മുംബയ്: രണ്ട് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച റഗ്ഗഡ് ഇലക്ട്രിക് ബൈക്കിന് (Rugged electric bike) ഒരു ലക്ഷത്തിലധികം ഓർഡറുകൾ ലഭിച്ചതായി ഇബെെക്ക്ഗോ (eBikeGo). പണമടച്ചുള്ള ബുക്കിംഗുകൾ ഏകദേശം 1,000 കോടി രൂപയാണെന്നും കമ്പനി വ്യക്തമാക്കി.
മൂലധന സമാഹരണത്തിനായുള്ള വിപുലമായ ചർച്ചകളും ഇബെെക്ക്ഗോ നടത്തിവരികയാണ്. ഉത്സവ സീസൺ ഡിമാൻഡും ഇന്ധന വിലയും വർദ്ധനവും കണക്കിലെടുത്ത് വരും മാസങ്ങളിൽ 500 കോടി രൂപയുടെ 50,000 ബുക്കിംഗുകൾ ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു. റഗ്ഗഡ് പുറത്തിറങ്ങിയതിന് പിന്നാലെ യുപി, മുംബൈ, ബീഹാർ എന്നിവിടങ്ങളിലെ 22 ഡീലർഷിപ്പുകളുമായി കമ്പനി പങ്കാളിത്തം സ്ഥാപിച്ചിരുന്നു.
റഗ്ഗഡിനെ ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ഇലക്ട്രിക് ബൈക്ക് ആയി കമ്പനി ഉയർത്തിക്കാട്ടുകയും രാജ്യത്തുടനീളം കൂടുതൽ നഗരങ്ങളിൽ അതിന്റെ സാന്നിദ്ധ്യം വിപുലീകരിക്കാനും ശ്രമിക്കുന്നു. 70 km/h വരെ വേഗത കൈവരിക്കാൻ കഴിയുന്ന 3kW മോട്ടോറാണ് റഗ്ഗഡിന് ഊർജം നൽകുന്നത്. ബാറ്ററികൾ 160 കിലോമീറ്റർ ദൂരം വാഗ്ദാനം ചെയ്യുന്നു. 3.5 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യും.
ജി1, ജിപ്ലസ് എന്നീ രണ്ടു വേരിയന്റുകളാണ് റഗ്ഗഡിൽ ഉളളത്. ജി1 റഗ്ഗഡ് ഇലക്ട്രിക് സ്കൂട്ടറിന് 79,999 രൂപയും ഇബെെക്ക്ഗോ ജിപ്ലസ് റഗ്ഗ്ഡ് ഇലക്ട്രിക് സ്കൂട്ടറിന് 99,999 രൂപയുമാണ് വില. ആമസോൺ, ബിഗ്ബാസ്‌ക്കറ്റ്, ഡൽഹിവേരി, സൊമാറ്റോ തുടങ്ങിയ കമ്പനികളും മറ്റ് ഭക്ഷ്യ വിതരണവും റീട്ടെയിൽ സ്ഥാപനങ്ങളും ഇവയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുളളതായും ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.