കേരളത്തിന്റെ കായിക സംസ്കാരം ദുർബലമാകുന്നത് ഭാവിതലമുറയുടെ കായികക്ഷമതയുടെ ശോഷണത്തിലേക്ക് മാത്രമല്ല ജീവിതശൈലീരോഗങ്ങളുടെ കടന്നുകയറ്റ ത്തിനും വഴിമാറുകയാണ്. പൊതുജനാരോഗ്യത്തിനും കായികക്ഷമത വർദ്ധിപ്പിക്കാനും ജനസംഖ്യയുടെയും ജനസാന്ദ്രതയുടെയും അടിസ്ഥാനത്തിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ അടിസ്ഥാന കായിക സംവിധാനങ്ങൾ പുന:ക്രമീകരിക്കണം. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനൊപ്പം ഇത് രക്ഷിതാക്കളിലേക്കും വ്യാപിപ്പിക്കണം. പ്രാദേശിക പ്രാധാന്യമുള്ളതും ജനങ്ങളുടെ ആവശ്യപ്രകാരമുള്ളതുമായ കായിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം. പരിസ്ഥിതി സൗഹൃദ കളിക്കളങ്ങൾ രൂപപ്പെടുത്തുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ അവബോധം ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കും.
അടിസ്ഥാന കായിക സാക്ഷരത
പ്രീപ്രൈമറി തലം മുതൽ ഓരോ കുട്ടിയും കായികമായി ആർജ്ജിച്ചിരിക്കേണ്ട ശേഷികളെയും നൈപുണികളെയും സംബന്ധിച്ച കൃത്യമായ അറിവും അവബോധവും അവർക്ക് നല്കണം. ഓരോ വ്യക്തിയുടെയും അടിസ്ഥാന കായികക്ഷമത വിലയിരുത്തി വ്യക്തിഗത ഫിറ്റ്നസ് കാർഡുകൾ നൽകുന്ന രീതിയും നടപ്പിലാക്കേണ്ടതുണ്ട്. ഇതിലൂടെ ഓരോ വ്യക്തിക്കും തങ്ങളുടെ പൊതു ആരോഗ്യ കായിക നിലവാരത്തെ സംബന്ധിച്ച കാഴ്ചപ്പാട് രൂപപ്പെടുകയും പരിഹാര പ്രവർത്തനങ്ങൾ സ്വയം ചെയ്യുന്നതിന് പരിശ്രമിക്കുകയും ചെയ്യും.
സ്പോർട്സ് പാരന്റിംഗ്
കുട്ടികളെ കായികമേഖലയിലേക്ക് ആകർഷിക്കുന്നതിനായി രക്ഷിതാക്കളിൽ കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കണം. കുട്ടിയുടെ ആജീവനാന്ത നേട്ടങ്ങളുടെ പട്ടികയിൽ വ്യക്തിഗത കായികക്ഷമതയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണം. കുട്ടികളുടെ പൊതുപരിപാലനത്തിൽ അതീവശ്രദ്ധ പതിപ്പിക്കുന്ന രക്ഷിതാക്കൾ അവരുടെ ആരോഗ്യത്തിലും കായികക്ഷമതയിലും ശ്രദ്ധ പുലർത്തുന്നതിലൂടെ കായിക രക്ഷാകർത്തൃത്വത്തിന്റെ തലം കൂടുതൽ വിശാലമാകുന്നു. സംസ്ഥാനത്ത് പുതുതായി ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്ന കായികപദ്ധതികളെ സംബന്ധിച്ച് വിശാലമായ കാഴ്ചപ്പാട് രൂപീകരിക്കുകയും ഗവേഷണത്തിന്റെയും ട്രൈ ഔട്ടുകളുടെയും അടിസ്ഥാനത്തിൽ മാത്രം നടപ്പിലാക്കുന്ന രീതി പൊതുവായി സ്വീകരിക്കുകയും വേണം.
ശാസ്ത്രീയ കാഴ്ചപ്പാട്
ആഗോളതലത്തിൽ കായികപഠനം വളരെ വിശാലവും സമ്പുഷ്ടവുമായ ശാസ്ത്രശാഖയാണ്. സ്പോർട്സ് സയൻസിന്റെ വളർച്ചയ്ക്ക് ആനുപാതികമായ രീതിയിലുള്ള കായികപുരോഗതിയും പ്രകടനവും താരങ്ങളിൽ നിന്നും പൊതുവിൽ ഉണ്ടാകുന്നുണ്ട്. ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടി നടപ്പിലാക്കേണ്ട ഈ ശാസ്ത്രീയ സംവിധാനം ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ തികച്ചും പരിമിതമായ അവസ്ഥയിലാണുള്ളത്. സ്പോർട്സ് സയൻസ് സംവിധാനം വിപുലീകരിച്ചുകൊണ്ട് കായിക പുരോഗതി ലക്ഷ്യം വയ്ക്കുന്ന തരത്തിലേക്കുള്ള മാറ്റം ആവിഷ്കരിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.
വേണം ശക്തമായ അടിത്തറ
മത്സരം നിറഞ്ഞ ആധുനിക കായികവേദിയിൽ പൊരുതി നില്ക്കാനുള്ള അംഗബലം ഉറപ്പാക്കാൻ ശക്തമായ കായിക അടിത്തറ ഉറപ്പുവരുത്തണം. പഞ്ചായത്ത് തലങ്ങളിൽ രൂപീകരിക്കാൻ പോകുന്ന സ്പോർട്സ് കൗൺസിലുകളുടെ സ്വാധീനം ഇതിന് മുതൽക്കൂട്ടാവുമെന്ന് കരുതാം. കൂടാതെ നിലവിൽ ജില്ലകളിൽ കേന്ദ്രീകൃതമായി നടന്നുവരുന്ന കായിക സെലക്ഷൻ രീതി വികേന്ദ്രീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിച്ചാൽ മികച്ച താരങ്ങളെ കണ്ടെത്താൻ സാധിക്കും.
