കുചേലൻ കുഞ്ഞൻ നായർ എന്നൊരു കവിതയുണ്ട് വയലാറിന്റേതായി. കഥകളിയരങ്ങത്തു കുചേലൻ കൃഷ്ണനെ തല്ലുന്ന ഒരു രംഗമുണ്ട് അതിൽ. തെക്കേ പുരയ്ക്കലെ ശങ്കുണ്ണി മേനോന്റെ വകയാണു കളിയോഗം. ശങ്കുണ്ണിമേനോനാണ് കൃഷ്ണന്റെ വേഷമിടുന്നത്. കുഞ്ഞൻ നായർ കുചേലന്റെ വേഷമിടും. ശങ്കുണ്ണിമേനോൻ സമ്പന്നനാണ്. കുഞ്ഞൻ നായർ അതിദരിദ്രനും. കഥകളി നടത്തുന്നതിന് കണക്കുപറഞ്ഞു കാശുവാങ്ങിക്കുന്ന ശങ്കുണ്ണിമേനോൻ ചില്ലിപ്പൈസ പോലും കുഞ്ഞൻ നായർക്കു നൽകില്ല. ഈ ചൂഷണത്തിൽ നെഞ്ചുപൊരിയുന്നുണ്ട് കുഞ്ഞൻ നായർക്ക്. കഥകളിയരങ്ങിൽ കൃഷ്ണനായി വന്ന ശങ്കുണ്ണിമേനോൻ കുചേലനായി വന്ന കുഞ്ഞൻ നായരെ കെട്ടിപ്പിടിക്കുമ്പോൾ ആ കാപട്യം സഹിക്കവയ്യാതെ അരങ്ങത്തുവച്ചുതന്നെ അടികൊടുക്കുകയാണ് കുഞ്ഞൻ നായർ; കൃഷ്ണനെ തല്ലുകയാണ് കുചേലൻ. നാടുവാഴിത്തത്തിന്റെ പ്രതീകമാണ് ഇതിലെ ശങ്കുണ്ണിമേനോൻ. തൊഴിലാളിയുടെ പ്രതീകമാണ് കുഞ്ഞൻ നായർ. ഫ്യൂഡൽ മാടമ്പിത്തത്തിനെതിരായ 'തൊഴിലാളിവർഗരാഷ്ട്രീയം" എത്ര ഫലപ്രദമായി ഫ്യൂഡൽ പശ്ചാത്തലത്തിൽ ജനിച്ച വയലാർ ആ കവിതയിൽ ഉൾച്ചേർത്തിരിക്കുന്നു.
അന്ധവിശ്വാസത്തിനെതിരായ കവിതകളുണ്ട്. തൊട്ടുകൂടായ്മക്കെതിരായ കവിതകളുണ്ട്. ശാസ്ത്രബോധത്തിന്റെ കവിതകളുണ്ട്. യുക്തിബോധത്തിന്റെ കവിതകളുണ്ട്. ഇങ്ങനെ വൈവിദ്ധ്യപൂർണമാണ് ആ കാവ്യലോകം. കേരള സമൂഹത്തിന്റെ ചിന്താഗതിയെ പുരോഗമനോന്മുഖമാക്കുന്നതിൽ ആ കവിതകൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്.
ഇതുകൊണ്ടൊക്കെത്തന്നെയാണ് ജനങ്ങൾ വയലാറിനെ അങ്ങേയറ്റം സ്നേഹിച്ചത്. അദ്ദേഹം ആശുപത്രിയിലായപ്പോൾ കേരളത്തിന്റെ മനസുവിങ്ങി. ഇത്രയേറെ വേദനയോടെ കേരളത്തിലെ മറ്റൊരു കവിക്കും ജനങ്ങൾ അന്ത്യയാത്ര നൽകിയിട്ടില്ല. തിരുവനന്തപുരത്തു നിന്നു വയലാറിലേക്കു മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പോയപ്പോൾ റോഡിന്റെ ഇരുഭാഗത്തും കണ്ണീരോടെ കാത്തുനിൽക്കുകയായിരുന്നു ജനങ്ങൾ.
വയലാറിനെ ആകെ ഒരിക്കലേ ഞാൻ കണ്ടിട്ടുള്ളു. കണ്ട തീയതി ഞാൻ ഇപ്പോഴും ഓർമിക്കുന്നുണ്ട്. 1975 ഒക്ടോബർ 20. ചങ്ങനാശേരി എൻ.എസ്.എസ് കോളേജ് യൂണിയന്റെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു വയലാർ. അന്നു ഞാൻ വിദ്യാർത്ഥിയാണ്. ആ കോളേജിലല്ല. എങ്കിലും വയലാർ വരുന്നുണ്ട് എന്നറിഞ്ഞ് ഞാൻ അവിടെ എത്തി. കേട്ട നിരവധിയായ ഗാനങ്ങളിലൂടെ, വായിച്ച വൈവിദ്ധ്യമാർന്ന കവിതകളിലൂടെ മനസിൽ ഒരു സ്വപ്നബിംബമായി നിൽക്കുകയായിരുന്നു അന്ന് വയലാർ. അതിന്റെ ആകർഷകത്വമാണ് എന്നെ അവിടേയ്ക്ക് എത്തിച്ചത്. ഒരു പ്രൊഫസർ എന്നെ അദ്ദേഹം ഇരുന്ന റൂമിൽ എത്തിച്ചു; വയലാറിനെ കാണാൻ എത്തിയതാണ് എന്ന വിശേഷണത്തോടെ. അവിടെ അപ്പോൾ വയലാറിനൊപ്പം വിഖ്യാത സംഗീതജ്ഞനായ എൽ.പി.ആർ വർമ്മയും ഉണ്ടായിരുന്നു. വയലാർ എന്നെ അടുത്തു വിളിച്ച് ചേർത്തു നിർത്തി. എന്തൊക്കെയോ ചോദിച്ചു. ഞാൻ ഒരു വെള്ളക്കടലാസ് നീട്ടിയിട്ടു പറഞ്ഞു ''എന്തെങ്കിലും കുറിച്ചു തരണം""ആ വെള്ളക്കടലാസ് വാങ്ങിയിട്ട് വയലാർ ഇങ്ങനെ എഴുതി...
