ghfgffg

ബാഗ്ദാദ്: ഇറാഖിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വൈൻ നിർമാണശാല കണ്ടെത്തി പുരാവസ്തു ഗവേഷകർ. അസീറിയൻ രാജാക്കൻമാരുടെ ഭരണകാലത്ത് വാണിജ്യാടിസ്ഥാനത്തിൽ വൈൻ ഉത്പാദിപ്പിക്കാനായി നിർമ്മിച്ച വൈൻ ഫാക്ട്റിയുടെ അവശേഷിപ്പുകളാണിതെന്നാണ് റിപ്പോർട്ടുകൾ. 2700 വർഷത്തോളം പഴക്കമുള്ള ഈ വൈൻ നിർമ്മാണശാല ഇറാഖിലെ ദോഹുകിന് സമീപമുള്ള പ്രദേശത്തുനിന്നാണ് ഇവ കണ്ടെത്തിയത്.

മുന്തിരി പിഴിഞ്ഞെടുക്കാനും നീര് വേർതിരിക്കാനും ഉപയോഗിച്ച പ്രസ്സറുകൾ ഉൾപ്പെടെയുള്ള 14 വസ്തുക്കളും ഇവിടെ നിന്ന് ലഭിച്ചു. ഇതിന് പുറമേ രാജകുടുംബത്തിന്റേതെന്ന് കരുതപ്പെടുന്ന അമൂല്യ ശിലാ ശിൽപങ്ങളും കണ്ടെത്താനായിട്ടുണ്ട്. വടക്കൻ ഇറാഖിലെ ഫയ്ഡ മേഖലയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഒരു കനാലിന്റെ മതിലുകളിലായിരുന്നു ശിലാശിൽപങ്ങൾ കണ്ടെത്തിയതെന്ന് ദോഹുക് പുരാവസ്തു വകുപ്പിലെ ഗവേഷകർ പറഞ്ഞു. അഞ്ച് മീറ്റർ വീതിയും രണ്ട് മീറ്റർ ഉയരവുമുള്ള ശില്പ്പങ്ങളിൽ അസീരിയൻ കാലത്തെ ദൈവങ്ങൾ, രാജക്കൻമാർ, മൃഗങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. സർഗോൺ രണ്ടാമൻ രാജാവിന്റെയും അദ്ദേഹത്തിന്റെ മകൻ സൊൻഹേരിബിന്റെയും ഭരണകാലത്തുള്ളവയാണ് ഇവയെന്നാണ് ഗവേഷകരുടെ നിഗമനം. അസീറിയൻ രാജാക്കൻമാരുടെ കാലത്ത് കർഷകരുടെ കൃഷിയിടങ്ങളിലേക്കായി വെള്ളം എത്തിക്കാനായി നിർമിച്ചതാണ് ശിൽപം കണ്ടെത്തിയ കനാൽ. ഇറാഖിൽ ഇതുവരെ കണ്ടെടുത്തതിൽ വച്ചേറ്റവും വലിയ സ്മാരകമാണിതെന്ന് ഇറ്റാലിയൻ പുരാവസ്തു ഗവേഷകൻ ഡാനിയേൽ മൊറാണ്ടി ബൊനാകോസി അഭിപ്രായപ്പെട്ടു.