മുംബയ്: വിവാദങ്ങൾക്ക് തിരികൊളുത്തി മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുളള ബി.ജെ.പി എം.പി സഞ്ജയ് പാട്ടീൽ. ബി.ജെ.പി എം.പിയായതിനാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തന്റെ പിന്നാലെ വരില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങൾക്കായി കേന്ദ്ര സർക്കാർ ഇ.ഡി അടക്കമുളള കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതായ ആരോപണം നിലനിൽക്കെയാണ് ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത്. സാംഗ്ലിയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് സഞ്ജയ് പാട്ടീൽ ഇപ്രകാരം പറഞ്ഞത്.
ഞാൻ ഒരു ബി.ജെ.പി എം.പിയായതിനാൽ ഇ.ഡി എന്റെ പിന്നാലെ വരില്ല. 40 ലക്ഷം രൂപ വിലയുള്ള ഒരു കാർ വാങ്ങാൻ ഞങ്ങൾ വായ്പയെടുക്കണം. ഞങ്ങൾ എത്ര വായ്പ എടുത്തിട്ടുണ്ടെന്ന് കണ്ട് ഇ.ഡി ആശ്ചര്യപ്പെടുമെന്നും സഞ്ജയ് പാട്ടീൽ പറഞ്ഞു. ചോദ്യം ചെയ്യലില്ലാത്തതിനാൽ താൻ ബി.ജെ.പിയിൽ ആയിരിക്കുമ്പോൾ നന്നായി ഉറങ്ങുന്നു എന്ന് ബി.ജെ.പി നേതാവ് ഹർഷവർധൻ പാട്ടീൽ അടുത്തിടെ പറഞ്ഞിരുന്നു. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് സി.ബി.ഐ, ഇ.ഡി, എൻ.സി.ബി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ ആരോപിച്ച ദിവസമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
പൂനെ ജില്ലയിലെ ഇന്ദാപൂരിൽ നിന്നുള്ള മുൻ എം.എൽ.എയായ ഹർഷവർധൻ പാട്ടീൽ 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെയാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ ശിവസേനയും എൻ.സി.പിയും കോൺഗ്രസും കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ തങ്ങളുടെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് പലവട്ടം ആരോപിച്ചിരുന്നു.