iit-gas-stoves

ഗുവാഹത്തി:ദൈനംദിന ജീവിതത്തിൽ നാമിന്നു നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ദിനംപ്രതി വർദ്ധിക്കുന്ന ഇന്ധന വില. ഇതിൽ സാധാരണക്കാരെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാചക വാതകത്തിന്റെ വില വർദ്ധനയാണ്. ഇന്നേറെപ്പേരും പാചകത്തിനായി ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പുകളെയാണ്. അതുകൊണ്ട് തന്നെ പാചക വാതകത്തിന്റെ വില വർദ്ധനവ് സാധാരണക്കാരെ സാരമായി ബാധിക്കുന്നു. ഇതിന് പരിഹാരമായി അൻപത് ശതമാനം വരെ ഇന്ധനം ലാഭിക്കാവുന്ന അടുപ്പുകൾ വികസിപ്പിച്ചിരിക്കുകയാണ് ഐഐടി ഗുവാഹത്തിയിലെ ഗവേഷണ സംഘം.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രഫസറായ പി മുത്തുകുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പ്രത്യേക തരം അടുപ്പുകൾ വികസിപ്പിച്ചത്. എൽപിജി, മണ്ണെണ്ണ, ബയോഗ്യാസ് അടുപ്പുകളിൽ ഉപയോഗിക്കാവുന്ന പോറസ് റേഡിയന്റ് ബർണറുകളാണ്( പി ആർ ബി) ഐഐടി ഗുവഹാട്ടി വികസിപ്പിച്ചെടുത്തത്. ഇവയ്ക്ക് ഇരുപത് മുതൽ അൻപത് ശതമാനം വരെ ഇന്ധനം ലാഭിക്കാനാകുമെന്നും കാർബൺ മോണോക്സൈഡ്, നൈട്രജൻ മോണോക്സൈഡ് എന്നിവ പുറന്തള്ളുന്നത് എൻപത് ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷണ സംഘം അവകാശപ്പെടുന്നു. ഗാർഹിക ഉപയോഗത്തിനും വാണിജ്യ ഉപയോഗത്തിനും ഇത് അനുയോജ്യമാണ്.

ഈ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പ്രതിദിനം പതിമൂന്ന് ലക്ഷം ഗാർഹിക സിലിണ്ടറുകളിൽ വരെ ഇന്ധനം ലാഭിക്കാൻ സാധിക്കുന്നു. പി ആർ ബി അടിസ്ഥാനമാക്കിയുള്ള പാചക അടുപ്പുകൾ ലോകവ്യാപകമായി ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഇതിലൂടെ ഊർജസംരക്ഷണം സാധ്യമാകുമെന്നും ഐഐടി ഗുവാഹത്തിയുടെ ഡയറക്ടർ ടി ജി സീതാറാം അഭിപ്രായപ്പെട്ടു.