കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും സിനിമാ തിയേറ്ററുകൾ ഇന്നലെ തുറന്നില്ല. ഇന്നും നാളെയും നടക്കുന്ന വിവിധ സംഘടനാ യോഗങ്ങൾ തിയേറ്റർ തുറക്കൽ, സിനിമാ റിലീസ് എന്നിവയിൽ അന്തിമ തീരുമാനമെടുക്കും. നിർമ്മാതാക്കൾ ഇന്നു രാവിലെ 11ന് കൊച്ചിയിൽ യോഗം ചേർന്ന് സിനിമകൾ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. ഉച്ചകഴിഞ്ഞ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ സംയുക്ത യോഗം ചേരും. നാളെ രാവിലെ 11ന് നടക്കുന്ന കേരള ഫിലിം ചേംബറിന്റെ യോഗത്തിൽ നിർമ്മാതാക്കൾ, വിതരണക്കാർ, തിയേറ്ററുടമകൾ എന്നിവയുടെ സംഘടനാ ഭാരവാഹികൾ പങ്കെടുക്കും.
പുതിയ സിനിമാ റിലീസ് ഉൾപ്പെടെ ചേംബർ യോഗം തീരുമാനിക്കുമെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കർ 'കേരളകൗമുദിയോട്' പറഞ്ഞു
കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യത്തിൽ സർക്കാർ നടത്തുന്ന പ്രഖ്യാപനം വിലയിരുത്തിയാകും തീരുമാനമെന്ന് ചേംബർ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ഇംഗ്ളീഷ്, തമിഴ് സിനിമകൾ പ്രദർശിപ്പിച്ച് വെള്ളിയാഴ്ച തിയേറ്ററുകൾ തുറക്കാനാണ് നീക്കം.