ടെഹ്റാൻ : കൊവിഡ് വ്യാപനത്തെത്തുടർന്ന് 20 മാസത്തോളമായി തുടർന്ന് വരുന്ന യാത്രാവിലക്ക് നീക്കി ഇറാൻ. വിദേശത്തു നിന്ന് വരുന്ന രണ്ട് ഡോസ് വാക്സിനുമെടുത്തവർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ആന്റിവൈറസ് ടാസ്ക് ഫോഴ്സ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ അനുമതി നല്കിയതിനെ തുടർന്നാണ് പുതിയ തീരുമാനം. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന രാജ്യത്തെ ടൂറിസം മേഖലയെ സജീവമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് യാത്രാവിലക്ക് പിൻവലിച്ചത്. 2020-21 ൽ ടൂറിസം മേഖലയിൽ 1.2 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഇറാനുണ്ടായത്. കൊവിഡ് വാക്സിൻ രണ്ട് ഡോസും എടുക്കാത്തവരാണെങ്കിൽ അവരുടെ പക്കൽ 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ യാത്രാനുമതി നല്കും. അതേ സമയം ലോകാരോഗ്യ സംഘടന ഹൈ റിസ്ക്ക് കാറ്റഗറിയിലുൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനാനുമതിയുണ്ടായിരിക്കില്ല.