റിയാദ്: സൗദി ഫാൽക്കൺ ക്ലബ് ശനിയാഴ്ച സംഘടിപ്പിച്ച ലേലത്തിൽ സൗദി പൗരൻ 405,000 റിയാലിന് പ്രാപ്പിടിയനെ വിറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസത്തെ കാത്തിരിപ്പിനും നിരവധി ശ്രമങ്ങൾക്കൊടുവിൽ രാജ്യത്തിന്റെ വടക്കൻ മേഖലയിലെ തുവാരിഫിൽ നിന്നാണ് ഷാദി പ്രാപ്പിടിയനെ പിടിച്ചത്. തന്റെ മകനെ സഹായിക്കാനും വിവാഹച്ചെലവ് വഹിക്കാനും പണം ഉപയോഗിക്കുമെന്ന് ഇയാൾ പറഞ്ഞു.
ഇത്രയും വലിയ തുകയ്ക്ക് പ്രാപ്പിടിയനെ വിൽക്കാനായതിൽ ഷാദി സന്തോഷം പ്രകടിപ്പിച്ചു. ചെറുപ്പം മുതലേ പ്രാപ്പിടിയനെ വേട്ടയാടാൻ ഞാൻ എന്റെ പിതാവിനൊപ്പം പോകാറുണ്ടായിരുന്നു. തന്റെ പിൻമുറക്കാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഒരു വിനോദമാണിത്. എന്നാൽ സൗദി ഫാൽക്കൺ ക്ലബിന്റെ ലേലത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 100,000 റിയാലിൽ ആയിരുന്നു പക്ഷിയുടെ ലേലം ആരംഭിച്ചത്.
ഒക്‌ടോബർ ഒന്നിന് ആരംഭിച്ച് നവംബർ 15 വരെ നീളുന്ന പ്രാപ്പിടിയൻ ലേലത്തിൽ നാടൻ ഇനങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ വർഷം നടന്ന പ്രാദേശിക പ്രാപ്പിടിയൻ ലേലത്തിന്റെ ആദ്യ പതിപ്പ് ഉയർന്ന ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. അറേബ്യൻ ഗൾഫിലെ ഒരു ജനപ്രിയ ഹോബിയും സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകവുമാണ് ഫാൽക്കൺറി.