ബോളിവുഡിലെ മികച്ച താരജോഡികളാണ് ഷാരൂഖും കാജോളും. കൂടാതെ ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തു കൂടിയാണ് കാജോൾ. ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന കേസിൽ അറസ്റ്റിലായപ്പോൾ സുഹൃത്തിനെ പിന്തുണയ്ക്കാതെ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷവിമർശനമാണ് കാജോളിനെതിരെ ഉയരുന്നത്.
ഇരുവരുടെയും എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യുടെ 26മത്തെ വർഷികവുമായി ബന്ധപ്പെട്ട് കാജോൾ പങ്കുവച്ച പോസ്റ്റിന് താഴെയാണ് ഷാരൂഖ് ആരാധകരുടെ വിമർശനം. "സിമ്രാൻ 26 വർഷം മുമ്പാണ് ആ ട്രെയിൻ പിടിച്ചത്. ആ സ്നേഹത്തിന് ഞങ്ങൾ എല്ലാവരോടും ഇപ്പോഴും നന്ദി അറിയിക്കുന്നു", എന്നായിരുന്നു നടിയുടെ കുറിപ്പ്. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ ഷാരൂഖ് ആരാധകർ രംഗത്ത് വന്നത്.
"ഇത് നിങ്ങളുടെ പിആർ ടീമാണ് ചെയ്തതെങ്കിൽ ലജ്ജയുണ്ട്. നിങ്ങൾ സ്വയം പങ്കുവച്ചാതാണെങ്കിൽ അതേറെ വേദനിപ്പിക്കുന്നു. ഉറ്റസുഹൃത്ത് കടുത്ത വിഷമതകളിലൂടെ കടന്നുപോകുകയാണ്, ആര്യന് ജാമ്യം നിരസിക്കപ്പെട്ട സമയത്താണ് നിങ്ങളുടെ ഈ പോസ്റ്റ്. എന്താണ് നിങ്ങൾക്ക് പറ്റിയത്" എന്നായിരുന്നു ഒരാൾ കുറിച്ചത്.