എന്തിനും ഏതിനും ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരായി മാറിയിരിക്കുകയാണ് മനുഷ്യർ. അതിന് പണക്കാരെന്നോ പാവപ്പെട്ടവരെന്നോയുള്ള വേർതിരിവുകളൊന്നുമില്ല. ഇന്നിപ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളില്ലാത്തവരും ചുരുക്കമാണ്. ഓൺലൈനിലേക്ക് ജീവിതം മാറിയതോടെ ഡേറ്റിംഗ് ആപ്പിന്റെയും ഉപയോഗം വർദ്ധിച്ചുന്നുവെന്ന് വേണം പറയാൻ. ഇപ്പോഴിതാ വളരെ വ്യത്യസ്‌തമായ ഒരു വാർത്തയാണ് യു.എസിൽ നിന്നും പുറത്തു വരുന്നത്. കൊവിഡ് കാലത്ത് ഡേറ്റിംഗ് ആപ്പിൽ സജീവമായ ഒരു യുവാവ് ഒരു ഡേറ്റിംഗ് കമ്പനിക്കെതിരെ പരാതി നൽകിയിരിക്കുകയാണ്. ആവശ്യത്തിന് പെൺകുട്ടികളെ ഡേറ്റിംഗ് സൈറ്റിൽ കിട്ടുന്നില്ലെന്നതാണ് വാർത്ത. വളരെ കുറച്ച് പെൺകുട്ടികൾ മാത്രമേ ഈ സൈറ്റിലുള്ളെന്ന് കാട്ടി ഇയാൻ ക്രോസ് എന്ന 29 കാരനാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഡെൻവർ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നു. ഡെൻവർ ഡേറ്റിംഗ് കോ എന്ന ആപ്പിന്റെ സർവീസ് പ്രൊവൈഡറായ എച്ച്.എം.സെഡിനെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.
കമ്പനിക്കെതിരെ വഞ്ചനാക്കുറ്റത്തിനാണ് യുവാവ് കേസ് നൽകിയിരിക്കുന്നത്. ആപ്പിന്റെ യഥാർത്ഥ അവസ്ഥ മറച്ചുവച്ച് ഉപഭോക്താക്കളെ പറ്റിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ആരോപണം ഉന്നയിക്കുന്നുണ്ട്. 25 മുതൽ 35 വരെയുള്ള നിരവധി പെൺകുട്ടികൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന ആപ്പിന്റെ അവകാശവാദത്തിൽ വിശ്വസിച്ചാണ് താൻ ചേർന്നതെന്നും യുവാവ് പറയുന്നു. പക്ഷേ, നല്ലൊരു തുക ചെലവഴിച്ച് മെമ്പർഷിപ്പ് എടുത്തപ്പോഴാണ് ആകെ അഞ്ചു യുവതികൾ മാത്രമാണ് ആ പ്രായപരിധിയിലുള്ളതെന്ന് താൻ അറിഞ്ഞതെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.