ദുബായ് : ദുബായുടെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വമ്പൻ തൊഴിലവരം ഒരുക്കുന്നു. ആറുമാസത്തിനകം ആറായിരം ജീവനക്കാരെയാണ് എമിറേറ്റ്സ് നിയമിക്കാനൊരുങ്ങുന്നത്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ എമിറേറ്റ്‌സ് ഒരുങ്ങുന്നത്.
പൈലറ്റ്, കാബിൻ ക്രൂ, എന്‍ജിനീയറിംഗ് സ്‌പെഷ്യലിസ്റ്റ്, മറ്റ് ജീവനക്കാര്‍ എന്നിവരെയാണ് നിയമിക്കുക. എമിറേറ്‌സിന്റെ വെബ്‌സൈറ്റിലെ കരിയര്‍ സെക്ഷനിലൂടെയാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കണ്ടേത്. കാബിന്‍ ക്രൂവിന് 9770 ദിര്‍ഹം അഥവാ രണ്ടുലക്ഷത്തോളം രൂപ ശമ്പളമുണ്ടാകും. ബോയിംഗ് എ 380, ബോയിങ് 777 എന്നിവയിലെ ക്യാപ്ടൻമാർക്ക് 43,013 ദിര്‍ഹം. (ഒമ്പത് ലക്ഷം രൂപ) ശമ്പളം ലഭിക്കും.
കൊവിഡ് രൂക്ഷമായ സമയത്ത് എമിറേറ്റ്‌സ് ഉൾപ്പെടെയുളള എയര്‍ലൈനുകള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. സര്‍വീസുകള്‍ പഴയനിലയിലേക്ക് തിരികെയെത്തിയതോടെ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ശമ്പളം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നത്. സെപ്റ്റംബറില്‍ 3000 കാബിൻ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കുമെന്ന് എമിറേറ്റ് അറിയിച്ചിരുന്നു. ദുബായില്‍ 600 പൈലറ്റുമാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു.