enfield-helmet

ന്യൂഡൽഹി: റോയൽ എൻഫീൽഡിന്റെ 120-ാം വാർഷികം പ്രമാണിച്ച് 120 ലിമിറ്റഡ് എഡിഷൻ ഹെൽമെറ്റുകൾ പുറത്തിറക്കുന്നു. ഹെൽമറ്റുകളുടെ നിർമാണവും ഡിസൈനും എൻഫീൽഡ് കമ്പനി നേരിട്ട് തന്നെയാണ് നിർവഹിക്കുന്നത്. കമ്പനിയുടെ 120 വർഷത്തെ ചരിത്രമാണ് ഈ ഹെൽമറ്റുകളിലൂടെ കമ്പനി പറയാൻ ഉദ്ദേശിക്കുന്നത്. ഹെൽമറ്റിലെ ഓരോ ഡിസൈനും ചിത്രപണികളും കൈകൊണ്ട് പ്രത്യേകമായി വരച്ചതാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ലിമിറ്റഡ് എഡിഷൻ ഹെൽമെറ്റുകൾ ട്രിപ്പിൾ സർട്ടിഫിക്കേഷൻ, ഐ എസ് ഐ, ഡോട്ട, ഇ സി ഇ സർട്ടിഫിക്കറ്റുകൾ നേടിയവയാണ്. ഓപ്പൺ ഫേസ് ഹെൽമെറ്റുകൾക്ക് 6,950 രൂപയ്ക്കും ഫുൾ ഫേസ് ഹെൽമെറ്റുകൾക്ക് 8,450 രൂപയുമാണ് വിലവരുന്നത്. എൻഫീൽഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആവശ്യക്കാർക്ക് ഈ ഹെൽമെറ്റുകൾ വാങ്ങുന്നതിന് രജിസ്റ്റർ ചെയ്യാം. ഈയാഴ്ച മുതൽ അടുത്ത ആറ് ആഴ്‌ച വരെ രണ്ട് ഹെൽമെറ്റുകളുടെ ഡിസൈനുകൾ വെബ്സൈറ്റ് വഴി കമ്പനി പുറത്തിറക്കും.