ദുബായ്: ഇന്ത്യൻ പ്രിമിയർ ലീഗിൽ അഹമ്മദാബാദും ലക്നൗവും ആസ്ഥാനം ആയുള്ള രണ്ട് ടീമുകൾ കൂടി അടുത്ത സീസണിൽ മാറ്റുരയ്ക്കാനിറങ്ങും. ദുബായിലെ താജ് ഹോട്ടലിൽ ഇന്നലെ നടന്ന ചടങ്ങിലാണ് ഇരു ഫ്രാഞ്ചൈസികളേയും ബി.സി.സി.ഐ പ്രഖ്യാപിച്ചത്. 7090 കോടി രൂപ ക്വോട്ട് ചെയ്താണ് സഞ്ജീവ് ഗോയങ്ക നയിക്കുന്ന ആർ. പി.എസ്.ജി ഗ്രൂപ്പ് ലഖ്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. സ്വകാര്യ ഇക്വിറ്റി ഫേം ആയ സിവിസി കാപിറ്റൽ 5166 കോടി രൂപ മുടക്കി അഹമ്മദാബാദ് ടീമിനേയും സ്വന്തമാക്കി.2000 കോടി രൂപയായിരുന്നു ടീമുകളുടെ അടിസ്ഥാന വില.
ലേലത്തിൽ പങ്കെടുക്കാൻ 22 കമ്പനികളാണ് അപേക്ഷ നൽകിയത്. അദാനി ഗ്രൂപ്പ്, ടോറന്റ് ഗ്രൂപ്പ്, റിതി സ്പോർട്സ്, മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഉടമകളായ ഗ്ലേസർ കുടുംബം തുടങ്ങിയ വമ്പൻമാരെല്ലാം ടീമുകൾക്കായി രംഗത്തുണ്ടായിരുന്നു.
ഡിസംബറിലാണ് ഐ.പി.എൽ മെഗാ താരലേലം നടക്കുന്നത്. മൂന്ന് ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശതാരങ്ങളെയും നിലവിലുള്ള ടീമുകൾക്കു നിലനിർത്താനാകുമെന്നാണു വിവരം.