'പണ്ടേ തുരുമ്പിച്ച പൊന്നുടവാളുമായ്
തെണ്ടാതിരിക്കട്ടെ നാളയിക്ഷത്രിയൻ"
ഒരുപക്ഷേ വയലാർ എഴുതിയ അവസാന കവിത അതാകണം. പിന്നീട് ഒരാഴ്ചയേ അദ്ദേഹം ജീവിച്ചിരുന്നുള്ളു. പിറ്റേന്ന് അദ്ദേഹം ബോധമറ്റുവീണു. ചേർത്തല ഗ്രീൻ ഗാർഡൻസ് - തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിലായി പിന്നീടുള്ള ദിവസങ്ങൾ. 21 നും 27 നും ഇടയിലുള്ള ഒരാഴ്ചയിൽ ബോധത്തിനും അബോധത്തിനുമിടയിൽ ഉള്ള നൂൽപ്പാലസഞ്ചാരമായിരുന്നു. ഈ ഘട്ടത്തിൽ അദ്ദേഹം കവിത എഴുതിയിരിക്കാനിടയില്ല. 27 ന് അദ്ദേഹം വിട പറയുകയും ചെയ്തു. അവസാനത്തെ കവിതകുറിച്ചത് ഞാൻ നീട്ടിയ വെള്ളക്കടലാസിലാണെന്നത് എന്റെ സന്തോഷമോ ദുഃഖമോ അഭിമാനമോ ഒക്കെയാണ്. ജീവിതത്തിലെ സ്മരണീയ ദിനങ്ങളിലൊന്നായി ഞാൻ ആ ഒക്ടോബർ 20നെ മനസിൽ കൊണ്ടു നടക്കുന്നു. അന്നു വയലാറിനൊപ്പം ഉണ്ടായിരുന്ന എൽ.പി.ആർ വെള്ളക്കടലാസ് എന്റെ കൈയിൽ നിന്നു വാങ്ങിനോക്കി. എന്നിട്ട് എൽ.പി. ആർ വയലാറിനോടു ചോദിച്ചു: 'പൊന്നുടവാൾ തുരുമ്പിക്കുമോ" അപ്പോൾ വയലാർ പറഞ്ഞ ഒരു മറുപടിയുണ്ട്. 'നിരൂപകരേ ഇത്തരം ചോദ്യങ്ങൾ ചോദിക്കൂ." എന്നിട്ട് വയലാർ വിശദീകരിച്ചു: ''പൊന്നുമോൾ എന്നു പറഞ്ഞാൽ പൊന്നു കൊണ്ടുള്ള മോൾ എന്നല്ല. പൊന്നുതമ്പുരാൻ എന്നുപറഞ്ഞാൽ പൊന്നുകൊണ്ടുണ്ടാക്കിയ തമ്പുരാൻ എന്നുമല്ല. അതേപോലെ പൊന്നുടവാൾ എന്നു പറഞ്ഞാൽ പൊന്നുകൊണ്ടുണ്ടാക്കിയ വാൾ എന്നുമല്ല. പക്ഷേ കവിത മനസിലാവാത്ത നിരൂപകർക്ക് പൊന്നുടവാൾ എന്നു കേട്ടാൽ പൊന്നു കൊണ്ടുണ്ടാക്കിയ വാൾ എന്നേ തോന്നൂ. നിരൂപകനായിരിക്കുക എന്നാൽ, ഇങ്ങനെ തലതിരിഞ്ഞ രീതിയിൽ കാര്യങ്ങളെ കാണുക, കാവ്യഭംഗി മനസിലാക്കാൻ കഴിയാതെ പോവുക; എന്നൊക്കെയാണ് അർത്ഥം. എൽ.പി.ആർ എന്താ നിരൂപകനാവാൻ ഭാവമുണ്ടോ?""
വയലാർ അന്നു പറഞ്ഞ ഈ തലതിരഞ്ഞ നിരൂപണമുണ്ടല്ലോ; അതിന്റെ ഒന്നാം നമ്പർ ഇര തന്നെയായിട്ടുണ്ട് വയലാർ. ആരെയും എന്തെങ്കിലുമൊക്കെ മുദ്രയടിച്ചു കളത്തിനു പുറത്താക്കാൻ ശ്രമിക്കുന്ന നിരൂപകർ പി. കുഞ്ഞിരാമൻ നായരെപോലും ഭക്തകവി എന്നു മുദ്രയടിച്ചുമാറ്റി നിർത്താൻ നോക്കി. അവർ വയലാറിനെ ഒരു 'മാറ്റൊലിക്കവി" എന്ന് ആക്ഷേപിച്ചകറ്റാൻ ശ്രമിച്ചു.
