ftftf

കാബൂൾ : രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും രൂക്ഷമായതോടെ ജോലിക്കാർക്ക് ശമ്പളമായി പണത്തിന് പകരം ഗോതമ്പ് പോലുള്ള ധാന്യങ്ങൾ നല്കുന്ന പദ്ധതി പ്രഖ്യാപിച്ച് താലിബാൻ ഇടക്കാല സർക്കാർ. ജോലിക്ക് പകരം ആഹാരം പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രിഅബ്ദുൾ റഹ്മാൻ റഷീദ്,​ കാബൂൾ മേയർ ഹമ്ദുള്ള നൊമാനി എന്നിവർ ചേർന്ന് നിർവഹിച്ചു.

രാജ്യത്തെ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പദ്ധതി നടപ്പാക്കുമെന്നും രാജ്യതലസ്ഥാനമായ കാബൂളിൽ മാത്രം 40000 പേർക്ക് ഈ പദ്ധതിയിലൂടെ പ്രയോജനമുണ്ടാകുമെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും സബിഹുള്ള കൂട്ടിച്ചേർത്തു. യുദ്ധത്തിൽ സാമ്പത്തികമായി തകർന്നടിഞ്ഞ രാജ്യം പട്ടിണി,​ തൊഴിലില്ലായ്മ,​ വരൾച്ച എന്നിവ മൂലം വലയുന്ന ജനങ്ങൾക്ക് ഈ പദ്ധതി ഗുണകരമാകുമെന്നാണ് താലിബാന്റെ വാദം. ശൈത്യകാലത്തിന്റെ വരവോടെ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന കണക്കു കൂട്ടലിലാണ് ജോലിക്ക് പകരം ഭക്ഷണം പദ്ധതിയുമായി അഫ്ഗാൻ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. രണ്ടു മാസം കൊണ്ട് പദ്ധതിയിലൂടെ 11600 ടൺ ഗോതമ്പ് തലസ്ഥാന നഗരമായ കാബൂളിലും 55000 ടൺ ഗോതമ്പ് രാജ്യത്തെ മറ്റു പ്രദേശങ്ങളിലും വിതരണം ചെയ്യും. പ്രധാനമായും ഹെരാത്ത്,​ ജലാലാബാദ്,​ കാണ്ഡഹാർ,​ മസാർ ഇ ഷെരീഷ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്.

അതേസമയം വടക്കൻ അഫ്ഗാനിൽ പട്ടിണി മൂലം 8 കുട്ടികൾ മരിച്ചെന്ന് മുൻ അഫ്ഗാൻ സർക്കാർ പ്രതിനിധിയായ മുഹമ്മദ് മുഹഖേഖ് അറിയിച്ചു. ഭരണത്തിലെത്തിയ താലിബാൻ സർക്കാരിന് രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാനായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. അഫ്ഗാനിലെ കുട്ടികളെയു ഹസാര ,​ഷിയ വിഭാഗത്തിൽപ്പെട്ട ജനങ്ങളേയും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

അതേ സമയം അഫ്ഗാനും എത്യോപ്യയും ആഗോള ഭീകരരുടെ കേന്ദ്രമായി മാറുകയാണെന്ന് യു.എൻ മേധാവിയെ ധരിപ്പിച്ച് അമേരിക്ക. ഐക്യരാഷ്ട്രസഭയുടെ 75ാം പൊതുയോഗത്തിന്റെ തുടർച്ചയായ ചർച്ചകൾക്കിടെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നേരിട്ട് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസുമായി കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാനിസ്ഥാനിലെ മാറുന്ന സാഹചര്യവും ഭീകരതയുമാണ് പ്രധാന ചർച്ചയായത്. ഇതിനൊപ്പം എത്യോപയുടെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും വടക്കൻ എത്യോപ്യ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടന കളുടെ ആക്രമണങ്ങളും സമാധാന സേനാംഗങ്ങളും ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നതും ചൂണ്ടിക്കാട്ടി.

ആഫ്രിക്കൻ രാജ്യങ്ങളിൽ ഐസിസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ബൊക്കോഹറാമിനെ തുടച്ചു നീക്കേണ്ടത് അത്യാവശ്യമാണെന്നും ബ്ലിങ്കൺ കൂട്ടിച്ചേർത്തു.