കായികക്ഷമതാ മൂല്യനിർണയം
ജനങ്ങളുടെ കായികക്ഷമത ശാസ്ത്രീയമായി കണ്ടെത്താനും പരിഹാര ബോധനപ്രവർത്തനങ്ങൾ നിർദേശിക്കാനും ഉതകുന്ന രീതിയിൽ കായികക്ഷമതാ മൂല്യനിർണയ സംവിധാനം രൂപപ്പെടുത്തണം. കേരളത്തിലെ ജനങ്ങളുടെ ശാരീരികഅവസ്ഥ, പൊതുവായ ഭൂപ്രകൃതി എന്നിവയ്ക്ക് ഇണങ്ങുന്ന രീതിയിലുള്ള ഫിറ്റ്നസ് ഇനങ്ങൾ കോർത്തിണക്കിയ മൂല്യനിർണയ പാക്കേജായി പുറത്തിറക്കുന്നതായിരിക്കും അഭികാമ്യം.
സ്കൂളുകളും ഹോസ്റ്റലുകളും
സമഗ്രമായ കായിക പുരോഗതി ലക്ഷ്യം വച്ച് ആരംഭിച്ച സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളുടെ സമീപകാല പ്രകടനങ്ങൾ തികച്ചും പരിതാപകരമാണ്. സ്ഥാപിതമായി അര നൂറ്റാണ്ടിനോട് അടുക്കുമ്പോൾ ഒളിമ്പിക്സിൽ മെഡൽ നേടിയ ഏകതാരം പി.ആർ.ശ്രീജേഷ് മാത്രമാണ്. ഇതുകൂടാതെ വിരലിലെണ്ണാവുന്ന ഒളിമ്പ്യന്മാരും അന്തർദേശീയ താരങ്ങളും മാത്രമാണ് ഇവിടെനിന്നും കായികരംഗത്ത് ശോഭിച്ചത്. ലക്ഷ്യത്തിൽ നിന്നും അകന്നുപോകുന്ന ഇത്തരം സ്ഥാപനങ്ങളുടെ അവസ്ഥ സംബന്ധിച്ച് വിശദമായ പഠനമോ, സോഷ്യൽ ഓഡിറ്റിംഗോ നടത്തി പരിമിതികൾ പരിഹരിക്കണം. താരങ്ങളുടെ മത്സരാത്മകതയുടെയും അവസരങ്ങളുടെയും തോതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ താരങ്ങളുടെ ഉദയം സംഭവിക്കൂ.
പരിശീലനത്തിൽ മാറ്റം
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ കായിക പരിശീലനത്തിൽ പരിശീലകനെ ഫോക്കസ് ചെയ്തുകൊണ്ടുള്ള ട്രെയിനിംഗ് രീതിയാണ് പിന്തുടരുന്നത്. എന്നാൽ ട്രെയിനിയെ ഫോക്കസ് ചെയ്യുന്ന പരിശീലന രീതിശാസ്ത്രം രൂപപ്പെടുത്തണം. അത് താരങ്ങളുടെ പ്രകടനത്തെ അനുകൂലമായി സ്വാധീനിക്കും. അതോടൊപ്പം പരിശീലകർക്ക് ഓരോ താരത്തോടും കൂടുതൽ ശ്രദ്ധയും പരിഗണനയും കരുതലും പുലർത്താനും സാധിക്കും. സ്ഥിരമായി പരിശീലനം നല്കിവരുന്ന ഒരു കോച്ച് മാറിപ്പോകേണ്ട സാഹചര്യത്തിൽ സംഭവിക്കുന്ന തുടർപരിശീലന ശോഷണവും മറ്റൊരാൾ ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലും പരിഹരിക്കാൻ സംസ്ഥാനതലത്തിൽ വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും പരിശീലിക്കാൻ ഉതകുന്ന കായികപരിശീലന സിലബസും തയ്യാറാക്കി ഏകീകരിക്കേണ്ടതുണ്ട്.
ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ പങ്കെടുക്കാൻ തയാറാകുന്ന താരങ്ങൾക്ക് മെഡൽ ലഭിക്കുമ്പോഴോ പ്രകടനം മോശമാകുമ്പോഴോ ആണ് കായികനേട്ടങ്ങളെപ്പറ്റി പലപ്പോഴും ചിന്തിക്കാറ്. ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരമെന്നോണം ശാസ്ത്രീയമായ കായിക അടിത്തറ വിപുലപ്പെടുത്താൻ ഉതകുന്ന രീതിയിലുള്ള ഹ്രസ്വ, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും പ്രതിഭാ പരിപോഷണ പരിപാടികൾ നിരന്തരം സംഘടിപ്പിച്ച് യഥാർത്ഥ ടാലന്റുകൾക്ക് ഏറ്റവും നൂതനമായ അത്യന്താധുനിക സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കുകയും വേണം. തുടർച്ചയായ ഇത്തരം ഇടപെടലുകൾ ഭാവിയിൽ രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന നിലയിലുള്ള താരങ്ങളിലേക്ക് വളരും. ഇതിനു പരിഹാരമായി അടിസ്ഥാന കായിക വിദ്യാഭ്യാസ പരിപാടികൾ സമഗ്രമായി നടപ്പിലാക്കണം.
ലേഖകൻ സ്റ്റേറ്റ് കൗൺസിൽ ഒഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിൽ (എസ്.സി.ഇ.ആർ.ടി കേരള) ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം റിസർച്ച്
ഓഫീസറാണ്. ഫോൺ - 9846024102