എന്തുകൊണ്ടാണ് അങ്ങനെയൊരു ആക്ഷേപമുണ്ടായത്? ചങ്ങമ്പുഴയുടേതിനു സമാനമായ പദസ്വാധീനം വയലാറിനുണ്ടായിരുന്നു. ചങ്ങമ്പുഴയുടേതിനു സമാനമായ ഗാനാത്മകത വയലാറിനുണ്ടായിരന്നു. പദസ്വാധീനവും ഗാനാത്മകതയും കവിയെ സംബന്ധിച്ചിടത്തോളം അപരാധമാകുമോ? അതില്ലാതിരിക്കുന്നതല്ലേ സത്യത്തിൽ പോരായ്മ? ഗാനാത്മകതയും പദസ്വാധീനവും അധികയോഗ്യത ആവേണ്ടതല്ലേ? ആധുനിക പാശ്ചാത്യനിരൂപകർ പറയുന്നത് ഭാഷയെ കീഴടക്കലാണ് കവിത്വത്തിന്റെ ആദ്യപടി എന്നാണ്. അതായത് ഡിക്ഷൻ ഉറപ്പിക്കൽ. ഈ വഴിക്കു ചിന്തിക്കാൻ നമ്മുടെ നിരൂപകർ തയ്യാറായില്ല.
ചങ്ങമ്പുഴയ്ക്കില്ലാത്ത പലതും വയലാറിനുണ്ടായിരുന്നു. ചങ്ങമ്പുഴക്കവിതയുടെ അന്തർധാരയായിരുന്നു വിഷാദാത്മകത. വയലാറിനെ അത് തൊട്ടുതീണ്ടിയിട്ടില്ല. 'എനിക്കുവേണം; ഇവ എനിക്കുവേണം" എന്ന മട്ടിൽ ജീവിതത്തിന്റെ മുന്തിരിസത്ത് ആവോളം നുകരാനാഗ്രഹിച്ചിട്ടേയുള്ളൂ വയലാർ. ഈ ഭാവം സ്ഫുരിച്ചു നിൽക്കുന്ന ഒരു ഡസൻ പാട്ടുകളെങ്കിലും എടുത്തു നിരത്താം. ശുഭവിശ്വാസപരമായ ഒരു പ്രത്യാശ പങ്കുവയ്ക്കുന്നതല്ലാതെ ഒന്നും വയലാർ എഴുതിയിട്ടില്ല.
കാലത്തിന്റെ ഒരു പാറ്റിക്കൊഴിക്കലുണ്ട്. ആ പാറ്റിക്കൊഴിക്കലിൽ അതിജീവിക്കുന്ന കവിതയാണ് വയലാറിന്റേത്. ഒരു പതിറ്റാണ്ടിലെ ശ്രദ്ധേയമായ കവിതയായി ചിലർ കാണുന്നത് കാൽനൂറ്റാണ്ടിന്റെയോ അരനൂറ്റാണ്ടിന്റെയോ കണക്കെടുപ്പിൽ ഉണ്ടായിക്കൊള്ളണമെന്നേയില്ല. അന്തരിച്ച് അരനൂറ്റാണ്ടാവുമ്പൊഴും ഒരു കവി നിലനിൽക്കുന്നുവെന്നു പറഞ്ഞാൽ ആ കവി സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പ്പായിരിക്കുന്നുവെന്നാണ് അർത്ഥം. എല്ലാ കാലത്തേയ്ക്കുമായി നിലനിൽക്കും എന്നാണ് അർത്ഥം.
'സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരുതത്വശാസ്ത്രത്തെയും." ഈ വീക്ഷണം പ്രതിഫലിക്കുന്ന കവിതകളേ വയലാർ എഴുതിയിട്ടുള്ളൂ. ഇതായിരുന്നിട്ടുണ്ട് വയലാറിന്റെ മാനിഫെസ്റ്റോ. എല്ലാ നല്ല കവികൾക്കും അവരുടേതായ ഒരു മാനിഫെസ്റ്റോ ഉണ്ടാവും. വാൽമീകിക്ക്
'മാ നിഷാദപ്രതിഷ്ഠാംത്വ
മഗമശാശ്വതീസമാ
യത് ക്രൗഞ്ചമിഥുനാദേക-
മവധീ കാമമോഹിതം" എന്നതായിരുന്നു.
വ്യാസന്,
'ധർമ്മദർത്ഥശ്ച കാമശ്ച
സധർമ്മം കിം ന സേവ്യതേ" എന്നതായിരുന്നു.
ആശാന,്
'ഏകാന്തം വിഷമമൃതാക്കിയും വെറും
പാഴാകാശങ്ങളിലലർവാടി ആരചിച്ചും
ലോകാനുഗ്രഹപരയായെഴും കലേ, നിൻ
ശ്രീകാൽത്താരിണയടിയങ്ങൾ കുമ്പിടുന്നു". എന്നതായിരുന്നിട്ടുണ്ട് മാനിഫെസ്റ്റോ.
അനുഭൂതിയുടെ പ്രസരണം മനസിൽ സാദ്ധ്യമാക്കുന്ന എത്രയെത്ര കവിതകളാണ് വയലാറിന്റേതായി നമുക്കു ലഭിച്ചത്.
