vava-suresh-

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പാമ്പുകൾ പലപ്പോഴും വീടുകളിൽ പ്രവേശിച്ച് ഭീതി പരത്താറുണ്ട്.ചില സമയങ്ങളിലെങ്കിലും ഇവ വലിയ അപകടങ്ങൾക്കും കാരണമാകാറുണ്ട്.അതുകൊണ്ട് തന്നെ പാമ്പുകളെ വീടുകളിൽ നിന്ന് അകറ്റി നിർത്താനുള്ള മാർഗങ്ങളെ കുറിച്ചും ആളുകൾ വ്യാപകമായി അന്വേഷിക്കുന്നു.ഇപ്പോഴിത അതിന് ചില പരിഹാരങ്ങൾ നിർദ്ദേശിക്കുകയാണ് കേരളത്തിലെ പ്രമുഖ പാമ്പ്‌പിടുത്തക്കാരൻ വാവ സുരേഷ്.

പാമ്പുകളെ വീടുകളിൽ നിന്ന് അകറ്റാനായി ആളുകൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു രീതിയാണ് വെളുത്തുള്ളി ചതച്ച് വീടിൻെറ എല്ലാ വശങ്ങളിലും ഇടുക എന്നത്. എന്നാൽ ഇത് തികച്ചും അശാസ്‌ത്രിയമാണെന്നാണ് കൗമുദി ടിവിയുടെ സ്‌‌ട്രൈറ്റ് ലൈൻ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വാവ സുരേഷ് ഉറപ്പിച്ച് പറയുന്നത്.എന്നാൽ മറ്റൊരു പരമ്പരാഗത മാർഗത്തെ ശരിവയ്ക്കുകയാണ് അദ്ദേഹം.പാമ്പുകൾ വരാൻ സാദ്ധ്യതയുള്ള ഇടങ്ങളിലോ, വീടുകൾക്ക് ചുറ്റുമോ മണ്ണെണ്ണ തളിക്കുന്നത് പാമ്പുകളെ അകറ്റി നിർത്തും.പാമ്പുകൾ സാധാരണയായി സഞ്ചരിക്കുന്നത് വീടുകളോട് ചേർന്ന് എലികൾ സഞ്ചരിക്കുന്ന പാതയിലൂടെയാണ്.എന്നാൽ ഇവിടേക്ക് മണ്ണെണ്ണ തളിക്കുമ്പോൾ പാമ്പുകൾക്ക് എലിയുടെ ഗന്ധം കിട്ടാതെ വരുകയും അവ വഴിമാറി സഞ്ചരിക്കാനാണ് സാദ്ധ്യത എന്നും അദ്ദേഹം വിശദമാക്കി.പാമ്പുകളെ മാറ്റി നിർത്താനായി ഉപയോഗിക്കുന്ന പല മാർഗങ്ങളെ കുറിച്ചും അദ്ദേഹം പരിപാടിയിൽ വിശദമാക്കുന്നുണ്ട്.