stalin

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137അടിയായി ഉയർന്നതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഔദ്യോഗിക സോഷ്യൽമീഡിയാ പേജുകളിൽ മലയാളികളുടെ കമന്റ് പ്രവാഹം.

ലക്ഷക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കണമെന്നുമാണ് മലയാളികളുടെ ആവശ്യം.

#DecommissionMullapperiyaDam, #SaveKerala തുടങ്ങിയ ഹാഷ് ടാഗുകളും അഭ്യർത്ഥനയ്ക്കൊപ്പമുണ്ട്.

വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവൻ എടുക്കരുത്,

സർ ഞങ്ങളും ജീവിക്കാൻ ആഗ്രഹിക്കുന്നു, അറബികടലും തെക്കുകിഴക്കൻ മൺസൂണും സഹ്യനുമുള്ളടത്തോളം കാലം ആ വെള്ളം നിങ്ങൾക്ക് തരാൻ ഞങ്ങൾക്കൊരു മടിയുമില്ല, മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം മുഴുവൻ നിങ്ങൾ എടുത്തോളൂ, ഡാം ഒന്ന് പുതുക്കി പണിയാൻ സമ്മതിക്കൂ. ഇല്ലെങ്കിൽ ഒരു ജനത മുഴുവൻ ഇല്ലാതെ ആകും തുടങ്ങിയവയാണ് കമന്റുകൾ.

ഡികമ്മിഷൻ ചെയ്യാൻ എത്രയും പെട്ടെന്ന് തമിഴ്നാടിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.

സിനിമാതാരങ്ങളും സാമൂഹ്യപ്രവർത്തകരും ഡാം ഡി കമ്മിഷൻ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി. 125 വർഷംപഴക്കമുള്ള മുല്ലപ്പെരിയാർ ഇനിയും മുമ്പോട്ട് കൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമ്മിച്ച അണക്കെട്ടിന് ബലക്ഷയമുണ്ടെന്നും ജലനിരപ്പ് ഉയരുന്നത് തകർച്ചയ്ക്ക് വഴിവയ്ക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.