പാലക്കുന്ന്(കാസർകോട്): സ്വന്തമായി കൃഷി ചെയ്യാനിടമില്ലെങ്കിലും ഉദുമ പാക്യാരയിലെ സഞ്ജീവനും വർഷങ്ങളായി നാട്ടിൽ അറിയപ്പെടുന്നത് അദ്ധ്വാനപ്രിയനായ കർഷകനായിട്ടാണ്. നെൽകൃഷിയോടുള്ള അടങ്ങാത്ത ആവേശമാണ് പതിറ്റാണ്ടുകളായി പാട്ടത്തിനെടുത്ത സ്ഥലത്ത് നെൽകൃഷി ചെയ്യാൻ സഞ്ജീവനെ പ്രേരിപ്പിക്കുന്നത്. സ്ഥലമുടമകൾക്ക് വാടകയായി നൽകുന്നത് കൊയ്‌തെടുത്ത നെല്ലിന്റെ ഒരു ഭാഗം. ഏക്കർ കണക്കിന് വയലിൽ കൃഷി ചെയ്തിട്ടുണ്ടെങ്കിലും ആ ഭൂമിയുടെ കരം ഒടുക്കിയ രസീത് ഇല്ലാത്തതിനാൽ സർക്കാർ നൽകുന്ന വിലയ്ക്കിത് കൈമാറാനും സാധിക്കുന്നില്ല.
പാടത്ത് പണിയെടുക്കാൻ ആളെ കിട്ടിയാൽ തന്നെ കൂലികൊടുക്കാനും ബുദ്ധിമുട്ടുന്നു. മെച്ചപ്പെട്ട വരുമാനം ഉണ്ടായിട്ടില്ലെങ്കിലും ഭക്ഷണത്തിനായി പണം കൊടുത്ത് അരി വാങ്ങേണ്ടി വന്നിട്ടില്ല ഇതുവരെയും ഈ കർഷക കുടുംബത്തിന്. അദ്ധ്വാനവും അതിലൂടെ കിട്ടുന്ന ആനന്ദവും കൊണ്ട് പട്ടിണി മാറ്റാനാവില്ലെന്ന് നന്നായി അറിയാവുന്ന സഞ്ജീവൻ പശുവളർത്തലും തുടങ്ങി. ഇപ്പോൾ ക്ഷീരകർഷകനുമായ സഞ്ജീവന്റെ തൊഴുത്തിൽ ആറു പശുക്കളുമുണ്ട്. അത്‌കൊണ്ട് ജീവിതത്തിന് മുട്ടലില്ലെന്ന് ഈ കർഷകൻ പറയുന്നു.
പാക്യാരയിലെ നാല് സെന്റ് ഭൂമിയിൽ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ വീട്ടിൽ താമസിക്കുന്ന സഞ്ജീവന് മൂന്ന് പെണ്മക്കൾ. പാടത്തെ അദ്ധ്വാനം കഴിഞ്ഞാൽ നാടൻ പണിചെയ്തും മക്കളെ പഠിപ്പിച്ചു. രണ്ടു പേരെയും കെട്ടിച്ചയച്ചു. ടി.ടി.സി. പാസായ ഇളയവൾ പി.എസ്.സി. റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടിട്ടുണ്ട്. കരിപ്പോടി പാടത്ത് സഞ്ജീവനും ഭാര്യ സരോജിനിയും ഇത്തവണ വിളയിറക്കിയ ജീരകശാല കൊയ്യുന്നതറിഞ്ഞ പതിനെട്ടാം വാർഡ് അംഗം സൈനബ അബൂബക്കറോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിയും പത്താം വാർഡ് അംഗം കസ്തൂരി ബാലനും കരിപ്പോടി പാടത്തെത്തി. കൊയ്ത്ത് ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു. കൊയ്‌തെടുത്ത നെല്ലിന് വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് കർഷക ദമ്പതികൾ.