ്പോൾ ന്യൂനപക്ഷം ചെയ്യുന്ന ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളെ പെരുപ്പിച്ചു കാണിച്ച് ഇവിടത്തെ മുഴുവൻ പൊലീസുകാരും കുറ്റവാളികളും അഴിമതിക്കാരുമാണെന്ന് ആക്ഷേപിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.
ഔദ്യോഗിക ജോലിക്കു സമയ ക്ലിപ്തതയില്ലാത്ത പൊലീസുകാർ യാതൊരു പരാതിയും പരിഭവവുമില്ലാതെ ശാരീരികമായും മാനസികമായും തളർന്നു ജോലി ചെയ്യുന്നതു കൊണ്ടാണ് ജനം സമാധാനമായി ജീവിക്കുന്നതും സുരക്ഷിതബോധത്തോടെ അന്തി യുറങ്ങുന്നതും. സമൂഹത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ ഇക്കൂട്ടത്തിൽ ചിലർ കുറ്റവാസനയുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ആയേക്കാം. അങ്ങനെയുള്ളവരുടെ മോശം പെരുമാറ്റം കണ്ടുകൊണ്ടു പൊലീസ് വിഭാഗത്തെ മുഴുവൻ വിലയിരുത്തരുത്.
ന്യൂനപക്ഷത്തിന്റെ അതിരുവിട്ട പ്രവൃത്തികളെ പൊലീസ് സേനയിൽ മാന്യമായി ജോലിചെയ്യുന്ന ആരും ന്യായീകരിക്കില്ല. സേനയുടെ ഉദ്ദേശ്യ ശുദ്ധിയെ ബഹുമാനിക്കാത്തവരാണ് ഇത്തരത്തിൽ മോശമായി പെരുമാറുന്നത്. സേനയ്ക്കു തുടർച്ചയായി അവമതിപ്പുണ്ടാക്കുന്നവരെ സസ്പെൻഷൻ കൊണ്ടോ സ്ഥലംമാറ്റം കൊണ്ടോ നല്ലവരാക്കാൻ കഴിയില്ല. അതിനാൽ ഇത്തരക്കാരെ ലോക്കൽ പൊലീസ് വിഭാഗത്തിൽ നിന്നും ജനസമ്പർക്കമില്ലാത്ത മറ്റുള്ള സംവിധാനങ്ങളിലേക്ക് മാറ്റുന്നതാണ് ഉചിതം.
എം. പ്രഭാകരൻ നായർ,
ഊരൂട്ടമ്പലം
കേരള പൊലീസ് പെൻഷനേഴ്സ്
അസോസിയേഷൻ തിരുവനന്തപുരം
ജില്ലാ പ്രസിഡന്റ് ,
ഫോൺ - 9400499918