india-cricket

ലോകകപ്പുകളിൽ പാകിസ്ഥാനെതിരെ തുടർച്ചയായ 12 വിജയങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ആദ്യ തോൽവി

ഇന്ത്യ 151/7, പാകിസ്ഥാൻ 152/0

ദുബായ്‌: ലോകകപ്പുകളി​ൽ പാകി​സ്ഥാനോട് തോറ്റി​ട്ടി​ല്ലെന്ന ഇന്ത്യയുടെ റെക്കാഡ് ഇനി​യി​ല്ല. ഇന്നലെ ഐ.സി​.സി​.ട്വന്റി​-20 ലോകകപ്പിലെ ആദ്യ മത്സരത്തി​ൽ പാകി​സ്ഥാനെതി​രെ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ദുബായ് സ്റ്റേഡി​യത്തി​ൽ ടോസ് നഷ്‌പ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151റൺസെടുത്തപ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 17.5 ഓവറിൽ പാകിസ്ഥാൻ ലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ നായകൻ ബാബർ അസമും (68),മുഹമ്മദ് റിസ്‌വാനും (78) നടത്തിയ ആക്രമണമാണ് പാകിസ്ഥാനെ നിഷ്പ്രയാസം വിജയത്തിലെത്തിച്ചത്.

പണികിട്ടിയ വഴി

1.ഇന്ത്യയുടെ തോൽവിക്ക് പ്രധാനകാരണം ടോസ് നഷ്ടമായതാണ്. ടോസ് കിട്ടിയിരുന്നെങ്കിൽ ഇന്ത്യ ചേസിംഗേ തിരഞ്ഞെടുക്കൂ എന്ന് കൊഹ്‌ലി പറഞ്ഞത് രണ്ടാം ബൗളിംഗ് ദുഷ്കരമായതിനാലാണ്.

2. തുടക്കത്തിൽത്തന്നെ രോഹിതിനെയും രാഹുലിനെയും നഷ്ടമായതിന്റെ ആഘാതത്തിൽ നിന്ന് മോചിതരാകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതേയില്ല. സ്കോർ ബോർഡിന് പ്രതീക്ഷിച്ച വേഗവുമുണ്ടായില്ല.

3. സൂര്യകുമാർ യാദവ്,രവീന്ദ്ര ജഡേജ, ഹാർദിക്ക് പാണ്ഡ്യ എന്നിവർ വമ്പൻ സ്ട്രോക്കുകൾക്ക് ശ്രമിച്ചെങ്കിലും 180ന് മുകളിലുള്ള ഒരു ലക്ഷ്യം കണ്ടെത്താനായില്ല.

4. പാകിസ്ഥാന്റെ ഒരു വിക്കറ്റുപോലും വീഴ്ത്താൻ ഷമിക്കും ഭുവനേശ്വറിനും കഴിയാതെപോയത് സ്പിന്നർമാർക്ക് കാര്യങ്ങൾ ദുഷ്കരമായി.

5.പാകിസ്ഥാനെതിരായ മത്സരമെന്ന സമ്മർദ്ദം യുവതാരങ്ങളുടെ ശരീരഭാഷയിൽ പ്രകടമായതും തിരിച്ചടിയായി.

മാൻ ഒഫ് ദ മാച്ച്

ഷഹീൻ ഷാ അഫ്രീദി

അടുത്ത ഞായറാഴ്ച ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.പാകിസ്ഥാൻ നാളെ ന്യൂസിലാൻഡിനെ നേരി‌ടും.