തിരുവനന്തപുരം: ടി20 മത്സരത്തിൽ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിൽ പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്‍. മുഹമ്മദ് ഷമിയുടെ സോഷ്യൽ മീഡിയയിൽ വാരി വിതറപ്പെടുന്ന വർഗീയ വെറുപ്പ് കാണുമ്പോ മനം പിരട്ടുന്നു. മുസ്ലിമിന്റെ രാജ്യസ്നേഹവും, ദളിതന്റെ അര്‍ഹതയും, പെണ്ണിന്റെ സ്വഭാവ ഗുണവും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്നിടത്തോളം കാലം, ഒരു പുരോഗമനവും സാദ്ധ്യം ആവില്ല എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയ്ക്കെതിരെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന കുറവ് അവർ നികത്തുകയായിരുന്നു. കളിയിലെ പരാജയത്തിന് പിന്നാലെ ഷമിക്ക് നേരെ ഉണ്ടായ സെെബർ ആക്രമണത്തിൽ പ്രതികരണവും, അദ്ദേഹത്തിന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.