malappuram
സേഷെൽസിൽ നിന്ന് കൊണ്ടുവന്ന തേങ്ങയുമായി ഷബീറലി

തിരൂരങ്ങാടി: '60,000 രൂപയുടെ തേങ്ങ, പക്ഷേ വാങ്ങിയാൽ ചിരട്ട മാത്രമേ കിട്ടൂ"!. ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസ് ദ്വീപിൽ നിന്ന് ചെറുമുക്ക് വെസ്റ്റ് സ്വദേശി അംങ്ങത്തിൽ ഷബീറലി സ്വന്തമാക്കിയ ഈ ഭീമന് പ്രത്യേകതളേറെയാണ്. ലോകത്തിലെ ഏറ്റവും വലിയ വിത്തായ കോക്കോ ഡെമെർ എന്ന കടൽത്തെങ്ങ് മറ്റ് രാജ്യങ്ങൾക്ക് അതേപടി നൽകരുതെന്ന നിർബന്ധം ഇവിടത്തെ സർക്കാരിനുണ്ട്. അതുകൊണ്ട് ചകിരിയും അകക്കാമ്പും ഒഴിവാക്കി ചിരട്ടകൾ ഒട്ടിച്ച് കരകൗശല വസ്തുക്കളായാണ് നൽകുന്നത്. ഹൗറിയിലെ ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ഗാർഡനിൽ ഒരു കോക്കോ ഡെമെറുണ്ട്.

നാല് വർഷം ഐലൻഡിലെ സൂപ്പർമാർക്കറ്റിൽ മാനേജരായിരുന്ന ഷബീറലി കടൽത്തെങ്ങിന്റെ പ്രത്യേകത അറിഞ്ഞതോടെയാണ് ഇത് സ്വന്തമാക്കാൻ തീരുമാനിച്ചത്. ലഭിക്കാൻ ബുദ്ധിമുട്ടായതോടെ ഒരോന്നിനും 60,000 രൂപ വീതം നൽകി മൂന്നെണ്ണം സ്വന്തമാക്കി നാട്ടിലെത്തിച്ചു. ഈ തേങ്ങ ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസവും വിവിധ രാജ്യക്കാർക്കുണ്ട്.

 നിയന്ത്രണങ്ങളേറെ

സീഷെൽസ് പ്രധാന വരുമാന മാർഗം ടൂറിസമാണ്. കോക്കോ ഡെമെർ വൃക്ഷമാണ് ഇതിൽ പ്രധാനി. ഒരു തേങ്ങയ്‌ക്ക് 30 കിലോഗ്രാം വരെ ഭാരമുണ്ടാവും. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ വിളയുന്ന തേങ്ങകളും സർക്കാരിന് കൈമാറണം. ചകിരിയും അകക്കാമ്പും കളഞ്ഞ് മുളയ്ക്കില്ലെന്ന് ഉറപ്പാക്കിയ ശേഷം പ്രത്യേക ടാഗും നമ്പരുമിട്ട് സർട്ടിഫിക്കറ്റ് സഹിതം തിരിച്ച് നൽകും. ചിരട്ടകൾ ഒട്ടിച്ചേർത്തതിന് സമാനമായ രൂപത്തിലുള്ള ഇവയ്‌ക്ക് ഒരുകിലോ ഭാരമേയുണ്ടാവൂ. തേങ്ങയുടെ വലിപ്പം,​ ആകൃതി,​ നിറം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റംവരും. തേങ്ങ വാങ്ങുന്നവർ രേഖ സൂക്ഷിച്ചില്ലെങ്കിൽ ജയിലിലാവും. സേഷെൽസ് വിമാനത്താവളത്തിൽ പ്രത്യേക പരിശോധനയുമുണ്ട്.

കോക്കോ ഡെമെർ

 തെങ്ങുകളുൾപ്പെട്ട പാംട്രീ കുടുംബാംഗം

 തെങ്ങും പനയും ഒന്നായത് പോലെയുള്ള രൂപം

 പെൺമരങ്ങൾ കായ്‌ക്കാൻ 50 വർഷം

 ആൺമരങ്ങൾക്ക് 100 വർഷം

 ഒരുതവണ വിളഞ്ഞാൽ പിന്നെ ഏഴ് വർഷത്തിന് ശേഷമേ കായ്‌ക്കൂ

 തേങ്ങകളുടെ എണ്ണം 50ന് മുകളിൽ

 ലോകത്ത് ആകെയുള്ളത്- 4,​000 എണ്ണം

 സീഷെൽസിലുള്ളത്- 3,800