urus

കൊച്ചി: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോഡായ ലഡാക്കിലെ ഉംലിംഗ്‌ ലാ പാസിൽ മുത്തമിട്ട് പ്രമുഖ ഇറ്റാലിയൻ സൂപ്പർ ലക്ഷ്വറി കാർ നിർമ്മാതാക്കളായ ലംബോർഗിനിയുടെ ഉറൂസ്. സമുദ്രനിരപ്പിൽ നിന്ന് 19,​300 അടി ഉയരത്തിലുള്ള ഉംലിംഗ്‌ ലാ പാസ് കീഴടക്കിയതോടെ,​ ഇത്രയും ഉയരത്തിലെത്തുന്ന ആദ്യ ലംബോർഗിനി മോഡലെന്ന പട്ടവും ഉറൂസ് ചൂടി.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി.ആർ.ഒ)​ ആണ് ഉംലിംഗ് ലാ പാസ് നിർമ്മിച്ചത്. മൈനസ് 20 ഡിഗ്രിവരെ തണുപ്പ്,​ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന തണുപ്പൻ കാറ്റ്,​ താണ്ടാൻ പ്രയാസമുള്ള റോഡ് എന്നിങ്ങനെ വെല്ലുവിളികൾ നിറഞ്ഞതാണ് ഉംലിംഗ് ലാ പാസ്.

ബൈക്കിലും മറ്റും ലഡാക്കും ഹിമാലയവും കറങ്ങുന്ന ക്രൂസർമാരുടെ ഇഷ്‌ടകേന്ദമാണ് ഉംലിംഗ് ലാ പാസ്. ഉറൂസിന് കരുത്തുറ്റ 4-ലിറ്റർ,​ ട്വിൻടർബോ,​ വി8 എൻജിനാണുള്ളത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടാൻ 3.6 സെക്കൻഡ് മതി. ടോപ് സ്‌പീഡ് 305 കിലോമീറ്റർ. എൻജിന്റെ കരുത്ത് 641 എച്ച്.പി. ടോർക്ക് 850 എൻ.എം. ₹3 കോടിയാണ് എക്‌സ്‌ഷോറൂം വില.