'വേദന വിങ്ങും സമൂഹത്തിൽ നിന്നു ഞാൻ
വേരോടെചീന്തിപ്പറിച്ചതാണിക്കഥ"
ഓരോ വയലാർ കവിതയും ഈ വിധത്തിൽ ഉണ്ടായതു തന്നെയാണ്. 'ആയിഷ"-യിലടക്കം നാം കാണുന്നത് വേദനിക്കുന്നവന്റെ മനസിനൊപ്പം നിൽക്കുന്ന കവിയെയാണ്. കവിതയെ കവിതയാക്കുന്ന പ്രധാനധർമ്മങ്ങളിലൊന്ന് അനുഭവിപ്പിക്കാനുള്ള ശേഷിയാണ്. 'അനുഭവാവസാനത്വ" എന്ന് ശങ്കരാചാര്യർ.
ആത്യന്തികമായിട്ടുള്ളത് അനുഭവമാണ്. ഇതുതന്നെയാണ് 'രോമംചീർക്കുന്നുണ്ടതുമതിയംബ വിശ്വസിപ്പാൻ" എന്ന് ആശാൻ പറഞ്ഞിടത്തും നാം കാണുന്നത്. രോമംചീർക്കുക എന്നത് അനുഭവിക്കലാണ്. ആ വഴിയിലൂടെ തന്നെയാണ് വയലാറും സഞ്ചരിച്ചത്.
മറ്റൊരു ധർമ്മം അതുവരെ അറിഞ്ഞിട്ടില്ലാത്ത അനുഭൂതികൾ മനസിൽ ഉണർത്തിയെടുക്കലാണ്. ആ വഴിക്കും സഞ്ചരിച്ചു വയലാർ.
സൗന്ദര്യാനുഭൂതിയുടെ എത്രയെത്ര മഴവിൽ ദ്യുതികളാണ് ആ കാവ്യലോകത്ത് പടർന്നു നിൽക്കുന്നത്.
'ചിത്രശിലാതലങ്ങൾക്കുമീതേ
മലർമെത്ത വിരിക്കും സുരഭിയാം തെന്നലിൽ
ആ രാത്രിസ്വപ്നവും കണ്ട്, വനനദീ
തീരത്തു ശ്രീരാമചന്ദ്രനുറങ്ങവേ,
കാട്ടിലൂടൊച്ചയുണ്ടാക്കാതനങ്ങാതെ,
ഓട്ടുവളകൾ കിലുങ്ങാതെയേകയായ്
ദാശരഥി തന്നരികത്ത,നുരാഗ
ദാഹപരവശയായ്വന്നു താടക
ഞാൺവടുവാർന്ന യുവാവിന്റെ കൈകളിൽ,
തോൾവരെയെത്തിക്കിടന്ന കാർകൂന്തലിൽ,
ഹേമാംഗകങ്ങളിൽതാടക തൻതളിർ
താമരമൊട്ടിളം കൈവിരലോടവേ,
അജ്ഞാതമേതോ മധുരാനുഭൂതി തൻ
അർത്ഥസുപ്താന്തർവികാരമുണരവേ,
ആദ്യത്തെ മാദകചുംബനത്തിൽത്തന്നെ
പൂത്തുവിടർന്നുപോയ്, രാമന്റെ കണ്ണുകൾ..."
ഇവിടെ അനുഭൂതിയുടെ സുഗന്ധമാണ് പ്രസരിക്കുന്നത്. സവിശേഷമായ ഒരു പറച്ചിൽ രീതിയുണ്ട് ഇതിൽ. ആ പറച്ചിൽ രീതിയാണ് കാവ്യഭാഷയെ രൂപപ്പെടുത്തുന്നത്. ആ വിധത്തിലുള്ള സൗന്ദര്യാത്മക ഭാഷയിലൂടെ രൂപപ്പെട്ടുവരുന്ന അനുഭൂതിജന്യങ്ങളായ കാവ്യകല്പനകൾ വയലാറിന്റെ കാവ്യലോകത്തും ചലച്ചിത്രഗാനലോകത്തും എത്രയോ ഉണ്ട്. ആ ഇമേജറിയിലൂടെ ഒന്നു കണ്ണോടിക്കാം.
1.പൊന്നരഞ്ഞാണം ഭൂമിക്കുചാർത്തും പുഴ
2.ഉദയാസ്തമയ പതാകകൾ പറക്കും രഥം
3.അപ്സരകന്യകകൾ പെറ്റുവളർത്തുന്ന ചിത്രശലഭങ്ങളായ സ്വപ്നങ്ങൾ
4.ആകാശപ്പൊയ്കയിലെ പൊന്നിൻ തോണി.
5.കിഴക്കൻ മലയിലെവെണ്ണിലാവായ ക്രിസ്ത്യാനിപ്പെണ്ണ്.
6.തിരുമെയ് നിറയെ പുളകങ്ങൾ കൊണ്ടുചാർത്തിക്കുന്ന തിരുവാഭരണങ്ങൾ...
