award

ന്യൂഡൽഹി: 67ാമത് ദേശീയ ചലച്ചിത്ര പുരസ് കാരങ്ങൾ ഇന്ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സമ്മാനിക്കും.മികച്ച ചിത്രമായ പ്രിയദർശൻ, മോഹൻലാൽ ടീമിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം' അടക്കം പുരസ്‌കാരവേദിൽ മലയാളി തിളക്കം കൊണ്ട് ശ്രദ്ധേയമാകും. പതിമൂന്ന് പുരസ്‌കാരങ്ങളാണു മലയാളത്തിനുള്ളത്.

തമിഴ് നടൻ ധനുഷ്, ബോളിവുഡ് താരം മനോജ് ബാജ്‌പേയ് എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. കങ്കണാ റണൗട്ടാണ് മികച്ച നടി.

സാധാരണ രാഷ്ട്രപതിയാണ് ദേശീയ സിനിമാ അവാർഡുകൾ വിതരണം ചെയ്തിരുന്നത്. രണ്ടു വർഷമായി ഉപരാഷ്ട്രപതിയാണു അവാർഡ് സമ്മാനിക്കുന്നത്. നേരിട്ട് വാങ്ങാത്തവർക്ക് അവാർഡ് അയച്ചുകൊടുക്കുന്നതും അവസാനിപ്പിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങാൻ സാധിച്ചില്ലെങ്കിൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിന്റെ ഡൽഹി ആസ്ഥാനത്ത് നിന്ന് നേരിട്ട് കൈപ്പറ്റണം.

2018ൽ 65ാമത് ദേശീശ ചലച്ചിത്ര പുരസ്‌കാരങ്ങൾ എല്ലാം രാഷ്ട്രപതി വിതരണം ചെയ്യാതിരുന്നതു വിവാദമായിരുന്നു. ജേതാക്കളിൽ വലിയൊരു വിഭാഗം ഇതിൽ പ്രതിഷേധിച്ചു ചടങ്ങ് ബഹിഷ്‌കരിച്ചു. തുടർന്നാണ് കഴിഞ്ഞ വർഷം ഉപരാഷ്ട്രപതി അവാർഡ് ദാനച്ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത്‌.