വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിനെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും രൂക്ഷ വിമർശനം ഉയർന്നിരുന്നു. അപകടം ഉണ്ടായതിന് ശേഷം വണ്ടി നിർത്താതെ പോയതും, തുടർന്ന് നടി നൽകിയ വിശദീകരണവുമൊക്കെയായിരുന്നു വിമർശനങ്ങൾക്ക് കാരണമായത്.
താനൊരു നടിയാണല്ലോ, ആളുകൾ കൂടിയാൽ എങ്ങനെയാകും പ്രതികരിക്കുക എന്ന് പേടിച്ചാണ് വണ്ടി നിർത്താതിരുന്നത് എന്നായിരുന്നു നടിയുടെ ന്യായീകരണം. വാഹനം ഇടിച്ച് ആൾ മരിച്ചാലും ഇങ്ങനെ തന്നെയാണോ നടി ചെയ്യുക എന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നുയർന്ന പ്രധാന ചോദ്യം. പിന്നാലെ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഗായത്രി സുരേഷിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ശാന്തിവിള ദിനേശ്. അപകടം നടക്കുന്ന സമയത്ത് ഗായത്രിയും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് തനിക്കു സംശയമുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. നടിക്കെതിരെ അമ്മ സംഘടന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഒന്നോ രണ്ടോ സിനിമകളിൽ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി. ജമ്‌നാപ്യാരി അടക്കം വിരലിലെണ്ണാവുന്ന ചിത്രമേ അവർ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയിൽ ഏതോ ബാങ്കിൽ ജോലിയുണ്ടെന്നും നടിയുടെ ബയോഡേറ്റയിൽ പറയുന്നു. ഇരുപത്തിയൊൻപതുകാരി അവരുടെ കാറിൽ, ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയിൽ. തിരക്കുള്ള നഗരമാണ് കൊച്ചി. അവർ ലഹരി ഉപയോഗിച്ചോ എന്ന് സംശയമുണ്ട്. വണ്ടി ഇടിച്ചു. അയാൾ ഗായത്രിയുടെ സുഹൃത്തോ കാമുകനോ ആരാണെന്ന് അറിയില്ല. അയാൾ കാറിൽനിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കിയതേയില്ല. അതാണ് പ്രശ്‌നം വഷളാക്കിയത്.'- ശാന്തിവിള പറഞ്ഞു.
അപകടത്തിന്റെ വീഡിയോ അയച്ച് തന്നവർ ഇതിലുള്ളതൊരു സീരിയൽ നടിയാണെന്ന് തോന്നുന്നുവെന്ന് പറഞ്ഞു. ഇവരെക്കുറിച്ച് അന്വേഷിക്കാൻ സീരിയലിൽ പ്രവർത്തിക്കുന്നവർക്ക് വീഡിയോ നൽകി. സീരിയലിൽ ഇങ്ങനൊരു ആളില്ലെന്നായിരുന്നു മറുപടി. അങ്ങനൊരു 'ഐശ്വര്യാ റായ്' ഒന്നുമല്ല ഇവർ. നടിയാണെന്ന് പോലും ആർക്കുമറിയില്ല. പിന്നീടാണ് ജമ്‌നാപ്യാരിയിൽ അഭിനയിച്ച ഗായത്രിയാണെന്ന് അറിയുന്നത്. സംഭവത്തിൽ കേസെടുത്തോ എന്നറിയില്ല. പ്രശ്‌നം തീർത്തു എന്ന് വിചാരിച്ചപ്പോഴാണ് ഗായത്രി പുതിയ വങ്കത്തരങ്ങൾ ഒപ്പിച്ചതെന്ന് ശാന്തിവിള വിമർശിച്ചു.
'കേരളത്തിലെ ജനസംഖ്യയൊക്കെ പറഞ്ഞ് അവർ നൽകിയ അഭിമുഖം മുഴുവൻ അബദ്ധങ്ങളായിരുന്നു. നടിയുടെ അറിവിലേക്കു പറയട്ടെ 2021 വരെ കേരളത്തിൽ 3 കോടി 46 ലക്ഷം ആളുകളുണ്ട്. ഇനിയെങ്കിലും ഇത്തരം അബദ്ധങ്ങൾ പറയരുത്.ആ മൂന്ന് കോടിയിൽ ഒരു ലക്ഷം പേർ തെറിവിളിക്കട്ടെ, ബാക്കി രണ്ടേ മുക്കാൽക്കോടി പേർ തനിക്കൊപ്പമുണ്ടെന്നൊക്കെയാണ് ഗായത്രി പറയുന്നത്. മൂന്ന് കോടിയിൽ നിന്ന് ഒരുലക്ഷം മാറ്റിയാൽ എങ്ങനെ രണ്ടേമുക്കാൽ കോടിയാകും? ഇവർ ഏത് സ്‌കൂളിലാണ് പഠിച്ചത്. എങ്ങനെയാണ് ഇവർ ബാങ്കിൽ ജോലി ചെയ്യുന്നത്. ഇവരുടെ പടത്തിന്റെ പോസ്റ്റർ ഇനി പതിക്കുമ്പോൾ നാട്ടുകാര് പറയില്ലേ, ഇത് എറണാകുളത്ത് വെള്ളമടിച്ച് അപകടമുണ്ടായ നടിയല്ലേ എന്ന്. നിങ്ങളുടെ കരിയറിനെ അത് ബാധിക്കില്ലേ.' അദ്ദേഹം ചോദിക്കുന്നു.
അപകട സമയത്ത് ഗായത്രി ലഹരി മരുന്ന് ഉപയോഗിച്ചതായി റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിളയുടെ ആരോപണം. ഇതിനുമുൻപും സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ പ്രതികരിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു.