നീണ്ട ഇടവേളയ്ക്കുശേഷം കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കുന്നു. അപ്രതീക്ഷിതമായി കുറേ നാളുകൾ വീട്ടിലടയ്ക്കപ്പെട്ട കുട്ടികൾ പഠനമുറ്റത്തെത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ തീർത്തും അപരിചിതമായ ഒരു സാഹചര്യമാണ് കുട്ടികൾ അഭിമുഖീകരിക്കുന്നത്. വളരെ സ്വാതന്ത്ര്യത്തോടെ കൂട്ടു കൂടി നടക്കുന്ന സ്കൂൾ സാഹചര്യത്തിന് പകരം മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് സ്വയം നിയന്ത്രിച്ച് മുന്നോട്ടു പോകേണ്ട അവസ്ഥയിലാണ് നമ്മുടെ കുഞ്ഞുങ്ങൾ. ചില കുട്ടികൾ എങ്കിലും ആദ്യമായിട്ടായിരിക്കും സ്കൂൾ കാണുന്നത്. ഓൺലൈൻ വിദ്യാഭ്യാസവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ കുട്ടികൾക്ക് പെട്ടെന്ന് സ്കൂൾ ക്ലാസുകൾ ശ്രദ്ധിക്കേണ്ടി വരുമ്പോൾ ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്.
ദിനചര്യ ക്രമപ്പെടുത്തണം
ചില കുട്ടികൾ സ്കൂളിൽ പോകാൻ മടിയും കഠിനമായ ഉത്കണ്ഠയും കാണിച്ചിരിക്കും. ഇത്തരം കുട്ടികളെ പറഞ്ഞ് ഭയപ്പെടുത്തുന്നത് ഒഴിവാക്കണം. സ്കൂൾ ഒരു ശിക്ഷാ കേന്ദ്രമാണ് എന്ന മട്ടിലുള്ള വാചകങ്ങൾ മുതിർന്നവർ പറയാൻ പാടില്ല. മറിച്ച് ധാരാളം കൂട്ടുകാരെ കിട്ടുന്ന വളരെ സന്തോഷകരമായ സ്ഥലം ആയിരിക്കും വിദ്യാലയം എന്നമട്ടിൽ വേണം കുട്ടികളോട് കാര്യങ്ങൾ പറയാം. രക്ഷിതാക്കളെ പിരിഞ്ഞിരിക്കാൻ വളരെയധികം വിഷമമുള്ള ചെറിയൊരു ശതമാനം കുട്ടികൾ ഉണ്ടാകും. സ്കൂളിൽ പോകുമ്പോൾ ഉറക്കെ കരഞ്ഞു ബഹളം വച്ചു ഇവർ പ്രശ്നമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. 'വേർപിരിയൽ ഉത്കണ്ഠ രോഗം" (Seperation Anxiety Disorder) എന്നൊരു അവസ്ഥയുടെ ലക്ഷണമാകാം ഇത്. ഇത്തരം കുട്ടികളെ സ്നേഹപൂർവം നയത്തിൽ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. ദീർഘ ശ്വസന വ്യായാമങ്ങൾ പോലെയുള്ള റിലാക്സേഷൻ പരിശീലനങ്ങൾ ഈ കുട്ടികൾക്ക് പ്രയോജനം ചെയ്യും. സ്കൂളിൽ പോകാൻ ഒട്ടും തയ്യാറാകുന്നില്ലെങ്കിലും ചികിത്സയിലൂടെ പരിഹരിക്കാം.
