kk

മഴക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്. എലിപ്പനി അടക്കമുള്ള രോഗങ്ങൾ മഴക്കാലത്ത് പടർന്നുപിടിക്കാൻ സാദ്ധ്യതയേറെയാണ്. വീടുകളിൽ നിന്ന് എലികളെ തുരത്തുന്നത് എലിപ്പനിയെ അകറ്റി നിറുത്തും. എലിക്ക് പാർക്കാൻ സൗകര്യമായ ഇടം ഒരുക്കാതിരിക്കലാണ് ആദ്യം വേണ്ടത്.

വീടുകളിൽ മാലിന്യങ്ങൾ കുന്നുകൂടുന്നത് എലി ശല്യം കൂട്ടും. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി കിടക്കുന്നത് ഒഴിവാക്കുന്നതും വീട്ടിലും പരിസരത്തും കാണപ്പെടുന്ന ദ്വാരങ്ങളും കുഴികളും അടയ്ക്കുന്നതും എലിശല്യം അകറ്റാൻ സഹായിക്കും. വീട്ടിൽ തന്നെ ലഭ്യമായിട്ടുള്ള ചില വസ്തുക്കൾ കൊണ്ട് എലിയെ തുരത്താൻ കഴിയും .

കർപ്പൂരതുളസി തൈലം പഞ്ഞിയിൽ മുക്കി ജനലിന്റെയും വാതിലിന്റെയും ഭാ​ഗങ്ങളിൽ വെക്കുക. ഇതു വഴി എലികളെ തടയാനും ഒപ്പം വീട്ടിൽ സു​ഗന്ധം നിലനിറുത്താനും കഴിയും. ഉള്ളിയുടെ മണവും എലിയെ തുരത്തുന്നതാണ്. ഉള്ളിതൊലി കളഞ്ഞ് വീടിന്റെ പലയിടങ്ങളിലായി വെക്കുന്നത് ഒരുപരിധി വരെ എലിയെ തുരത്തും. പഴകിയ ഉള്ളി ദുർ​ഗന്ധം പരത്തുന്നതിനാൽ ഇവ ദിവസവും മാറ്റാനും ശ്രദ്ധിക്കണം.

പ്രാണിശല്യമകറ്റാൻ മാത്രമല്ല എലികളെ തുരത്താനും വെളുത്തുള്ളി മികച്ചതാണ്, വെള്ളമെടുത്ത് വെളുത്തുള്ളി കഷ്ണങ്ങളാക്കി സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വീടിന്റെ പ്രവേശന ഭാ​ഗങ്ങളിൽ വെളുത്തുള്ളി അല്ലികളാക്കി വെക്കുന്നതും ഗുണം ചെയ്യും. . ഒരു തുണിയിൽ അൽപം കറുവാപ്പട്ടയെടുത്ത് മൂടി എലിവരാനിടയുള്ള ഭാ​ഗങ്ങളിൽ വെക്കാം. രൂക്ഷ​ഗന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവയാണ് എലികൾ. ചെറിയ പാത്രങ്ങളിലോ അതല്ലെങ്കിൽ സ്പ്രേ ബോട്ടിലിലോ അമോണിയ കലക്കി എലി വരാനിടയുള്ള ഭാ​ഗങ്ങളിൽ വെക്കുന്നതും എലി ശല്യം അകറ്റുന്നതിന് നല്ലതാണ്.