സംസ്ഥാനചലച്ചിത്ര പുരസ്കാരങ്ങൾ ഇത്തവണ നിർണയിച്ചത് സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ്.
സിനിമാവിശേഷങ്ങളുമായി സുഹാസിനി
സിനിമയുടെ കൈയെത്തും ദൂരത്തുണ്ട് എന്നും സുഹാസിനി. നടി, എഴുത്തുകാരി, സംവിധായക, വോയ്സ് ആർട്ടിസ്റ്റ്... സുഹാസിനിയുടെ ഇടങ്ങൾ ഏറെ വ്യത്യസ്തമാണ്. സുഹാസിനിയെ വീണ്ടും മലയാള സിനിമയിൽ കാണാൻ കൊതിക്കുന്നവരാണ് മലയാളികൾ. ദക്ഷിണേന്ത്യൻ സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന സുഹാസിനിക്ക് പറയാനേറെയുണ്ട് വിശേഷങ്ങൾ...
മലയാള സിനിമയ്ക്ക് മാർക്കിട്ടപ്പോൾ
നിലവാരമുള്ള കുറെ സിനിമകൾ. 35 ഓളം സിനിമകൾ കണ്ടു. അഭിനേതാക്കളാണെങ്കിലും ഛായാഗ്രാഹകരാണെങ്കിലും സംവിധായകരാണെങ്കിലും അങ്ങനെ എല്ലാ മേഖലകളിലും പൂർണമായും മികവ് പ്രകടമാകുന്ന സിനിമകളാണ്. കാമ്പുള്ള കഥകളും ശക്തമായ കഥാപാത്രങ്ങളും തന്നെയായിരുന്നു എല്ലാ സിനിമകളുടെയും നെടുംതൂൺ. മികച്ച നടൻ, നടി വിഭാഗങ്ങളിലൊക്കെ കടുത്ത മത്സരമായിരുന്നു. നടന്മാരുടെ കാര്യമെടുത്താൽ സിനിമയുടെ കഥയെ തോളിലേന്തുന്ന കഥാപാത്രങ്ങളെയാണ് അവർക്കു അവതരിപ്പിക്കാനുണ്ടായിരുന്നത്. നടിമാരുടെ കാര്യത്തിലും കഥയിലെ പങ്കാളിത്തം പ്രധാനം തന്നെ. കഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ആ കഥാപാത്രങ്ങൾക്ക് മുഖ്യമായ ഒരു പങ്കുണ്ട്.
അന്തിമതീരുമാനമായിരുന്നു അത്
നടിമാരുടെ വിഭാഗത്തിൽ എല്ലാവരും വളരെ നന്നായി പെർഫോം ചെയ്തവരാണ്. ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞാലും തെറ്റില്ല. കാരണം ഓരോരുത്തരുടെയും പെർഫോമൻസിന് അതിന്റേതായ പ്ലസ് പോയിന്റുകൾ ഒരുപാടുണ്ടായിരുന്നു. എന്നിരുന്നാലും വിധിനിർണയം കൂട്ടായ തീരുമാനം തന്നെയായിരുന്നു. ഒറ്റക്കാഴ്ചയിലുള്ള കൂടുതലുകൾക്കും കുറവുകൾക്കും അപ്പുറത്ത് കാര്യമായ പഠനവും പലരുടെ അഭിപ്രായങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള വിലയിരുത്തലുകളും അതിനുണ്ട്. ജൂറിയുടെ അന്തിമതീരുമാനമാണ് നിങ്ങൾ കണ്ടത്. അതിനപ്പുറത്തേക്ക് ഒന്നും പ്രതികരിക്കേണ്ടതില്ലല്ലോ.
