തൃക്കാക്കര: ഭേൽപ്പുരി സ്റ്റാൾ എടുത്തുമാറ്റിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ഏലൂർ സ്വദേശികളായ തൈപ്പറമ്പിൽ വീട്ടിൽ ബിനോയ് ജോർജ്, ഉദ്യോഗമണ്ഡൽ സ്വദേശി നാഗുൽ എസ്.ബാബു എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരേയും കാക്കനട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീനോയ് ജോർജിന്റെ കാലിനും നാഗുലിന്റെ ഇടതുകൈക്കുമാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കാക്കനാട് ഇൻഫോപാർക്കിന് സമീപം മാപ്രാണത്തായിരുന്നു സംഭവം
പന്നിയിറച്ചി സ്റ്റാൾ ആരംഭിക്കുന്നതിനായി കട വൃത്തിയാക്കാനെത്തിയ തുഷാര എന്ന യുവതിയും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് ഇരുവരേയും കുത്തി പരിക്കേൽപ്പിച്ചത്. സ്റ്റാൾ വൃത്തിയാക്കുന്നതിനിടെ ബിനോയിയുടെയും നാഗുലിന്റെയും സുഹൃത്തിന്റെ പെട്ടിക്കട ഇവർ നീക്കം ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് കുത്തിൽ കലാശിച്ചത്. തുഷാരയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ഇരുവരെയും കുത്തിയത്. സംഘർഷത്തിൽ പരിക്കേറ്റ തുഷാര കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. തുഷാരയുടെ സുഹൃത്തുക്കൾ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.