ചെന്നൈ: മണ്ഡല-മകര വിളക്ക് കാലത്ത് വെർച്വൽ ക്യൂവിനൊപ്പം സ്‌പോട്ട് രജിസ്ട്രേഷനിലൂടെയും ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന് ശബരിമല തീർത്ഥാടനം സംബന്ധിച്ച് ചെന്നൈയിൽ മഹാലിംഗപുരം ശ്രീ അയ്യപ്പഭക്ത സഭയുമായി ചേർന്ന് നടത്തിയയോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ദിവസം 25,000 പേർക്കാണ് പ്രവേശനമെന്നുൾപ്പെടെ സർക്കാർ കഴിഞ്ഞയാഴ്ചയെടുത്ത തീരുമാനങ്ങൾ വാസു വിശദീകരിച്ചു.
രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം. 10 വയസിന് താഴെയുള്ളവർ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്കുള്ള വിലക്കും നീക്കി. പമ്പാ സ്നാനവും അനുവദിക്കും. എന്നാൽ, സന്നിധാനത്ത് വിരിവയ്ക്കാൻ അനുവദിക്കില്ല. നിലയ്ക്കലിൽ അനുവദിക്കും.
ബോർഡംഗങ്ങളായ കെ.എസ്. രവി, പി.എൻ. തങ്കപ്പൻ, ഗുരുവായൂർ ദേവസ്വം ബോർഡംഗം കെ.വി. ഷാജി, മഹാലിംഗപുരം ശ്രീ അയ്യഭക്തസഭ സെക്രട്ടറി ശശികുമാർ തുടങ്ങിയവരും സംബന്ധിച്ചു. ശബരിമല വികസനത്തിന് സാമ്പത്തിക പിന്തുണതേടിയുള്ള ബോർഡംഗങ്ങളുടെ അയൽസംസ്ഥാന സന്ദർശനത്തിന്റെ ഭാഗമായായിരുന്നു യോഗം.
നെയ്യഭിഷേകം ഉച്ചയ്ക്ക് 12 വരെ
ഉച്ചയ്ക്ക് 12 വരെയേ നെയ്യഭിഷേകമുണ്ടാകൂ. 12ന് ശേഷം എത്തുന്നവർ നെയ്‌തേങ്ങ കൗണ്ടറിൽ ഏൽപ്പിക്കണം. അഭിഷേകം കഴിഞ്ഞ നെയ്യ് വാങ്ങി മടങ്ങാം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുണ്ടാകും.