മനസിൽ പതിഞ്ഞ മലയാളം
എന്റെ കുട്ടിക്കാലത്ത് ഞാൻ മലയാളം സിനിമകൾ കണ്ടിട്ടില്ല. പക്ഷേ കേരളത്തിൽ പലയിടത്തും യാത്ര ചെയ്തിട്ടുണ്ട്. അന്ന് കേരളത്തിൽ ഞാൻ കണ്ട കാഴ്ചകൾ എന്റെ മനസിൽ പതിഞ്ഞിരുന്നു. ട്രെയിനിലൂടെയും മറ്റും യാത്ര ചെയ്യുമ്പോൾ കണ്ടിരുന്ന കുളിർമ്മ പകർന്നിരുന്ന കുറേ ദൃശ്യങ്ങൾ. നല്ല പച്ചപ്പുള്ള സ്ഥലങ്ങൾ, കൃഷിപ്പാടങ്ങളും പണിക്കാരും ചായക്കടകളും പള്ളിക്കൂടങ്ങളും അങ്ങനെ കുറെ നല്ല ദൃശ്യങ്ങൾ. പിന്നീട് എന്റെ കൗമാരപ്രായത്തിലാണ് ഞാൻ മലയാളം സിനിമ കണ്ടുതുടങ്ങിയത്. കുട്ടിക്കാലത്ത് യാത്രാമദ്ധ്യേ ഞാൻ കണ്ട കാഴ്ചകൾ തന്നെയായിരുന്നു സിനിമയിലും. അതാണ് മലയാള സിനിമയുടെ പ്രത്യേകത. യഥാർത്ഥ ജീവിതത്തെ അതേപോലെ ഒപ്പിയെടുക്കുന്ന രീതിയിലാണ് മലയാളത്തിൽ സിനിമകൾ ഒരുങ്ങുന്നത്. ഞാൻ മലയാളത്തിലെ സിനിമകൾ കാണാറുണ്ട്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും", 'കുമ്പളങ്ങി നൈറ്റ്സ്", 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ" തുടങ്ങി സിനിമകളെല്ലാം വളരെ ഇഷ്ടപ്പെട്ടു. തനിമയാർന്ന കഥകളാണ് ഇന്നും മലയാളം പറയുന്നത്. നല്ല സംവിധായകരും എഴുത്തുകാരുമൊക്കെയാണ് മലയാളത്തിലുള്ളത്. എന്നേക്കാൾ കൂടുതൽ മലയാളം സിനിമകൾ കാണുന്നത് മണിയാണ് (മണിരത്നം). ഞാൻ ഹിന്ദി, ഇംഗ്ലീഷ്,തമിഴ്, തെലുങ്ക്, മലയാളം അങ്ങനെ എല്ലാ ഭാഷകളിലുമുള്ള സിനിമകൾ കാണും. മലയാളത്തിലെ ചില സിനിമകൾ എനിക്ക് റഫർ ചെയ്യുന്നത് മണിയാണ്.
ദുൽഖറിന്റെ മത്സരം ബാപ്പയോട്
ദുൽഖറിന്റെ സിനിമകൾ വേറൊരു തലത്തിലാണ് പോവുന്നത്. അച്ഛനോട് തന്നെയാണ് ദുൽഖർ എന്ന മകന്റെ മത്സരം. ബോളിവുഡിലെ കാര്യമെടുത്താൽ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരേപോലെ ഇൻഡസ്ട്രിയിൽ ശോഭിക്കുന്നുവെങ്കിലും അഭിഷേക് വന്നപ്പോൾ ബിഗ് ബി കാരക്ടർ റോളുകളിൽ മുൻനിരപ്രകടനത്തിലേക്ക് മാറി. ദുൽഖറിന്റെ തമിഴ് സിനിമയൊക്കെകണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. എത്രയോ മികവാർന്ന രീതിയിലാണ് കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ ദുൽഖറിന് കഴിയുന്നത്. അഭിനയത്തിന്റെ കാര്യത്തിൽ ദുൽഖറിന്റെ കഴിവ് ഉയർന്ന റേഞ്ചിലാണ്.
