kk

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനെതിരെ കെ. മുരളീധരൻ എം.പി നടത്തിയ പരമാർശത്തിൽ വിമർശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കെ. മുരളീധരന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണ്. മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിന് തന്നെയാണെന്ന് നാടിനറിയാമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ആനാവൂർ കുറിച്ചു.

കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് ഇന്ദിരാഭവനിൽ മുരളീധരൻ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹ എം. പിയും കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത് നാട് കണ്ടതാണ്. മുരളീധരന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ഭരണി പാട്ടിന്റെ ഈരടികൾ. ഇപ്പോഴും അദ്ദേഹം അത് തുടരുന്നു എന്നാണ് ഈ പ്രസ്താവനയിലൂടെ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട് എന്താണ് എന്ന് ചോദിക്കാൻ കഴിയില്ല, കാരണം അദ്ദേഹത്തെ കുറിച്ച് കേൾക്കുന്ന വാർത്തകൾ ഇതിനേക്കാൾ മോശമാണെന്നും ആനാവൂർ പരിഹസിച്ചു.

നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്റെ സമരത്തിൽ സംസാരിക്കുമ്പോഴാണ് കെ. മുരളീധരൻ മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചത്.

'കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്. ശരി. പക്ഷേ വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തുമാത്രം കിളിർത്തതാണ്. ആ മഴ കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരു പാടുപേരെ കണ്ടിട്ടുള്ള ഒരു നഗരസഭയാണ് ഇത് എന്നുകൂടി ഓർമ്മിപ്പിക്കുകയാണ്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി 'കനകസിംഹാസനത്തിൽ...' എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരും . എന്നായിരുന്നു മുരളീധരന്റെ പരാമർശം.