7.മന്ത്രത്തിൽ കുതിർത്തൊരാളണിയിച്ചതോ ഗന്ധർവൻ കൊണ്ടുവന്നു തൊടുവിച്ചതോ എന്ന് സംശയിക്കാവുന്നതും മനസിൽ കണ്ടതുമെത്തയിൽ വീഴ്ത്തുന്നതുമായ മൃഗമദതിലകങ്ങൾ
8.മാനത്തെ നവരത്നവ്യാപാരത്തെരുവുകളിൽ മഞ്ചലേറിവന്നിറങ്ങുന്ന ഒരു കോടിദ്വീപുകളുടെ അധിപനായ രത്നവ്യാപാരിയോട് ഒരു വളയ്ക്കു മുത്തുതരൂ; ഒരു മിന്നിനു പൊന്നുതരൂ എന്ന് അപേക്ഷിക്കുന്ന മനസ്
9.സ്വപ്നത്തിൻ സ്വരരാഗ സംഗീതസദസുകളിൽ സ്വർണ്ണവീണമീട്ടിവന്ന സ്വർഗസഞ്ചാരിയോട് 'ഒരുനിമിഷംകൂടെവരൂ; ഒരു പല്ലവി പാടിത്തരൂ"... എന്നപേക്ഷിക്കുന്ന മനസ് എന്നിങ്ങനെ അനുഭൂതിയുടെ വൈവിദ്ധ്യസമൃദ്ധമായ ലോകം തുറന്നുവയ്ക്കുകയാണ് നമുക്കു മുമ്പിൽ ആ ഗാനലോകം. എഴുതിയത് സിനിമക്കുവേണ്ടിയാണ് എന്നതിന്റെ പേരിൽ നമുക്ക് എങ്ങനെ നിരാകരിക്കാനാവും കഥാസന്ദർഭത്തെ അനുസരിക്കുമ്പോൾത്തന്നെ സിനിമയുടെ ചട്ടക്കൂടിനെ അതിലംഘിച്ച് നമ്മുടെ സംസ്കൃതിയിൽ ചേക്കേറുന്ന ഭാവഗംഭീരങ്ങളായ ഇത്തരം കല്പനകളെ?
അനുഭവാത്മകതയാണ് ആ കാവ്യലോകത്തെ മറ്റൊരു സവിശേഷത.
കണ്ണുതുറക്കാത്ത ദൈവങ്ങളെയും കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയെയും അത് നമുക്കു മുമ്പിൽ തുറന്നുവയ്ക്കുന്നു.
സ്ഥിതിവ്യവസ്ഥയെ ചോദ്യം ചെയ്യുകയും അതിന്റെ നീതിഘടനയെ സമത്വത്തിലധിഷ്ഠിതമായ ഒരു പുത്തൻ നീതിപ്രമാണംകൊണ്ടു പകരംവയ്ക്കുകയും ചെയ്യുന്നുണ്ട് ആ കാവ്യലോകത്തെ സമരസജ്ജത. അവിടെയാണ് ബലികൂടീരങ്ങളേ പോലുള്ള ഗാനങ്ങൾ അടയാളപ്പെടുത്തപ്പെടുന്നത്. പ്രവാചകന്മാരേ എന്നതടക്കം എത്രയോ ഗാനങ്ങളുണ്ട് ആ മേഖലയിൽ.
1.പ്രഭാതഗോപുരവാതിൽതുറന്നു
പണ്ടുമനുഷ്യൻ വന്നു..
വിശ്വപ്രകൃതി വെറുംകൈയ്യോടെ
വിരുന്നു നൽകാൻ നിന്നു.... എന്ന സങ്കൽപ്പം നമ്മുടെ ആധുനിക കവിതയ്ക്കുപോലും കൈയെത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിൽ നിൽക്കുന്നു. പ്രളയപയോധിയിൽ മയങ്ങിയുണർന്ന പ്രഭാമയൂഖമായകാലം, ഉദയാസ്തമയപതാകകൾ പറക്കും രഥവുമായി നിൽക്കുന്ന കാലം എന്നിവയും അത്യാധുനികതയ്ക്ക് കയ്യെത്തിപിടിക്കാൻ ആവാത്ത ഉയരങ്ങളിൽതന്നെ.
വയലാർ വിപ്ലവപ്രസ്ഥാനത്തിൽ നിന്നു പിന്തിരിഞ്ഞുപോയി എന്ന് ഒരു വിമർശനമുണ്ടായിട്ടുണ്ട്.
'വാളല്ലെൻ സമരായുധം,
ഝണഝണധ്വാനം മുഴക്കീടുവാ-
നാളല്ലെൻ കരവാളുവിറ്റൊരുമണി-
പ്പൊൻവീണ വാങ്ങിച്ചു ഞാൻ
രാഗം, താളലയശ്രുതിസ്വരമിവ-
യ്ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-
ല്ലെൻ പ്രേമതീർത്ഥങ്ങളിൽ"
എന്ന് വയലാർ എഴുതിയപ്പോഴാണ് വയലാർ വിപ്ലവവിമുഖനായി എന്ന വിമർശനം ഉയർന്നുവന്നത്. അപ്പോൾ അതിന് വയലാർ തന്നെ മറുപടി പറഞ്ഞു:
'ഞാനെന്റെവല്മീകത്തിലിത്തിരി നേരം ധ്യാന-
ലീനനായിരുന്നതു മൗനമായ് മാറാനല്ല.
മൗനത്തെ മഹാശബ്ദമാക്കുവാൻ; നിശ്ചഞ്ചല
ധ്യാനത്തെ ചനലമായ് ശക്തിയായുണർത്തുവാൻ"
എന്നതായിരുന്നു വിശദീകരണം. അവിടെയും നിർത്തിയില്ല വയലാർ.