കുട്ടികളുടെ ദിനചര്യ ക്രമീകരിക്കുന്നത് മാതാപിതാക്കൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓൺലൈൻ ക്ലാസുകൾ സാധാരണമായതോടെ രാത്രി വളരെ വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്ന ശീലമാണ് ഭൂരിപക്ഷം കുട്ടികൾക്കും. രാത്രിയിൽ വളരെ വൈകി മൊബൈൽ ഉപയോഗിക്കുകയും ഇതുമൂലം പകൽ ഉറക്കം തൂങ്ങുകയും ചെയ്യുന്ന അവസ്ഥ. കൃത്യസമയത്ത് ഉറങ്ങുകയും രാവിലെ നേരത്തെ ഉണരുകയും ചെയ്യുന്ന ശീലം വികസിപ്പിക്കണം. മാതാപിതാക്കളും ഈയൊരു ശീലത്തിലേക്ക് ചുവടു മാറ്റണം. രാത്രിയിൽ ചുരുങ്ങിയത് ഏഴു മണിക്കൂറെങ്കിലും തുടർച്ചയായി ഉറക്കം ക്രമീകരിക്കണം. പല കുട്ടികളും കൃത്യസമയത്ത് ഉറക്കം വരുന്നില്ലെന്ന് പരാതി പറയുന്നുണ്ട്. ആരോഗ്യകരമായ ഉറക്കം ആരോഗ്യകരമായ ശരീരത്തിന് അത്യാവശ്യമാണ്. പകൽ സമയത്ത് വായിക്കുകയും പഠിക്കുകയും ചെയ്യുന്ന കാര്യങ്ങൾ തലച്ചോറിൽ അടുക്കിവയ്ക്കുന്ന പ്രക്രിയ രാത്രിയിൽ ഉറക്കസമയത്താണ് സംഭവിക്കുന്നത്. അതുകൊണ്ട് നല്ല ഉറക്കം കിട്ടേണ്ടത് ഓർമശക്തിയും പഠനവും മെച്ചപ്പെടാൻ അത്യാവശ്യമാണ്.
പകൽ സമയത്ത് പ്രവർത്തിക്കുന്ന തലച്ചോറിലെ കോശങ്ങളിൽ നടക്കുന്ന ചയാപചയ പ്രവർത്തനങ്ങളുടെ ഫലമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ ശരീരം പുറംതള്ളുന്നതും രാത്രിയിലാണ്. തുടർച്ചയായ ഉറക്കം കിട്ടാത്ത പക്ഷം ഈ മാലിന്യങ്ങൾ തലച്ചോറിൽ അടിഞ്ഞുകൂടി പകൽ സമയത്ത് ക്ഷീണം, ഉറക്കം, ശ്രദ്ധക്കുറവ്, ഓർമക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരം കുട്ടികൾ പകൽ മുഴുവൻ ഒരു മന്ദത പ്രദർശിപ്പിക്കുന്നതും സാധാരണമാണ്. നല്ല ഉറക്കം കിട്ടാൻ ആയി കുട്ടികളെ സഹായിക്കുന്ന ചില വ്യായാമങ്ങൾ ഉണ്ട്. അവയെ 'നിദ്ര ശുചിത്വ വ്യായാമങ്ങൾ" എന്നാണ് വിശേഷിപ്പിക്കുന്നത്. നിശ്ചിതസമയത്ത് തന്നെ എന്നും ഉറങ്ങുന്നതും ഉണരുന്നതും ഇതിൽ ആദ്യത്തേതാണ്. ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപ് മൊബൈൽ അടക്കമുള്ള എല്ലാ ദൃശ്യമാദ്ധ്യമങ്ങളും ഒഴിവാക്കണം. വൈകിട്ട് നാലുമണിക്ക് ശേഷം ചായ കാപ്പി, കോള തുടങ്ങിയ മസ്തിഷ്ക ഉത്തേജക പദാർത്ഥങ്ങൾ കഴിക്കാതിരിക്കുക. വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ നേരമെങ്കിലും സൂര്യപ്രകാശം കൊണ്ടുള്ള വ്യായാമങ്ങൾ ഉറപ്പുവരുത്തുക. വ്യായാമത്തിന് ശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നതും ആരോഗ്യപ്രദമാണ്. കിടക്കുന്നതിനു തൊട്ടുമുമ്പ് ദീർഘ ശ്വസന വ്യായാമങ്ങൾ പോലെ എന്തെങ്കിലും റിലാക്സേഷൻ പരിശീലനം നടത്തുന്നത് സുഖനിദ്ര കിട്ടാൻ ഏറെ ഗുണകരമാണ്.
പിന്നാക്കാവസ്ഥ ശ്രദ്ധിക്കണം
ഓൺലൈൻ വിദ്യാഭ്യാസം ശീലമായതോടെ മൊബൈൽ അടിമത്തത്തിലേക്ക് പോയ ചില കുട്ടികൾ നമ്മുടെ ഇടയിലുണ്ട്. പ്രവർത്തി ദിവസങ്ങളിൽ ദിവസേന ഒരു മണിക്കൂർ മാത്രം മൊബൈൽ ഉപയോഗിക്കുക എന്ന മട്ടിൽ കാര്യങ്ങൾ ക്രമീകരിക്കാം. രാത്രി 10 മണിക്ക് ശേഷം ഒരു കാരണവശാലും മൊബൈൽ ഉപയോഗിക്കാൻ അനുവദിക്കരുത്. മൊബൈൽ ഉപയോഗത്തിന് പകരം കായിക വ്യായാമങ്ങൾ, സംഗീതം തുടങ്ങിയ ആരോഗ്യമായ വിനോദങ്ങളിൽ ഏർപ്പെടാം എന്നിട്ടും മൊബൈൽ പ്രശ്നമാകുന്നെങ്കിൽ 'പേരന്റൽ കൺട്രോൾ ആപ്പുകൾ" ഉപയോഗിച്ച് കുട്ടികളുടെ ഓൺലൈൻ ദുരുപയോഗം തടയാം. സൗജന്യമായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന 'ഗൂഗിൾ ഫാമിലി ലിങ്ക്" പോലെയുള്ള ആപ്പുകൾ ഇക്കാര്യത്തിൽ പ്രയോജനം ചെയ്യും.
