തിരുവനന്തപുരം : പേരൂര്‍ക്കടയില്‍ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ വിവാദത്തില്‍ പ്രതികരിച്ച് അനുപമയുടെ അച്ഛന് എസ്.ജയചന്ദ്രന്. കുഞ്ഞിനെ അനുപമയില്‍ നിന്നും എടുത്തുമാറ്റി ദത്ത് നല്‍കിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാനാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജയചന്ദ്രന് പറഞ്ഞു. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഡിഗ്രി അവസാന വര്‍ഷമാകുന്ന സമയത്താണ് മകള്‍ അജിത്തുമായി പ്രണയത്തിലാകുന്നത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. എന്നാല്‍ അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകര്‍ത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇങ്ങനെയുളള ഒരാളുമായി ബന്ധം വേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവള് അതൊന്നും കേള്‍ക്കാന്‍ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് അനുപമ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.'
'അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് അവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു? ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കില്‍ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും ആഗ്രഹിച്ചിരുന്നു.'
'കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കാനുള്ള അനുപമയുടെ തീരുമാനത്തെ ഞാന്‍ പിന്തുണച്ചിരുന്നു. കുഞ്ഞിനെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും ഞാന്‍ എതിര്‍ത്തിട്ടില്ല. ഇത് നിയമപരമായ പ്രശ്നമാണ്. ഇതില്‍ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ജയചന്ദ്രന് പറഞ്ഞു.
അതേസമയം അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയെന്ന കേസിൽ പരാതിക്കാരിയായ അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ചുപേർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അനുപമയുടെ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, അനുപമയുടെ പിതാവ് പി.എസ്.ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശൻ, മുൻ വാർഡ് കൗൺസിലർ അനിൽകുമാർ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. ഹർജി ഈ മാസം 28ന് കോടതി പരിഗണിക്കും.
പേരൂർക്കട പൊലീസ് പിതാവ് ജയചന്ദ്രനടക്കം ആറുപേരെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ജയചന്ദ്രൻ മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് എന്നാണ് ജാമ്യ ഹർജിയിലെ പ്രധാന വാദം. മാത്രമല്ല സഹോദരി അഞ്ജുവിന്റെ കല്യാണം നടന്നത് കുഞ്ഞിനെ കൈമാറിയ ശേഷമാണ്. വിവാഹത്തിൽ അനുപമ വളരെ സന്തോഷവതിയായി പങ്കെടുത്തതിന് തെളിവുണ്ട്. അനുപമയെ വീട്ടുതടങ്കലിലാക്കിയിരുന്നു എന്ന വാദം ശരിയല്ല.
അനുപമയും അജിത്തും ഭാര്യാ ഭർത്താക്കന്മാരായിരുന്നില്ല. ലീവിംഗ് ടുഗെദർ ആയിരുന്നു. അജിത്തിന്റെ ആദ്യ വിവാഹ മോചനം കഴിഞ്ഞ് ഇവർ ഒന്നിച്ച ശേഷമാണ് കുഞ്ഞിന്റെ ആവശ്യവുമായി രംഗത്ത് വന്നത്. കുഞ്ഞിനെ കൈമാറി ആറുമാസം കഴിഞ്ഞാണ് അനുപമ പരാതി ഉന്നയിച്ചതെന്ന വാദവും ജാമ്യാപേക്ഷയിൽ ഉന്നയിച്ചിട്ടുണ്ട്.