'ഉടവാളുരുക്കി ഞാൻ വീണതീർത്തതുകൈയിൽ
ഉറക്കുപാട്ടുംപാടി സഞ്ചരിക്കുവാനല്ല;
കാറ്റടിച്ചിളകുന്ന കാലത്തിൻ ധീരസ്വരം
മാറ്റത്തിൻ രാഗം താളം പല്ലവിയാക്കാനല്ലോ
മനുഷ്യമസ്തിഷക്കത്തോടല്ല, മാംസത്തോടല്ല
മനസിനോടേകാവ്യഹൃദയംസംസാരിക്കൂ"
എന്ന് അദ്ദേഹം സംശയങ്ങളുടെ എല്ലാ മാറാലകളും നീക്കിത്തന്നു.
മനുഷ്യത്വത്തിന്റെ അജയ്യതയുടെ ഉദ്ഘോഷകനായിരുന്നു വയലാർ എന്നും. വിധിക്കുമേലേ മനുഷ്യന്റെ മേധാശക്തിയെ സ്ഥാപിക്കുന്നതായിരുന്നു എന്നും വയലാറിന്റെ സർഗാത്മകത.
'കുതിരപ്പുറത്തു ഞാൻ പാഞ്ഞുപോകുമ്പോൾ,
കൈയിൽ
കുതറിത്തുള്ളിക്കൊണ്ടെൻ
ചാട്ടവാറാളിളകുമ്പോൾ
നടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളിൽകുള-
മ്പടികൾ പതിയുമ്പോൾ ഈ അണ്ഡകടാഹങ്ങൾ"
എന്ന മട്ടിൽ ഗോളങ്ങളിൽ നിന്നു ഗോളങ്ങളിലേക്കു പദംവെച്ച് സഞ്ചരിക്കുന്ന അജയ്യമായ മനുഷ്യമഹാശക്തിയായിരുന്നു വയലാറിന്റെ കവിതകളിൽ എന്നും അശ്വമേധശക്തിയായി സജ്ജതയോടെ നിലകൊണ്ടത്.
'ഇപ്രപഞ്ചത്തെ കൈയിൽ
അമ്മാനമാടിക്കൊണ്ടോ
രത്ഭുതസർഗാത്മകശക്തിയെ കണ്ടിട്ടില്ലേ
ഞാനാണ,തജയ്യനാം മനുഷ്യൻ; ജയിക്കുന്നു
ഞാൻ; അഹർനിശമെന്റെസന്ദേശം ജയിക്കുന്നു."
എന്ന വിളംബരത്തോടെ കാലത്തിനൊപ്പം വിശ്വചക്രവാളങ്ങളോളം സഞ്ചരിക്കുകയായിരുന്നു എന്നും ആ സർഗശക്തി. യുക്തിയും ശാസ്ത്രവും വിപ്ലവബോധവും അതിന്റെ കുതിപ്പിനുള്ള ഇന്ധനങ്ങളായി.
ഇതുപോലെ എല്ലാവിഭാഗം ആസ്വാദകരെയും തൃപ്തിപ്പെടുത്തിയ, എല്ലാവരുടേതുമായി മാറിയ മറ്റൊരുകവിയില്ല. ഈശ്വരവിശ്വാസിക്കു വേണ്ടത്, നിരീശ്വരവാദിക്ക് വേണ്ടത്, ലൗകികവാദിക്കു വേണ്ടത്, അത്മീയവാദിക്കു വേണ്ടത്, ഭക്തനു വേണ്ടത്, വിരക്തനു വേണ്ടത്, കാമുകന് വേണ്ടത്, ഋഷിക്കുവേണ്ടത് എന്നുവേണ്ട എല്ലാവർക്കും വേണ്ടത് ആ കവിതയിലുണ്ട്. ആവശ്യക്കാർ തൊട്ടെടുക്കേണ്ടതേയുള്ളൂ.
പല ഘട്ടങ്ങളിലും പ്രവചനാത്മകത കൈവരിച്ചു വയലാർ കവിത. ഒറ്റ ഉദാഹരണം മാത്രം മതി ഈ സിദ്ധിവിശേഷത്തെ മനസിലാക്കാൻ.
'നീ ഇന്ത്യക്കൊരുശാപമായിവരുമെ-
ന്നാരോർത്തുയജ്ഞപ്പുക-
ത്തീയിൽ പണ്ടുകുരുത്ത മാനവമഹാ-
സംസ്കാരമല്ലല്ലി നീ
ചായില്യങ്ങൾ വരച്ച പൊയ്മുഖവുമായ്
നിൻ മന്ത്രവാദം നിന-
ക്കീയില്ലത്തു നിർത്തുവാൻ സമയമാ-
യില്ലേ സമൂഹാന്ധതേ...."
എന്ന കവിതയിലൂടെ നാം ഇന്നുകാണുന്നത് രാഷ്ട്രീയക്കാരന് മുമ്പേ സഞ്ചരിച്ച കവിയുടെ മനസാണ്. എത്ര കൃത്യമായാണ് വരാൻ പോകുന്ന കാര്യങ്ങളെ വയലാർ ഈ കവിതകൊണ്ട് അടയാളപ്പെടുത്തിയത്. വയലാർ ഇതെഴുതുമ്പോൾ, രാഷ്ട്രീയം ഈ സമൂഹാന്ധത ഇന്ത്യക്കു ശാപമായി വരുമെന്ന് കണ്ടിരുന്നില്ല എന്നതല്ലേ യാഥാർത്ഥ്യം?