മലയാളത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹം
മലയാളത്തിൽ 'മരക്കാർ അറബിക്കടലിന്റെ സിംഹ"ത്തിൽ ചെറിയ ഒരു വേഷത്തിൽ വന്നുപോയിരുന്നു. മലയാള സിനിമ എന്നും എനിക്ക് ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്നതാണ്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, കുഞ്ചാക്കോ ബോബൻ അങ്ങനെ പ്രതിഭാധനരായ എത്രയോ യുവതാരങ്ങളാണ് മലയാളത്തിലുള്ളത്. അവരുടെ ഒപ്പം അഭിനയിക്കാൻ എനിക്കാഗ്രഹമുണ്ട്. എനിക്ക് മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകണം. കാരണം കേരളവും മലയാളികളും എന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ ഹൃദയത്തോടടുത്തുനിൽക്കുന്നതുതന്നെ. മലയാളം ഇൻഡസ്ട്രിയിലെ പലരും വിചാരിക്കുക സുഹാസിനി മദ്രാസിലല്ലേ, അവിടന്ന് കേരളത്തിൽ വന്ന് അഭിനയിക്കുമോ എന്നൊക്കെ. പക്ഷേ മലയാളം സിനിമയ്ക്കുവേണ്ടി യുവസംവിധായകരുൾപ്പെടെ ആരെങ്കിലും എന്നെ വിളിച്ചാൽ അടുത്ത ഫ്ളൈറ്റിന് ഞാനവിടെ എത്തും. ഇല്ലെങ്കിൽ കാർ പിടിച്ചെങ്കിലും എത്തും. (ചിരിക്കുന്നു)
വാനപ്രസ്ഥവും മോഹൻലാലും
വളരെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു വാനപ്രസ്ഥത്തിൽ അഭിനയിച്ചതിന്റേത്. ആ സിനിമയെക്കുറിച്ച് ആദ്യം കേട്ടപ്പോഴേ പ്രതീക്ഷകളുണ്ടായിരുന്നു. പിന്നീടാണ് സിനിമയുടെ നിർമ്മാതാവ് മോഹൻലാൽ ആണെന്നറിയുന്നത്. അതോടെ കൂടുതൽ ഹാപ്പിയായി. എന്നാൽ ആ സിനിമയ്ക്കു വേണ്ടി എന്നെ വിളിക്കുന്ന സമയത്ത് എന്റെ ശരീരഭാരവും മറ്റും ആ കഥാപാത്രം ചെയ്യുന്നതിൽ നിന്ന് എന്നെ സ്വയം വിലക്കി. ഞാൻ തന്നെ ഡയറക്ടറോടും മോഹൻലാലിനോടും പറഞ്ഞിരുന്നു. ഈ കഥാപാത്രത്തിന് ശോഭനയെപ്പോലെയുള്ളവരല്ലേ കൂടുതൽ ശരിയാവുകയെന്ന്. പക്ഷേ അവർ രണ്ടുപേരും ആ കഥാപാത്രത്തിലേക്ക് സുഹാസിനിയെയാണ് കണ്ടിരിക്കുന്നത് എന്നാണ് അവർ പറഞ്ഞത്. എന്റെ ശാരീരികാവസ്ഥ ഒന്നു പാകപ്പെടുത്തിയെടുക്കുന്നതിന് മൂന്നുമാസം സമയം തരണമെന്ന് ഞാൻ പറഞ്ഞു. പിന്നീട് പലകാരണങ്ങൾ കൊണ്ട് ആറുമാസം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങിയത്. ശരിക്കും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് വാനപ്രസ്ഥത്തിൽ അഭിനയിച്ചതിന്റേത്. ആ സിനിമ കാൻ ചലച്ചിത്രോത്സവത്തിനൊക്കെ പോയിരുന്നു. എല്ലാവരും പറഞ്ഞിരുന്നു ആ സിനിമയ്ക്ക് സുഹാസിനിക്ക് ദേശീയ അവാർഡ് കിട്ടുമെന്നൊക്കെ. പക്ഷേ അതുണ്ടായില്ല. സിന്ധുഭൈരവിയിലെ അഭിനയത്തിന് എനിക്ക് ദേശീയ അവാർഡ് കിട്ടിയതുകൊണ്ട് പലരും അതുമായി താരതമ്യം ചെയ്താണ് വാനപ്രസ്ഥത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഉറപ്പിച്ച് പറഞ്ഞത്. പക്ഷേ എങ്ങനെ കിട്ടും? സിന്ധുഭൈരവിയിൽ മോഹൻലാൽ ഇല്ല, വാനപ്രസ്ഥത്തിൽ മോഹൻലാൽ ഉണ്ടല്ലോ.