ക്ലാസിൽ ഇരുന്ന് പഠിക്കാത്തത് കാരണം ചില കുട്ടികളുടെ എങ്കിലും പഠനനിലവാരം താഴെ പോയിട്ടുണ്ടാവാം. ശരാശരി ബുദ്ധി ഉണ്ടായിട്ടുപോലും എഴുത്ത്, വായന, കണക്ക് എന്നിവയിൽ ഏതെങ്കിലും ഒന്നില്ലെങ്കിലും ബുദ്ധിക്ക് യോജിക്കാത്തതരത്തിലുള്ള പിന്നാക്കാവസ്ഥ കാണിക്കുകയാണെങ്കിൽ ശ്രദ്ധിക്കണം. കൃത്യമായ പരിശീലനത്തിലൂടെ അവരുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കണം. ഇക്കൂട്ടത്തിൽ ചില കുട്ടികൾക്കെങ്കിലും ' പഠന വൈകല്യം" എന്ന പ്രശ്നമുണ്ടായേക്കാം. അവരെഒറ്റപ്പെടുത്താതെ അവർക്കാവശ്യമായ പ്രശ്നപരിഹാരം കണ്ടെത്താം. ആധുനിക കാലത്തിന്റെ ഉത്പന്നങ്ങളായ വൈകാരിക പ്രശ്നങ്ങളും ഉൽക്കണ്ഠ രോഗങ്ങളും കൗമാരപ്രായക്കാരിൽ സാധാരണമായി കണ്ടുവരാറുണ്ട്. തുടർച്ചയായി നീണ്ടു നിൽക്കുന്ന വിഷാദം, മുൻപ് ആസ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താത്പര്യമില്ലായ്മ, അകാരണമായ ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തകളുടെയും പ്രവർത്തികളുടെയും വേഗതയിൽ കുറവ്, നിരാശയും പ്രതീക്ഷയില്ലായ്മയും, ആത്മഹത്യാപ്രവണത എന്നീ ലക്ഷണങ്ങളിൽ അഞ്ചെണ്ണം എങ്കിലും രണ്ടാഴ്ചയിലേറെ തുടർച്ചയായി നീണ്ടുനിൽക്കുകയാണെങ്കിൽ ആ കുട്ടിക്ക് വിഷാദരോഗം ഉണ്ടോ എന്ന് സംശയിക്കണം. കൗമാരപ്രായക്കാരിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. കുട്ടിയുടെ അടിസ്ഥാന സ്വഭാവത്തിൽ പൊടുന്നനെ ചില വ്യത്യാസങ്ങൾ വന്നാൽ അവനോട് തുറന്നു സംസാരിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. ശരീരം ക്ഷീണിക്കുക, ശരീരത്തിൽ മുറിപ്പാടുകൾ പ്രത്യക്ഷപ്പെടുക, കുട്ടി ദീർഘനേരം മുറി അടച്ചിരിക്കുക, ആരോടും സംസാരിക്കാതെ ഒറ്റക്കിരിക്കാൻ താത്പര്യം കാട്ടുക, അകാരണമായ ദേഷ്യം, പ്രായത്തിൽ മുതിർന്ന പുതിയ കൂട്ടുകാരുമായുള്ള സംസർഗം എന്നിവയൊക്കെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം തലച്ചോറിന് കേട് ഉണ്ടാക്കി മാനസിക രോഗങ്ങൾക്ക് കാരണമാകുന്നു എന്ന യാഥാർത്ഥ്യം കുട്ടികളെ ബോധവത്ക്കരിക്കാൻ അദ്ധ്യാപകരും ശ്രമിക്കണം.
