aryan

ന്യൂഡൽഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ ഉൾപ്പെടെ പ്രതിയായ ലഹരിമരുന്ന കേസിൽ പുതിയ വഴിത്തിരിവിലേക്ക്. കേസിലെ സാക്ഷി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ 25കോടിയുടെ കൈക്കൂലി ആരോപണം ഉയര്‍ത്തിയതിനെ പിന്നാലെ സമീര്‍ വാങ്കഡെ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലിന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിംഗാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.

ലഹരിമരുന്ന് കേസിൽ ആര്യന്‍ ഖാനെ വിട്ടയയ്ക്കാനായി സാക്ഷിയായ കെ.പി.ഗോസാവിയും എന്‍.സി.ബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കേസിൽ ആകെ 25 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും തന്നില്‍നിന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ വെള്ളപേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു. ഗോസാവി ഷാറൂഖിന്റെ മാനേജറുമായി കൂടിക്കാഴ്ച നടത്തിയത് താന്‍ കണ്ടെന്നും സെയ്‌ലി പറഞ്ഞു.

എന്നാല്‍ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങള്‍ സമീര്‍ വാങ്കഡെയും എന്‍സിബി ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു. .