ഒ.ടി.ടി ഭയപ്പെടുന്ന ഒന്നാണ്
സിനിമയുടെ മാറ്റം ഏറെ ഭയപ്പെടുത്തുന്നുണ്ട്. തിയേറ്ററിൽ നിന്നും ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്ക് സിനിമയെത്തുമ്പോൾ ഈ മാറ്റത്തെ അംഗീകരിക്കാൻ പറ്റുന്നില്ല. ഒരുപക്ഷേ ഇക്കാലമത്രയും ഞാൻ സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയും സിനിമയുടെ തനിമ ആസ്വദിക്കുകയും ചെയ്യുന്നയാൾ ആയതുകൊണ്ടാവാം. സിനിമ എന്നും വലിയ സ്ക്രീനിൽ കാണണം. ഇപ്പോഴത്തെ ഈ മാറ്റം പേടിപ്പെടുത്തുന്നുണ്ട്. സിനിമ എന്ന കഥ നിന്നുപോകുമോ എന്നൊക്കെയുള്ള പേടി ചിലപ്പോൾ മനസിനെ പിന്തുടരാറുണ്ട്. പക്ഷേ എന്തു ചെയ്യും? ഇപ്പോഴത്തെ നമ്മുടെ അവസ്ഥ ഇതല്ലേ? കാലത്തിന്റെ ഗതിക്കനുസരിച്ച് എല്ലാ മേഖലകളിലും മാറ്റങ്ങൾ സംഭവിക്കുകയാണ്. സിനിമയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങൾ വേറെയുമുണ്ട്. എല്ലാത്തിലും ശ്രദ്ധവേണം. സിനിമയിൽ പ്രവർത്തിക്കുന്നവരുടെ സംതൃപ്തിയും സന്തോഷവുമൊക്കെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്റെ ലൊക്കേഷനുകളിൽ ഞാൻ അത്രയും ശ്രദ്ധയോടെയാണ് മുന്നോട്ട് പോകുന്നത്. എന്റെ സെറ്റിൽ ഏതെങ്കിലും ഒരു പെൺകുട്ടിയുടെ മുഖം വാടിയിരിക്കുന്നത് കണ്ടാൽ തന്നെ ഞാൻ അവരുടെ അടുത്തേക്ക് ഓടിയെത്തും. വേണ്ടതെല്ലാം ചെയ്യും. സിനിമ എന്നത് സ്ത്രീകൾക്കും വളരെ സേഫ് ആയി ജോലിചെയ്യാൻ പറ്റുന്ന ഒരു ഇടമാകണം. സ്വയം പ്രതിരോധിക്കാനുള്ള മനസും ആത്മധൈര്യവും സ്ത്രീകൾ രൂപപ്പെടുത്തിയെടുക്കുക തന്നെ വേണം.
