മുംബയ്: ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബി.ജെ.പിയെ വിമർശിച്ച് എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഛഗൻ ബുജ്ബൽ. ഷാരൂഖ് ഖാൻ ബി.ജെ.പിയിൽ ചേർന്നാൽ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ എൻ.സി.പിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാതെ എൻ.സി.ബി ഷാരൂഖ് ഖാന് പിന്നാലെയാണെന്നും ഛഗൻ ബുജ്ബൽ ആരോപിച്ചു.
മുംബൈയിൽ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻഖാനും സുഹൃത്തുക്കളും അറസ്റ്റിലായത്. ഈ മാസം 30 വരെ ആര്യൻ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
ഷാരൂഖ്ഖാൻ ജയിലിലെത്തി മകനെ കണ്ടതിന് പിന്നാലെ ഷാരൂഖിന്റെ വസതിയിൽ എൻ.സി.ബി പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയെ മോശമായി ചിത്രീകരിക്കുകയാണ് എൻ.സി.ബിയുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വിമർശിച്ചിരുന്നു.