'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി
മണ്ണു പങ്കുവെച്ചു, മനസു പങ്കുവെച്ചു."
എന്ന വരികളിലൂടെ വയലാർ കൃത്യമായ സമൂഹചിത്രണം നടത്തിയപ്പോൾ മതങ്ങൾ മണ്ണിനെയും മനുഷ്യനെയും പങ്കിടുമെന്ന് അധികം പേരൊന്നും ഓർത്തില്ല. അന്ധകാരത്തിനെ കാവിയുടുപ്പിച്ചു സന്ധ്യ പടിഞ്ഞാറു വന്നിരിക്കുന്നു വെന്ന് ഇന്ത്യക്ക് മുന്നറിയിപ്പു നൽകിയത് ഈ കവിയാണ്. കാവിചുറ്റിയ സന്ധ്യക്കു പിന്നിൽ കറുത്തവാവുകളാണുള്ളത് എന്ന് കാലത്തിനു മുമ്പേ നടന്നുകൊണ്ട് വിളംബരം ചെയ്തതും ഈ കവിയാണ്. കവിതയിൽ മാത്രം കേന്ദ്രീകരിച്ചുവെന്ന് അഭിമാനിക്കുന്ന പലർക്കും ഒരിക്കലും കഴിഞ്ഞിട്ടില്ലാത്ത ദാർശനികമാനങ്ങൾ കവിതയിലൂടെ വയലാർ കൈയെത്തിപ്പിടിച്ചത് ഒരേസമയം പല മേഖലകളിൽ വ്യാപരിച്ചുകൊണ്ടാണ്. പലമേഖലകളിൽ വ്യാപരിച്ച്, ഒറ്റ മേഖലയിൽ കേന്ദ്രീകരിച്ചവർക്ക് അസാദ്ധ്യമായത് സാദ്ധ്യമാക്കി വയലാർ.
എന്നും സ്ത്രീപക്ഷത്തു നിന്നു എഴുത്തിൽ വയലാർ. തീരാത്ത ദുഃഖത്തിൻ തീരത്തൊരു നാൾ സ്ത്രീയായ് ദൈവം ജനിക്കേണം എന്നുതുടങ്ങുന്ന ഗാനം മഷികൊണ്ടല്ല, കണ്ണീരുകൊണ്ടാണ് വയലാർ എഴുതിയിട്ടുള്ളത്. എഴുതിയത് സിനിമക്കുവേണ്ടിയായിപ്പോയി എന്ന കാരണംകൊണ്ട് സാഹിത്യത്തിൽ നിന്നും അതിനെ റദ്ദുചെയ്യാൻ ഒക്കുമോ? 'മണ്ണിൽ പെണ്ണായി പിറന്ന തെറ്റിനു മാപ്പുതരൂ", 'കാളിദാസൻ മരിച്ചു, കണ്വമാമുനി മരിച്ചു.... ശകുന്തള മാത്രം മരിച്ചില്ല" എന്നിങ്ങനെ എത്രയോ ഗാനങ്ങൾ വയലാറിലെ സ്ത്രീപക്ഷ കവിയെ ഉയർത്തിക്കാട്ടുന്നു.
ബിംബകല്പനയിലൂടെ സർഗാത്മക വിസ്മയം സൃഷ്ടിച്ചു വയലാർ എന്നും. നവോന്മേഷദായകമായ മൗലികബിംബങ്ങളുടെ ഘോഷയാത്രയാണ് നാം ആ ഗാനലോകത്ത് കാണുന്നത്. തൊഴുതുതൊഴുതു മിഴിയടഞ്ഞ മെഴുകുതിരികൾ, നഗരം കാണാത്ത....നാണം മാറാത്ത നാടൻ പെണ്ണായ പെരിയാർ, പുറത്തു പച്ചില മെതിയടിയിട്ടുള്ള തത്തമ്മയുടെ നടക്കൽ, പാതിവിടർന്നാൽ കൊഴിയുന്ന പൂവായ പ്രേമം, അപ്സര കന്യകകൾ പെറ്റുവളർത്തുന്ന ചിത്രശലഭങ്ങളായ സ്വപ്നങ്ങൾ, മാലിനി നദിയിൽ കണ്ണാടി നോക്കുന്ന മാൻപേട, കനലിനെ ഊതിയൂതികത്തുന്ന സൂര്യനാക്കുന്ന കാലം, അന്ധകാരത്തിനെ കാവിയുടുപ്പിച്ച സന്ധ്യ, പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തിയ പുഴ, ഉദയാസ്തമയ പതാകകൾ പറക്കുന്ന കാലത്തിന്റെ രഥം, മുത്തുടവാൾ മുനയാലേ നെറ്റിയിൽ കുങ്കുമം ചാർത്തി അങ്കംകുറിച്ചുവരുന്ന കാലം.... എന്നിങ്ങനെ എത്രയെത്ര അചുംബിത കല്പനകളാണ് ആ ഗാനലോകത്തുള്ളത്.
