sana-mir-kohli

ന്യൂഡൽഹി: പാകിസ്ഥാനെതിരെ തീർത്തും അപ്രതീക്ഷിതമായാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. എന്നാൽ പരാജയത്തിനു ശേഷവും ചിരിച്ച മുഖത്തോടെ പാകിസ്ഥാൻ താരങ്ങളെ ചേർത്തു പിടിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയുടെ ചിത്രം പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ കൊഹ‌്ലിയെ പ്രശംസിച്ച് എത്തിയിരിക്കുന്നത് മുൻ പാകിസ്ഥാൻ വനിതാ ക്രിക്കറ്ററും ദേശീയ ടീമിന്റെ ക്യാപ്ടനുമായിരുന്ന സനാ മിർ ആണ്.

പാകിസ്ഥാനെതിരായ പരാജയത്തിനു ശേഷം ഇന്ത്യൻ നായകൻ വളരെയേറെ പക്വത കാണിച്ചെന്നും മത്സരശേഷം എതിരാളിയെ കെട്ടിപിടിക്കണമെങ്കിൽ മനസിൽ വളരെയേറെ സ്പോർട്സ്മാൻ സ്പിരിറ്റ് വേണമെന്നും സനാ മിർ അഭിപ്രായപ്പെട്ടു. പരാജയത്തിലും ഇന്ത്യൻ താരങ്ങൾ വളരെയേറെ ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും താരങ്ങളുടെ ശരീര ഭാഷയിൽ നിന്ന് തന്നെ അടുത്ത മത്സരത്തിൽ അവർ ശക്തമായി തിരിച്ചു വരുമെന്ന് ഉറപ്പാണെന്നും സനാ അഭിപ്രായപ്പെട്ടു.

പാകിസ്ഥാന്റെ പ്രകടനവും വളരെയേറെ പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും ഇന്ത്യയെപോലെ വലിയൊരു ടീമിനെ പരാജയപ്പെടുത്തിയിട്ടും പാകിസ്ഥാൻ താരങ്ങൾ അടുത്ത മത്സരത്തെകുറിച്ചാണ് സംസാരിച്ചതെന്നും അവരുടെ വാക്കുകളിൽ നിറയെ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും സനാ മിർ പറഞ്ഞു.