saniya-mirza

ദുബായ്: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ പാകിസ്ഥാൻ ലോക കപ്പിനിടെ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷോയബ് മാലിക്കിനെ 'ജീജാജീ'യെന്ന് വിളിച്ച് ഇന്ത്യൻ ആരാധകർ. ഉച്ചത്തിലുള്ള വിളി കേട്ട് താരം തിരിഞ്ഞുനോക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാണ്. സഹോദരിയുടെ ഭർത്താവിനെയാണ് ഹിന്ദിയിൽ 'ജീജാജീ'യെന്ന് അഭിസംബോധന ചെയ്യുന്നത്. മലയാളത്തിൽ 'അളിയൻ' എന്ന വാക്കാണ് സാധാരണയായി ഉപയോഗിക്കുന്നത്. 2010ലാണ് സാനിയ മിർസയും ഷോയബ് മാലിക്കും വിവാഹിതരായത്. ഇതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ മിക്കപ്പോഴും ഷോയബിനെ 'ജീജാജീ'യെന്നാണ് അഭിസംബോധന ചെയ്യുന്നത്.

🤣🤣❤️❤️ https://t.co/NE46xoSKfu

— Sania Mirza (@MirzaSania) October 25, 2021

ഗാലറിയിൽ നിന്നും ഉച്ചത്തിലുള്ള 'ജീജാജീ'യെന്ന വിളികേട്ട് താരം തിരിഞ്ഞുനോക്കുന്നുണ്ട്. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനെ തുട‌ന്ന് ഒൻപത് മിനിട്ട് ദൈർഘ്യമുള്ള വീ‌ഡിയോ നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. നാല് ലക്ഷത്തോളം പേർ കണ്ട വീഡിയോയിൽ സാനിയ മിർസയുടെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ട് ചിരിക്കുന്ന സ്മൈലികളോടും ഹൃദയത്തിന്റെ ചിഹ്നങ്ങളോടുമൊപ്പം സാനിയ മിർസ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.

Ok.. That was nice.. #ShoaibMalik
"Jeeju".. 😜 pic.twitter.com/5eZw2GQY7L

— Lady Nisha (@Lady_nishaaa) September 23, 2018

2018ലെ ഏഷ്യാ കപ്പിലും സമാനമായ സംഭവം നടന്നിരുന്നു. ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഷോയബിനോട് 'ജീജൂ ഒന്ന് തിരിഞ്ഞു നോക്കൂ' എന്ന് അഭ്യർത്ഥിച്ച ആരാധകനെ അഭിവാദ്യം ചെയ്ത ഷോയബിന്റ വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.