ashref-thamarassery

കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രവാസലോകത്ത് ആത്മഹത്യകൾ കൂടിവരുകയാണ്. മരിക്കുന്നതിൽ പലതും അവിവാഹിതരായ ചെറുപ്പക്കാരും. ഈ യുവാക്കളുടെ മൃതശരീരം നാട്ടിലേക്കയക്കുന്ന അഷ്റഫ് താമരശ്ശേരി ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ വിഷമം അറിയിച്ചിരിക്കുകയാണ്. ഈ വാർത്ത അവരുടെ മാതാപിതാക്കളെ അറിയിക്കുന്നതാണ് ഏറ്റവും വലിയ വിഷമം എന്നും അദ്ദേഹം കുറിക്കുന്നു. വളരെ നിസ്സാരമായി പരിഹരിക്കാൻ കഴിയുന്ന കാരണങ്ങൾക്കുവേണ്ടിയാണ് പലരും ജീവനൊടുക്കുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ് അല്ലെങ്കിൽ പല കുടുംബങ്ങളും തീരാദുഖത്തിലാവും.

നാട്ടിലെ തൊഴിലില്ലായ്മ കാരണം ഗൾഫിലേക്ക് പോകുന്നവരാണ് മലയാളികളിൽ ഭൂരിഭാഗവും. മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സമ്പാദ്യങ്ങളെല്ലാം വിറ്റുപെറുക്കി മാതാപിതാക്കൾ മക്കളെ ഗൾഫിലേക്ക് അയക്കുന്നു. ഒരു നിമിഷത്തെ ദുർബലമായ മനസ്സുകാരണം ആത്മഹത്യ ചെയ്യുന്നവർ ഇതൊന്നും ഓർക്കുന്നില്ല. ശരിയായ ബോധവൽക്കരണം യഥാസമയം നൽകിയാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു. വിഷമങ്ങൾ സുഹൃത്തുക്കളോട് പങ്കുവയ്ക്കണം അല്ലെങ്കിൽ ദൈവത്തോട് പറയണം ,ഏകാന്തത ഒഴിവാക്കണം. ദൈവം വരധാനമായി നൽകിയ ജീവൻ തിരിച്ചെടുക്കാനുള്ള അവകാശവും ദൈവത്തിനു മാത്രമേ ഉള്ളൂ എന്നുകൂടെ ഓർമപ്പെടുത്തുകയാണെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെ നാല് മൃതദേഹങ്ങളാണ് നടപടി ക്രമങ്ങൾ പൂർത്തികരിച്ച് നാട്ടിലേക്ക് അയച്ചത്.അതിൽ രണ്ട് മരണങ്ങൾ ആത്മഹതൃകൾ ആയിരുന്നു.അതും അവിവാഹിതരായ ചെറുപ്പക്കാരുടെത്.ഇവിടെ പ്രവാസ ലോകത്ത് ആത്മഹത്യകൾ കൂടുന്നു. അതും യുവാക്കളിലാണ് കൂടുതലും കാണേണ്ടി വരുന്നത്.ഇവിടെ ഏറ്റവും വലിയ വിഷയം മാതാപിതാക്കളുടെ അടുത്ത് മകൻ്റെ മരണത്തെകുറിച്ച് വിശദീകരിക്കേണ്ടി വരുകയും,അതിൽ അവർ അനുഭവിക്കുന്ന മനോ വേദന വളരെ വലുതാണ്.

നാട്ടിലെ തൊഴിലായ്മ കാരണം ഗൾഫിൽ വിട്ടെങ്കിലും മകൻ്റെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ മാതാപിതാക്കൾ ഏറ്റെടുക്കുന്ന വലിയൊരു ത്യാഗമാണ് ഇവർക്ക് ഈ ഗൾഫിൽ വരുവാൻ സാധിക്കുന്നത്. ഉളളത് വിറ്റു പറക്കിയും,കടം മേടിച്ചും വലിയ പ്രതീക്ഷയോടെയുമാണ് ഒരാേ രക്ഷിതാക്കളും മക്കളെ ഗൾഫിലേക്ക് പറഞ്ഞയക്കുന്നത്.ഒരു നിമിഷത്തെ ദുർബലമായ മനസ്സ് കാരണം ജീവൻ നഷ്ടപ്പെടുത്തുകയാണ് ഈ കൂട്ടർ ചെയ്യുന്നത്.

ചെറുപ്പക്കാരിൽ കാണുന്ന ആത്മഹത്യ പ്രവണതകൾ ഇല്ലാതാക്കുവാനുളള കൗൺസിൽ സംവിധാനം ഒരുക്കണം. ഒരു നിസാര കാര്യത്തിനാണ് പലരും ജീവൻ നഷ്ടപ്പെടുത്തുന്നത്. ജീവിച്ചിരുന്നാൽ എത്രയും വേഗം പരിഹരിക്കുവുന്ന പ്രശ്നങ്ങളെ ഉണ്ടാവുയുളളു.അതിനാൽ ഏകാന്തത ഒഴിവാക്കി പറയുവാൻ പറ്റുന്നതും അല്ലാത്തതുമായ കാരൃങ്ങൾ ഒരു നല്ല സുഹ്യത്തുമായി പങ്ക് വെക്കുക. ഒരു വേദഗ്രന്ഥവും ആത്മഹത്യകളെ പ്രോത്സാഹിക്കുന്നില്ല.ആയതിനാൽ, അവരവരുടെ വിശ്വാസവുമായി ദെെവത്തോട് അടുക്കുക. വേവലാതികൾ ദെെവത്താേട് പറയുക.

ഏതൊരു മനുഷ്യനും ഏറ്റവും വിലപ്പെട്ടത് അവന്റെ ജീവനാണ്. 'എവിടം വരെ ജീവനുണ്ടോ, അവിടം വരെ ലോകമുണ്ട്.എന്നാല്‍ നല്ലൊരു ഭാഗം മനുഷ്യരും ശ്വാസമിടിപ്പ് നിലനിര്‍ത്തുന്നുണ്ടെങ്കിലും അവര്‍ മൃതപ്രായരായി തീര്‍ന്നിരിക്കുന്നു എന്നതാണ് സ്ഥിതി. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളപ്പെട്ട്, ഒരു നിമിഷം കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ കഥകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു കണ്ടിരിക്കുന്നു.ബോധവൽക്കരണത്തിലൂടെ ഒരു ബഹുമുഖമായ സമീപനരീതി ആസൂത്രണംചെയ്ത് വേഗത്തിൽ നടപ്പാക്കുകയാണ് അത്യാവശ്യം. അങ്ങനെ പ്രതിസന്ധികളിൽ ഒറ്റയ്‌ക്കല്ല, അവരെ സഹായിക്കുന്നതിന്‌ നിരവധി വ്യക്തികളും സംവിധാനങ്ങളും ഉണ്ടെന്ന് അവർക്ക് ബോധ്യപ്പെടുത്തുക.

ഞാൻ വീണ്ടും ഓർമ്മപ്പെടുത്തുകയാണ്.ദെെവം വരദാനമായി നൽകിയ ജീവൻ,അത് തിരിച്ചെടുക്കുവാനുളള അവകാശം പടച്ച റബ്ബിന് മാത്രം.

അഷ്റഫ് താമരശ്ശേരി