ശാസ്ത്രീയ വീക്ഷണമാണ് വയലാറിന്റെ മറ്റൊരു പ്രത്യേകത. സ്വർണത്താഴികക്കുടമോ, താരാപഥത്തിലെ രഥമോ, കവികൾ പുകഴ്ത്തുന്ന സ്വർണമയൂഖമോ അല്ല ചന്ദ്രബിംബം എന്ന് ഈ കവി നമുക്ക് പറഞ്ഞുതരുന്നു. സർഗസ്വരൂപിയായ ശാസ്ത്രം നിർമ്മിക്കുന്ന അഗ്നികുണ്ഡങ്ങൾക്കുള്ളിൽ എരിയേണ്ട മുഖംമൂടികൾ നമുക്കുകാട്ടിത്തന്നു. പരശുരാമൻ മഴുവെറിഞ്ഞ് നേടിയതോ, തിരകൾ വന്ന് തിരുമുൽക്കാഴ്ച നൽകിയതോ അല്ല ഈ കേരളം എന്ന് ഈ കവി ആവർത്തിച്ചുറപ്പിച്ചു. ശാസ്ത്രം കവിതയുമായി ഇണങ്ങിപ്പോകുന്നതാണ് ഇവിടെയൊക്കെ നാം കണ്ടത്. സൗന്ദര്യത്തിന്റെ കണ്ണ് പൊട്ടിക്കുന്നതാണ് ശാസ്ത്രം എന്നുകരുതിയ കവികളിൽ നിന്ന് ഇങ്ങനെ വേറിട്ടു നിന്നു കാലാനുസാരിയായി സഞ്ചരിച്ച ഈ കവി.
മലയാളി കേട്ട ഏറ്റവും നല്ല ഹൈന്ദവ ഭക്തിഗാനങ്ങളിൽ പലതും ഈ കവിയുടേതാണ്. ചെത്തിമന്ദാരം തുളസി, കൈലാസ ശൈലാദ്രിനാഥാ, ശബരിമലയിൽ തങ്കസൂര്യോദയം എന്നിങ്ങനെ എത്രയോ എണ്ണം. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ദയാപരനായ കർത്താവേ, മുൾക്കിരീടം ഇതെന്തിനു നൽകി, ഓമനക്കയ്യിലൊലിവിലക്കൊമ്പുമായ്, ഇടയകന്യകേ പോവുക നീ, നിത്യവിശുദ്ധയാം കന്യാമറിയമേ, കുരുത്തോലപെരുന്നാളിന് പള്ളിയിൽ പോയ ്വരും, ആകാശങ്ങളിലിരിക്കും ഞങ്ങടെ, വിശുദ്ധനായ സബാസ്റ്റ്യാനോസേ, ദൈവപുത്രന് വീഥിയൊരുക്കുവാൻ, യെരുശലേമിലെ സ്വർഗ്ഗദൂതാ എന്നിങ്ങനെ എത്രയോ ഗാനങ്ങൾ, എത്രയോ ബിബ്ലിക്കൽ കല്പനകൾ.
തത്വചിന്തയുടെ ദാർശനിക തലത്തിലേക്ക് വളരുന്ന ജീവിത നിർവചനത്തിന്റെ ഗാനങ്ങളുമുണ്ട് നിരവധി. ചൊട്ടമുതൽ ചുടലവരെ, ആകാശത്തിലെ കുരുവികൾ വിതയ്ക്കുന്നില്ല, ജീവിതമൊരു ചുമടുവണ്ടി, നിത്യപ്രകാശത്തെ കീഴടക്കാൻ നിന്ന നിഴലിൻ പ്രതികാരം, ഞാൻ ഞാൻ ഞാൻ എന്ന ഭാവം, വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ, പ്രളയപയോധിയിൽ തുടങ്ങിയ ഗാനങ്ങൾ ഉദാഹരണങ്ങൾ.
മലയാളി പ്രണയിച്ചത്, ദുഃഖിച്ചത്, സമരോത്സുകമായി മുന്നേറിയത്, കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഈ ഗാനങ്ങളുടെ കൈപിടിച്ചു കൊണ്ടുതന്നെയായിരുന്നു, ഈ പാട്ടിന്റെ ഈണങ്ങളിലായിരുന്നു. വയലാർ ഒരു നാടക ഗാനത്തിലെഴുതി
'മറക്കുമോ നീ എന്റെ മൗനഗാനം
മരിച്ചു ഞാൻ വീഴുകിലും നിലയ്ക്കാത്ത ഗാനം"
അതെ. വയലാർ മരിച്ചുവീണിട്ടും നിലയ്ക്കാതെ ഒഴുകുകയാണ് വിസ്മൃതിയുടെ മഹാസാഗരത്തിൽ ഒരിക്കലും ചെന്നുപതിക്കാതെ അനശ്വരമായ ആ വയലാർ ഗാനപ്രവാഹം, ആ വയലാർ കാവ്യപ്രവാഹം. ആ അനശ്വരതയെക്കുറിച്ച് എനിക്ക് നല്ല ഉറപ്പുണ്ട്. അതുകൊണ്ടാണ് ഒരിക്കൽ ഞാൻ ഇങ്ങനെ കുറിച്ചത്:
'പുകയാൽകണ്ണുകാണാതാ-
യിരിക്കാമന്നുസന്ധ്യയിൽ
ചിതാഗ്നിക്ക്-അഗ്നിയല്ലെങ്കിൽ
തൊടുമോ വയലാറിനെ?"