സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രെയിനുപയോഗിച്ച് പൊക്കിയെടുക്കുന്ന ഒരു ഭീമൻ പാമ്പിന്റെ വീഡിയോ വൈറലായിരുന്നു. ജാർഖണ്ഡിലെ ധൻബാദിൽ നിന്നുള്ള വീഡിയോ എന്ന പേരിലായിരുന്നു സംഭവം പ്രചരിച്ചത്.
എന്നാൽ അത് ധൻബാദിൽ നിന്നുള്ള പാമ്പല്ലെന്നും കരീബിയിൻ കാടുകളിലെ പാമ്പാണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. 100 കിലോഗ്രാം ഭാരവും 6.1 മീറ്റർ നീളവുമുള്ള ഈ പെരുമ്പാമ്പിനെ ജാർഖണ്ഡിലെ ധൻബാദിൽ മാറ്റാൻ ഒരു ക്രെയിൻ വേണ്ടി വന്നു എന്ന് രാജ്യസഭാംഗം, പരിമൾ നത്വാനി വീഡിയോ സഹിതം പോസ്റ്റ് ചെയ്‌തതോടെ സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അവസാനം സംഗതി അന്വേഷിച്ച് പോയപ്പോഴാണ് സോഷ്യൽ മീഡിയ സത്യാവസ്ഥ തിരിച്ചറിഞ്ഞത്.
കരീബിയനിലെ മഴക്കാടുകൾ വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളികളാണ് ഈ പാമ്പിനെ കാണുന്നത്. ചത്ത പാമ്പിനെ മാറ്റാൻ പരമാവധി ശ്രമിച്ചെങ്കിലും തങ്ങളെക്കൊണ്ട് പറ്റാതെ വന്നപ്പോൾ അവർ തന്നെ ക്രെയിൻ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടയിൽ സംഗതി ആരോ വീഡിയോയിൽ പകർത്തി. 'ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ' എന്ന പേരിൽ പ്രചരിക്കാനും തുടങ്ങി. എന്തായാലും 8 കോടിയിലധികം പേരാണ് വീഡിയോ ടിക്ടോക്കിൽ കണ്ടത്. എന്നാൽ പാമ്പിനെ ഉയർത്തുന്ന വീഡിയോ മാത്രമല്ല, പാമ്പിന്റെ വലിപ്പവും ഭാരവും കാരണം ട്രക്കിൽ കയറ്റാൻ പാടുപെടുന്ന മറ്റൊരു വീഡിയോയുമുണ്ട് എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പക്ഷേ, ഏത് ഇനത്തിൽപെട്ട പാമ്പാണ് ഇതെന്ന് ഇപ്പോഴും വ്യക്തമല്ല.