dgp

കൊച്ചി: മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ മൊഴിയെടുത്തു. അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തി ഡി ജി പിയെ നേരിട്ടു കണ്ടിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് അന്ന് മോന്‍സണ്‍ എത്തിയത്. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ എന്ന നിലയിലാണ് ഇവര്‍ക്ക് കാണാന്‍ അനുമതി നല്‍കിയതെന്ന് അനില്‍കാന്തിന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

കൂടിക്കാഴ്ചയ്ക്കുശേഷം മടങ്ങുന്നതിനുമുമ്പ് മോന്‍സണ്‍ ഒരു ഉപഹാരം അനില്‍കാന്തിന് നല്‍കുകയും അതിന്റെ ചിത്രം എടുക്കുകയും ചെയ്തിരുന്നു. ആറുപേരും ഒരുമിച്ചാണ് ഡി ജി പിയോടൊപ്പം പോസുചെയ്തതത് എന്നാല്‍ ഈ ഫോട്ടോയില്‍നിന്ന് ഫെഡറേഷന്‍ ഭാരവാഹികളുടെ ചിത്രം മാറ്റി മോന്‍സണും ഡി ജി പിയും മാത്രമുള്ള ചിത്രമാക്കി മാറ്റി എന്നതാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ മോന്‍സണ്‍ പൊലീസ് ക്ലബ്ല് അടക്കം താമസത്തിന് ഉപയോഗിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ചാണ് ഇത് തരപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. മോൻസന്റെ ഉന്നത പൊലീസ് ബന്ധത്തിന് നിരവധി തെളിവുകൾ നേരത്തേയും പുറത്തുവന്നിരുന്നു. ഇന്നലെ മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ജി. ലക്ഷ്‌മണ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ചോദ്യങ്ങൾ ഇ-മെയിലായി അയച്ചുകൊടുത്ത് മറുപടികൾ വാങ്ങി ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്താണ് രേഖപ്പെടുത്തിയത്.

മോൻസൺ മാവുങ്കലിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിൽ ബീറ്റ് ബോക്സ് സ്ഥാപിച്ച് പൊലീസ് സംരക്ഷണം ഒരുക്കിയ സാഹചര്യം ബെഹ്റ വിശദീകരിച്ചു.ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല കലൂരിലെ വീട്ടിലെ മ്യൂസിയത്തിലെത്തിയതെന്നും സാമൂഹിക മാദ്ധ്യമങ്ങളിലെ പോസ്റ്റ് കണ്ടാണ് അവിടെ പോയതെന്നുമാണ് ബെഹ്റയുടെ മൊഴി. മ്യൂസിയം സന്ദർശിച്ചപ്പോൾ പന്തികേട് തോന്നിയതിനാൽ അന്വേഷിക്കാൻ അന്നുതന്നെ ഇന്റലിജൻസിന് നിർദ്ദേശം നൽകിയെന്നും മൊഴിയിൽ പറയുന്നു.മോൻസണിന്റെ പുരാവസ്തുക്കൾ ബെഹ്റയും മനോജ് എബ്രഹാമും പരിശോധിക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങൾ മോൻസൺ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്.

പന്തളത്ത് മോൻസണിനെതിരെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ലക്ഷ്മണയ്ക്കെതിരെയുള്ളത്. ആദ്യപരാതിക്കാരും ഐ.ജിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഐ.ജിയുമായി മോൻസണിന് സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മോൻസൺ അറസ്റ്റിലായ വിവരം അനിത പുല്ലയിൽ ഐ.ജിയെ അറിയിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.ജിയിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്.മോൻസണിന്റെ വീട് സന്ദർശിച്ച സാഹചര്യമാണ് മനോജ് എബ്രഹാമിൽനിന്ന് ശേഖരിച്ചത്. ആരോപണ വിധേയരായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തതായാണ് വിവരം.