hoote

ചാറ്റ് റൂമുകൾ സൃഷ്‌ടിക്കാനും സംസാരത്തിലൂടെ സൗഹൃദങ്ങളും സംവാദങ്ങളും നടത്താൻ സൃഷ്‌ടിച്ച ആപ്പാണ് ക്ളബ് ഹൗസ്. ആപ്പിലെ ഫീച്ചറുകളെക്കാൾ മെച്ചപ്പെട്ടവ കൊണ്ടുവരാൻ ഫേസ്ബുക്കും വാട്‌സാപ്പും ഉൾപ്പടെ ഇപ്പോൾ ശ്രമിക്കുകയാണ്. ഈ സമയം പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച് ഒരു ശബ്‌ദാധിഷ്‌ഠിത സമൂഹമാദ്ധ്യമ പ്ളാ‌റ്റ്ഫോം പുതുതായി പുറത്തിറക്കിയിരിക്കുകയാണ് ഇന്ന്.

മറ്റാരുമല്ല സ്‌റ്റൈൽ മന്നൻ രജനികാന്താണ് 'ഹൂട്ട്' എന്ന ഈ ആപ്പ് പുറത്തിറക്കിയത്. സൂപ്പർ താരത്തിന്റെ മകൾ സൗന്ദര്യ രജനീകാന്തും ആംടെക്‌സ് സി.ഇ.ഒ സണ്ണി പൊക്കാലയും ചേർന്നാണ് ആപ്പ് നിർമ്മിച്ചത്. മൂന്ന് വിദേശ ഭാഷകളിലും എട്ട് ഇന്ത്യൻ ഭാഷകളിലും ഹൂട്ട് ഉപയോഗിക്കാം. ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, മലയാളം, ബംഗാളി, ഗുജറാത്തി എന്നീ ഭാഷകളിലാണ് ഇപ്പോൾ ആപ്പ് ഉപയോഗിക്കാവുന്നത്.

പരമാവധി 60 സെക്കന്റ് നീളുന്ന ശബ്‌ദം ഹൂട്ടിൽ റെക്കാഡ് ചെയ്യാം. ശേഷം 120 വാക്കുകളിൽ താഴെയുള‌ള അടിക്കുറിപ്പോടെയോ, ചിത്രത്തിനൊപ്പമോ, മറ്റൊരു പശ്ചാത്തല സംഗീതത്തോടെയോ ഇത് ഉപഭോക്താവിന് പോസ്‌റ്റ് ചെയ്യാം. തന്റെ പോസ്‌റ്റിന് പ്രതികരണങ്ങൾ ചേർക്കാനും ഒഴിവാക്കാനുമുള‌ള സംവിധാനം ഉപഭോക്താവിന് ഹൂട്ട് നൽകുന്നുണ്ട്. പോസ്‌റ്റുകൾ ഡിലീ‌റ്റ് ചെയ്യാനും സാധിക്കും.

ഗൂഗിൾ പ്ളേ‌സ്‌റ്റോറിൽ നിന്ന് ആപ്പ് ഇൻസ്‌റ്റാൾ ചെയ്യാവുന്നതാണ്. രജനീകാന്ത്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീ‌ർ എന്നിവരുൾപ്പടെ പ്രമുഖരുടെ പേജുകൾ ഫോളോ ചെയ്യാനും ഓപ്‌ഷനുണ്ട്.