fgfgfg

ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈനിക അട്ടിമറി. രാജ്യത്തെ നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട സൈന്യംപ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക് അടക്കമുള്ള പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
30 വർഷം സുഡാൻ ഭരിച്ച ഏകാധിപതി ഒമർ അൽ ബഷീറിനെ 2019 ലെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കി രണ്ട് വർഷം പിന്നിടുമ്പോഴാണ് രാജ്യത്ത് വീണ്ടും രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കുന്നത്. ബഷീറിനെ പുറത്താക്കിയ ശേഷം രൂപീകരിച്ച സർക്കാരിൽ സൈന്യത്തിനും രാഷ്ട്രീയ നേതാക്കൾക്കും പ്രാധിനിധ്യമുള്ള ഭരണ സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. രാജ്യത്ത് പൂർണമായും ജനാധിപത്യം ഉറപ്പാക്കുന്നതിനുള്ള കരാർ നടപ്പാക്കാൻ ആഴ്ചകൾ മാത്രം ബാക്കി നില്ക്കുമ്പോഴാണ് സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തത്. അതെ സമയം സൈനിക അട്ടിമറിക്കെതിരെ ജനങ്ങൾ രാജ്യത്തെ പല പ്രദേശങ്ങളിലും പ്രതിഷേധവുമായി തെരുവിലിറങ്ങി.

രാജ്യത്തെ പ്രധാന ജനാധിപത്യ അനുകൂല രാഷ്ട്രീയ സംഘടനയായ സുഡാനീസ് പ്രൊഫഷണൽ അസോസിയേഷൻ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം സുഡാനിലെ സൈനിക അട്ടിമറിയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തി. സുഡാനിലെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് ജനാധിപത്യ ഭരണം നടപ്പിലാക്കണമെന്ന് യു.എസ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.അതേ സമയം രാജ്യത്ത് സൈനിക ഭരണത്തെ അനുകൂലിക്കുന്നവരും തെരുവിലിറങ്ങിയതായി റിപ്പോർട്ടുകളുണ്ട്.പലയിടത്തും സർക്കാ‌ അനുകൂലികളും സൈനിക ഭരണത്തെ അനുകൂലിക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സംഘർഷ മേഖലകളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.

2019 ആഗസ്റ്റിലാണ് അധികാരം പങ്കിടൽ കരാറിൽ സിവിലിയൻ നേതൃത്വവും, സൈനിക നേതൃത്വവും ഒപ്പുവച്ചത്.എന്നാൽ മുൻ ഭരണാധികാരിയുടെ കാലത്ത് ഉണ്ടായിരുന്ന രാഷ്ട്രീയ സാമ്പത്തിക തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ ഇരുകൂട്ടർക്കുമായില്ല.

അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്ന് വാങ്ങിയ കടം തിരിച്ചടയ്ക്കാൻ സബ്സിഡി വെട്ടിക്കുറയ്ക്കുക, ഔദ്യോഗിക നാണയമായ സുഡാനീസ് പൗണ്ട് ലഭ്യത കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങൾ നടത്താൻ തീരുമാനിച്ചത് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. അതിനിടയിലാണ് രാജ്യത്ത് പുതിയ ഭരണ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.