പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ പ്രധാന പാടശേഖരമായ കോടനാട് കുട്ടാടം പാടത്ത് മാലിന്യനിക്ഷേപം നടത്തിയതിനെതിരായി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ നേരിട്ട് സ്ഥലത്തെത്തി നിജസ്ഥിതി ബോദ്ധ്യപ്പെട്ടതായും പ്രസിഡന്റ് പറഞ്ഞു. ക്ലീൻ കൂവപ്പടി ഗ്രീൻ കൂവപ്പടി പദ്ധതിയ്ക്ക് തുടക്കം കുറിച്ചതോടെ ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനും അജൈവ മാലിന്യങ്ങൾ പഞ്ചായത്തിന് പുറത്തെ സംസ്കരണ കേന്ദ്രത്തിലേക്ക് കൈമാറാനും അവസരം ഉണ്ടായിരിക്കേ ഇതിന് തയ്യാറാകാതെയാണ് പാടശേഖരത്തിൽ ലോഡ് കണക്കിന് മാലിന്യം കൂട്ടിയിരിക്കുന്നത്. ഇത്തരത്തിൽ മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
വൈസ് പ്രസിസന്റ് ബേബി തോപ്പിലാൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.വി. സുനിൽ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജിജി ശെൽവരാജ്, വാർഡ് അംഗം മായാ കൃഷ്ണകുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.