ദുബായ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ആദ്യ ജയം സ്വന്തമാക്കി. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം നേടുകയായിരുന്നു. അർദ്ധ സെഞ്വറികൾ നേടിയ പാകിസ്ഥാന്‍ ഓപ്പണർമാരായ. മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും ആണ് പാകിസ്ഥാന് ഗംഭീര വിജയം സമ്മാനിച്ചത്.
52 പന്തുകള്‍ നേരിട്ട ബാബര്‍ അസം രണ്ട് സിക്‌സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്തു.മുഹമ്മദ് റിസ്വാന്‍ 55 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 79 റണ്‍സോടെ പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിലും പാക് ബാറ്റ്സ്‌മാൻമാർക്ക് വെല്ലുവിളി ഉയർത്താൻ ഇന്ത്യയുടെ ബൗളർമാർക്ക് കഴിഞ്ഞില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. പാക് ബൗളിംഗിൽ വിക്കറ്റുകൾ ഒന്നിന് പുറകെ ഒന്നായി നഷ്‌ടമായ ഇന്ത്യയെ പന്തും നായകൻ കൊഹ്‌ലിയും ചേർന്നുളള കൂട്ടുകെട്ടാണ് തിരികെ ട്രാക്കിലെത്തിച്ചത്.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത പാക് നായകൻ ബാബർ അസമിന്റെ തീരുമാനം തെറ്റിയില്ല. ആദ്യ ഓവറിൽ നേരിട്ട ആദ്യ പന്തിൽതന്നെ രോഹിത് ശർമ്മ പുറത്ത്. ഷഹീൻ അഫ്രീദിയ്‌ക്കാണ് വിക്കറ്റ്. തുടർന്ന് പ്രതിരോധിച്ച് ഇന്ത്യ കളി ആരംഭിച്ചെങ്കിലും അഫ്രീദിയുടെ രണ്ടാം ഓവറിൽ മറ്റൊരു ഓപ്പണറായ കെ.എൽ രാഹുലിനെയും (3), വൈകാതെ സൂര്യകുമാർ യാദവിനെയും (11) ഇന്ത്യയ്‌ക്ക് നഷ്‌ടമായി.ഹസൻ അലിയെ തുടർച്ചയായി സിക്‌സടിച്ച് പ്രതീക്ഷ നൽകി മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതിയ പന്തും(39) പുറത്തായി. പിന്നാലെ മികച്ച പിന്തുണ കൊഹ്‌ലിക്ക് നൽകിയ ജഡേജ(13) പുറത്തായി.
എന്നാൽ മികച്ച രീതിയിൽ ബാറ്റ് വീശി നായകൻ കൊഹ്‌ലി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. തന്റെ 29ാം അർദ്ധ സെഞ്ചുറി നേടിയ കൊഹ്‌ലി അവസാന ഓവറിന് തൊട്ട്മുൻപ് പുറത്തായി (57). അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയും (11) പുറത്തായി. ഭുവനേശ്വർ കുമാറും (5) ഷമിയും(0) ചേർന്ന് കൂടുതൽ നഷ്‌ടമുണ്ടാകാതെ ഇന്ത്യൻ ഇന്നിംഗ്സ് പൂർത്തിയാക്കി. ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 151 റൺസാണ് ഇന്ത്യ നേടിയത്.
പാകിസ്ഥാന് വേണ്ടി മികച്ച സ്വിംഗ് ബൗളിംഗ് പുറത്തെടുത്തത് ഷഹീൻ അഫ്രീദിയാണ്. നാല് ഓവറിൽ 31 റൺസ് വഴങ്ങി അഫ്രീദി 3 വിക്കറ്റ് നേടി. ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ നന്നായി നേരിട്ടെങ്കിലും നാല് ഓവറിൽ ഹസൻ അലി 44 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ഷദബ് ഖാൻ (22 റൺസ് വഴങ്ങി 1), ഹാരിസ് റൗഫ് (25 റൺസ് വഴങ്ങി 1 വിക്കറ്റ്).
മുൻ മത്സരങ്ങളിൽ സ്‌പിന്നിനെ തുണച്ച ദുബായ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ മുൻപ് നടന്ന ആറ് ടി20 മത്സരങ്ങളിലും പാകിസ്ഥാൻ പരാജയപ്പെട്ടിട്ടില്ല. പാകിസ്ഥാന്റെ രണ്ടാം ഹോം വേദിയെന്നാണ് ദുബായ് സ്‌റ്റേഡിയത്തെ ആരാധകർ പറയുന്നത്. എന്നാൽ മറുവശത്ത് ഇന്ത്യ ഇതുവരെ ലോകകപ്പ് മത്സരങ്ങളിൽ 12 തവണ പാകിസ്ഥാനെ നേരിട്ടപ്പോൾ 12 തവണയും അവരെ മുട്ടുകുത്തിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളിക്കുന്നത്.