തിരുവനന്തപുരം: ദത്ത് വിവാദത്തിൽ തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി ഗീനാകുമാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ അനുപമ. ഗീനാകുമാരി തന്നെയും പങ്കാളിയേയും തെറ്റിദ്ധരിപ്പിച്ച് അകറ്റാൻ ശ്രമിച്ചെന്നും, കുഞ്ഞിനെ ഒഴിവാക്കാൻ പ്രേരിപ്പിച്ചെന്നും അനുപമ ആരോപിക്കുന്നു.
സിപിഎം നേതാവുകൂടിയായ ഗീനാകുമാരി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ തെറ്റിദ്ധരിപ്പിച്ചെന്നും അനുപമ പറഞ്ഞു. തന്റെ പരാതി അന്വേഷിക്കാൻ വൃന്ദ കാരാട്ട് വിളിച്ചപ്പോൾ കുട്ടി അബോർട്ടായെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുവെന്ന് അനുപമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
എന്നാൽ താൻ അനുപമയോട് സംസാരിച്ചിട്ടില്ലെന്ന് ഗീനാകുമാരി പ്രതികരിച്ചു. വൃന്ദ കാരാട്ടിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, വൃന്ദ കാരാട്ടിനോട് തന്നെ ഇക്കാര്യം ചോദിക്കാമെന്നും ഗീനാകുമാരി വ്യക്തമാക്കി.