തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പിന്തുണച്ച് സി പി എം. ഷിജുഖാൻ നിയമപരമായാണ് പ്രവർത്തിച്ചതെന്നും, ഒരു നടപടിയും ഉണ്ടാകില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.
അനുപമയുടെ പിതാവും പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രൻ ഒളിവിലാണെന്ന് ആനാവൂർ നാഗപ്പൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ജയചന്ദ്രനോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി സ്‌റ്റേ ചെയ്തിരുന്നു.ശിശുക്ഷേമ സമിതിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കോടതി ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് പിന്തുണയുമായി പാർട്ടി രംഗത്തെത്തുന്നത്.