sameer-wankhde

മുംബയ്: ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാൻ പ്രതിയായ ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസ് ഒതുക്കിതീർക്കാൻ എട്ടു കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

അതേസമയം, ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

കേസിൽ എൻ.സി.ബി സാക്ഷിയാക്കിയ

പ്രഭാകർ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് മുംബയിലെ എൻ.സി.ബി ഉദ്യോഗസ്ഥർ ഡയറക്ടർ ജനറലിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വാങ്ക്ഡെയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണത്തിന് തുടക്കമിട്ടിട്ടേയുള്ളൂവെന്നും സമീർ വാങ്ക്ഡെ സ്ഥാനത്ത് തുടരുമോയെന്ന കാര്യം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും എൻ.സി.ബി.യുടെ ചീഫ് വിജിലൻസ് ഓഫീസർ കൂടിയായ ഗ്യാനേഷർ സിംഗ് വ്യക്തമാക്കി.

ആര്യനെതിരായ കേസ് ഒതുക്കിതീർക്കാൻ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മിൽ 25 കോടിയുടെ ഇടപാട് നടന്നതായും ഇതിൽ എട്ട് കോടി സമീർ വാങ്ക്ഡെയ്ക്ക് നൽകിയെന്നുമാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ സത്യവാങ്മൂലം നൽകിയത്. പ്രഭാകർ ഇന്നലെ മുംബയ് പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തി, തന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയറിച്ചു. താൻ കൊല്ലപ്പെടാനിടയുണ്ടെന്ന് പ്രഭാകർ സെയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

 അനന്യ ഹാജരായില്ല

കേസിൽ നടി അനന്യ പാണ്ഡെ ഇന്നലെ ചോദ്യംചെയ്യലിന് ഹാജരായില്ല. ചോദ്യംചെയ്യൽ മറ്റൊരുദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന നടിയുടെ ആവശ്യം എൻ.സി.ബി. അംഗീകരിച്ചതായാണ് റിപ്പോർട്ട്.

ആര്യൻ ഖാനുമായി അനന്യ പാണ്ഡെ നടത്തിയ വാട്സാപ്പ് ചാറ്റുകൾ എൻ.സി.ബി. സംഘം കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിൽ അനന്യയെ ചോദ്യംചെയ്തിരുന്നു.

വാങ്ക്ഡെയെ പരിചയമില്ല: ഗോസാവി

കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യൻഖാൻ ആവശ്യപ്പെട്ടപ്രകാരമാണ് താൻ മൊബൈൽ ഫോൺ നൽകിയതെന്ന് സ്വകാര്യ ഡിറ്റക്ടീവും കേസിലെ സാക്ഷിയുമായ കെ.പി. ഗോസാവി വെളിപ്പെടുത്തി.

'ആ സമയത്ത് ആര്യന്റെ കൈയിൽ മൊബൈൽ ഇല്ലായിരുന്നു. മാനേജരുമായി സംസാരിക്കണമെന്ന് പറഞ്ഞ് ആര്യനാണ് ഫോൺ ആവശ്യപ്പെട്ടത് റെയ്ഡിന് മുമ്പ് സമീർ വാങ്ക്ഡെയെ ടി.വിയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. അദ്ദേഹത്തെ പരിചയമില്ല. നേരത്തെ എൻ.സി.ബിയുടെ ഒരു റെയ്ഡിലും പങ്കെടുത്തിട്ടുമില്ല. ഉള്ളടക്കം വായിച്ചശേഷമാണ് സാക്ഷിമൊഴിയിൽ ഒപ്പിട്ടത്. കോഴ ആരോപണം ഉന്നയിച്ച പ്രഭാകർ എന്റെ കൂടെ ജോലിചെയ്തിരുന്നു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് എനിക്കറിയില്ല. എന്റെ ജീവിതം ഇപ്പോൾ സുരക്ഷിതമല്ല. പുണെയിൽ എനിക്കെതിരെ നേരത്തെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ ലുക്ക്ഔട്ട് നോട്ടീസടക്കം പുറത്തിറക്കി. എന്റെ ജീവന് ഭീഷണിയുണ്ട്. ജയിലിലായാൽ പോലും അതിനകത്തുവച്ച് എന്നെ കൊല്ലുമെന്ന് വരെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്''-ഗോസാവി പറഞ്ഞു.