പ്രഭാതഭക്ഷണം ആരോഗ്യഭക്ഷണം
പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിൽ പോകുന്ന ശീലം പല കുട്ടികളും അനുവർത്തിച്ചു വരുന്നുണ്ട്. എന്നാൽ ഇത് അനാരോഗ്യകരമായ ഒരു കാര്യമാണ്. പകൽ സമയത്ത് ചെയ്യേണ്ട പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേണ്ട ഊർജം കുട്ടിക്ക് ലഭിക്കണം. രാവിലെ നേരത്തെ ഉണർന്നു പ്രാതൽ കഴിക്കുന്ന ശീലം കുട്ടികളിൽ വളർത്താൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രഭാത ഭക്ഷണം കഴിക്കാതെയും ദീർഘനേരം വിശന്നിരിക്കുന്ന ശീലം തുടരുകയും വഴി വയറ്റിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുകയും അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യാറുണ്ട്. ക്ളാസിൽ അടങ്ങിയിരിക്കാൻ ബുദ്ധിമുട്ടുള്ള ചില കുട്ടികൾ എങ്കിലും ഇക്കൂട്ടത്തിൽ ഉണ്ടാകും. ശ്രദ്ധക്കുറവ്, അമിത വികൃതി, എടുത്തുചാട്ടം എന്നിവ പ്രകടമായി പ്രദർശിപ്പിക്കുന്ന ഈ കുട്ടികൾക്ക് 'അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ" (ADHD) എന്ന പെരുമാറ്റ പ്രശ്നം ഉണ്ടായേക്കാം. ഈ കുട്ടികളെ ക്ലാസിലെ മുൻനിരയിൽ തന്നെ ഇരുത്താൻ ശ്രദ്ധിക്കണം. നിയന്ത്രിക്കാൻ പറ്റാത്ത വിധമുള്ള പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധൻ ചികിത്സയിലൂടെ അവരെ സ്വാഭാവിക അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരും.
കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ഉള്ള പരിശീലനങ്ങളും കുട്ടികൾക്ക് വീട്ടിൽവച്ചുതന്നെ നൽകുന്നത് നല്ലതാണ്. ദിവസേന ഒരു മണിക്കൂർ നേരം എങ്കിലും മാസ്ക് ധരിച്ചു കൊണ്ട് ഓൺലൈൻ ക്ലാസുകൾ ശ്രദ്ധിക്കുന്നത് കുട്ടികൾക്ക് ഒരു പരിശീലനം ആയി മാറും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്ക്ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം അവരെ വ്യക്തമായി പറഞ്ഞ് ബോദ്ധ്യപ്പെടുത്തണം. ക്ലാസിൽ ഇരിക്കുമ്പോൾ മുഖത്തോ മൂക്കിലോ സ്പർശിക്കുന്ന അതിനുമുൻപ് നിർബന്ധമായും സാനിറ്റൈസർ ഉപയോഗിച്ച് വിരലുകൾ വൃത്തിയാക്കാനും കുട്ടികളെ പരിശീലിപ്പിക്കണം.
സ്കൂൾ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷത്തിനും രക്തത്തിൽ വൈറ്റമിൻ ഡി കുറയുന്നതായി സമീപകാലത്ത് ഞങ്ങൾ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. ഇതുമൂലം കുട്ടികൾക്ക് ശാരീരികക്ഷീണം, ഓർമക്കുറവ്, ശ്രദ്ധക്കുറവ്, രോഗപ്രതിരോധ ശേഷി കുറവ് എന്നിവ ഉണ്ടാകാം. അതിനാൽ ദിവസേന ഒരു മണിക്കൂർ നേരം എങ്കിലും സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കണം. ഇതുവഴി അവരുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും പഠനവും മെച്ചപ്പെടുന്നതായി കണ്ടുവരുന്നുണ്ട്. സ്കൂളിൽ ഇരിക്കുമ്പോൾ അച്ചടക്കം പാലിക്കേണ്ടതിന്റെയും അദ്ധ്യാപകർ പറയുന്നത് ശ്രദ്ധിക്കേണ്ടതിന്റെയും പ്രസക്തിയെക്കുറിച്ചും കുട്ടികളെ ബോദ്ധ്യപ്പെടുത്തണം മറ്റു കുട്ടികളുമായി ആരോഗ്യകരമായി സഹകരിച്ച് മുന്നോട്ട് പോയി സ്കൂൾ ജീവിതം ആഹ്ലാദകരമാക്കാൻ നമ്മുടെ കുട്ടികളെ നമുക്ക് സഹായിക്കാം.
(തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ആണ് ലേഖകൻ )