ipl

മുംബയ്: ഐപിഎൽ പതിനഞ്ചാം സീസണിൽ നിലവിലുള‌ള എട്ട് ടീമുകൾക്ക് പുറമെ രണ്ട് പുതിയ ടീമുകൾ കൂടി. ആർ.പി ഗോയങ്ക ഗ്രൂപ്പ് 7090 കോടിയ്‌ക്ക് ലക്‌നൗ ടീമിനെയും സിവിസി ക്യാപി‌റ്റൽ ഗ്രൂപ്പ് 5600 കോടി രൂപ ക്വാട്ട് ചെയ്‌ത് അഹമ്മദാബാദ് ടീമിനെയും സ്വന്തമാക്കി. ഇതോടെ ഐപിഎൽ 2022 സീസണിൽ ആകെ 10 ടീമുകൾ മത്സരിക്കാനുണ്ടാകും.

22 കമ്പനികളാണ് ലേലത്തിൽ പങ്കെടുത്തത്. അഹമ്മദാബാദ്, ലക്‌നൗ, ഇൻഡോർ,ഗുവാഹത്തി, പൂനെ, ധർമ്മശാല, കട്ടക്ക് എന്നിങ്ങനെ നഗരങ്ങളിൽ നിന്നാണ് രണ്ടെണ്ണത്തെ തിരഞ്ഞെടുത്തത്. പത്ത് ലക്ഷം രൂപയുടെ ടെൻഡർ രേഖകളാണ് കമ്പനികൾ എടുത്തത്. എന്നാൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപയായതിനാൽ വലിയ കമ്പനികളെ പങ്കെടുത്തുള‌ളു. മൂന്ന് കമ്പനികളോ, വ്യക്തികളോ ചേർന്നുള‌ള കൺസോർഷ്യത്തിനും ലേലത്തിൽ പങ്കെടുക്കാൻ ബിസിസിഐ അനുമതി നൽകിയിരുന്നു.

ഒരു വ്യക്തിയോ കമ്പനിയോ മാത്രമാണെങ്കിൽ വാർഷിക വി‌റ്റുവരവ് 3000 കോടിയുണ്ടാകണം. അഥവാ കൺസോർഷ്യമാണെങ്കിൽ വാർഷിക വിറ്റുവരവ് 2500 കോടിയുമുണ്ടാകണമെന്ന് നിർബന്ധമാണ്. ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും അദാനി ഗ്രൂപ്പിനും മാഞ്ചസ്‌റ്റർ യുണൈ‌റ്റഡിനും ടീമുകളില്ല.