ഞാൻ എന്നും കരുത്തയാണ്
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതും ഒരു മകൾ എന്ന റോളാണ്. എന്റെ മാതാപിതാക്കളുടെ നല്ല ഒരു മകളായിരിക്കുക എന്നതിനപ്പുറത്തേക്ക് എന്നെ തൃപ്തിപ്പെടുത്തുന്ന മറ്റൊന്നില്ല. അവർ എനിക്കുതന്ന ഈ ജീവിതം വെറുതെയാവരുതെന്ന വാശിയുണ്ട്. ജീവിതത്തിന് എന്തെങ്കിലും ഒരർത്ഥമുണ്ടെന്ന് തെളിയിക്കുകയാണ് ലക്ഷ്യം. ഇപ്പോഴും മകൾ എന്ന രീതിയിൽ ജീവിതത്തിലെ ആ യാത്ര തുടരുകയാണ്. ഇന്ന് ഞാൻ ഒരു അഭിനേത്രിയാവുമ്പോഴും സിനിമാപ്രവർത്തകയാകുമ്പോഴുമെല്ലാം അവർ സന്തോഷിക്കുന്നു, അതാണ് എന്റെയും സന്തോഷം. പിന്നെ ജീവിതം എന്ന് പറയുന്നത് പലപ്പോഴും പരീക്ഷണങ്ങൾ കൂടിയുള്ളതാണ്. പല പ്രതിസന്ധികളും ചേർന്നതാണ് ജീവിതം. സിനിമാരംഗമായതുകൊണ്ടുതന്നെ കുറേ ഗോസിപ്പുകൾ കേട്ടിട്ടുണ്ട്. പലതിനും ചെവി കൊടുത്തില്ല. ഗോസിപ്പ് എപ്പോഴും ഗോസിപ്പ് മാത്രമാണ്. ഞാൻ എന്താണെന്ന്, ആരാണെന്ന് പലർക്കുമറിയില്ല. ഗോസിപ്പിനെ ഗോസിപ്പിന്റെ വഴിക്ക് വിട്ടേക്കൂ അതല്ലേ നല്ലത്. ജീവിതത്തിൽ ഞാൻ പിന്തുടരുന്ന ഒരു നയമുണ്ട്. നമ്മുടെ ജോലി നമ്മൾ നന്നായി ചെയ്യുക. ഉറപ്പായും അതിന്റെ ഫലം കിട്ടുകതന്നെ ചെയ്യും. ജീവിതത്തിൽ വിജയിച്ച ഒരു വ്യക്തിയായി ഞാൻ എന്നെ വിലയിരുത്തുന്നില്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു. അത് പണത്തിന് വേണ്ടിയോ അവാർഡിന് വേണ്ടിയോ ഒന്നുമല്ല. നമ്മിൽ തന്നെയുള്ള ഒരു വിശ്വാസമുണ്ട്, ലക്ഷ്യമുണ്ട് ? അതിനനുസരിച്ചുള്ള ഒരു യാത്രയിലാണ് ഞാനും.
രാഷ്ട്രീയമോ?
രാഷ്ട്രീയമോ അങ്ങനെ ഒന്ന് ചിന്തിക്കുന്നേയില്ല. മകൻ നന്ദൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിൽ താത്പര്യമുള്ള ആളാണ്. അവൻ ഇടയ്ക്ക് തമാശ പറയും അമ്മ രാഷ്ട്രീയത്തിലേക്ക് വരണ്ട. അവിടെ അമ്മയുടെ മകൻ എന്ന ലേബലായിപ്പോകും എന്ന്. പക്ഷേ അതൊന്നും കൊണ്ടല്ല, എനിക്ക് രാഷ്ട്രീയത്തോട് താത്പര്യമില്ല.
പുതിയ പ്രൊജക്ടുകൾ
ഇപ്പോൾ തെലുങ്കിൽ അഞ്ചു പ്രൊജക്ടുകൾ ചെയ്യുന്നു. മൂന്ന് സിനിമകളിലും ഡോക്ടർ വേഷങ്ങളാണ്. ഓങ്കോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് പിന്നെ ഒന്ന് പൊലീസ് ഓഫീസറുടെ വേഷം. മറ്റൊന്ന് ജഡ്ജിയുടെ വേഷമാണ്. നാഗേഷ് കുക്കുനൂറിന്റെ ഒരു സിനിമ ഉടൻ വരുന്നുണ്ട്. അത് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. വളരെ പ്രായമായ ഒരു സ്ത്രീയുടെ കഥാപാത്രമാണ്. മറ്റൊരു പരീക്ഷണം എന്നുതന്നെ പറയാം. തമിഴിൽ ശരത്കുമാറിന്റെ കൂടെ ഒരു പ്രൊജക്ടും ഞാൻ ചെയ്യാനിരിക്കുന്നുണ്ട്.