കൗമുദിയുടെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പുതിയ സിറ്റ്കോം പരമ്പര ലേഡീസ് റൂം യുവതലമുറയുടെ ട്രൻഡ് ആകുന്നു. വ്യത്യസ്ത സ്വഭാവ രീതിയിലുള്ള നാല് പെൺകുട്ടികൾ ഒരുമിച്ച് ഒരു ഹോസ്റ്റലിൽ താമസിക്കുമ്പോൾ ഉണ്ടാകുന്ന നർമ്മം നിറഞ്ഞ സംഭവങ്ങളാണ് ലേഡീസ് റൂമിന്റെ ഇതിവൃത്തം.
ഇവരിൽ ഒരാളായ മുഖ്യകഥാപാത്രത്തെയാണ് ട്രാൻസ്‌ജെന്റർ വിഭാഗത്തിൽപെട്ട കൊല്ലം സ്വദേശിയായ കനിമോൾ അവതരിപ്പിക്കുന്നത്. ഒരു ട്രാൻസ്‌ജെന്റർ അഭിനേത്രി, ടിവി പരമ്പരയിൽ പ്രധാനകഥാപത്രത്തെ അവതരിപ്പിക്കുന്നുവെന്നതും പരമ്പരയെ വ്യത്യസ്തമാക്കുന്നു. 5 പ്രധാനസ്ത്രീകഥാപാത്രങ്ങളിൽ ഒരാളായ റിയ എന്ന കഥാപാത്രത്തെയാണ് കനിമോൾ യാഥാർത്ഥ്യമാക്കുന്നത്.
കൗമുദി ടീവി നിർമ്മിക്കുന്ന, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ലേഡീസ് റൂമിൽ കനിമോളെ കൂടാതെ ഉപ്പും മുളക് ഫെയിം അശ്വതി നായർ കുടുംബവിളക്കിലൂടെ പരിചിതയായ അമൃത നായർ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശീതൾ, അഞ്ചു റോഷ്,കുട്ടി അഖിൽ,ബിനോജ്, ഡയാന തോമസ്,രാഹുൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
കുടുംബസദസ്സുകളിൽ സിനിമയേക്കാള്‍ കൂടുതല്‍ സ്വീകാര്യതയും സ്വാധീനവും സീരിയലുകള്‍ക്ക് ഉണ്ടെന്നുതന്നെ പറയാം. സീരിയലുകള്‍ തെറ്റായ സന്ദേശം നല്‍കി പ്രേക്ഷകരെ വഴിതെറ്റിക്കുന്നു എന്ന പഴി നിലനിൽക്കുമ്പോഴാണ് ലേഡീസ് റൂം പോലുള്ള സിറ്റ്കോമുകൾ പ്രാധാന്യം അർഹിക്കുന്നത്. ദൈനംദിനജീവിത സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതിനാൽ പ്രായഭേദമന്യേയുള്ള ആസ്വാദനമാണ് ലേഡീസ് റൂം പോലുള്ള പരമ്പരകൾ ഉറപ്പാക്കുന്നത്.
സിറ്റ്കോം പരമ്പരകളിലൂടെ പ്രശസ്തനായ രാജേഷ് തലച്ചിറയാണ് ലേഡീസ് റൂമിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നത് ഷബീർ ബി എൻ. കൗമുദിയുടെ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും ഈ പരമ്പര കാണാവുന്നതാണ്.