എന്റെ സുഹൃത്ത് അജയകുമാറിന്റെ ഭാര്യയാണ് കോമളവല്ലി പി.പി. ഒരു സർക്കാർ ഉദ്യോഗസ്ഥ. ഇത്തവണ നവംബർ ഒന്ന് തിങ്കളാഴ്ച, പ്രവൃത്തിദിവസമായതിൽ ഏറെ സന്തോഷിക്കുന്ന കോമളവല്ലിയേയും അജയനേയും ഞാൻ കണ്ടെത്തിയത് പഴവങ്ങാടിയിലെ ഹാന്റ്ലൂം സെന്ററിൽ വച്ചാണ്. കേരളപ്പിറവി ദിനത്തിലുടുക്കാൻ സെറ്റ്സാരിയും ഡബിൾമുണ്ടും വാങ്ങാനെത്തിയതായിരുന്നു അവർ. 'കഴിഞ്ഞ വർഷം നവംബർ ഒന്ന് ഞായറാഴ്ചയായിപ്പോയി" വീതിയുള്ള കസവുബോർഡറിൽ തിളങ്ങുന്ന ഒരു സെറ്റ് സാരി തിരഞ്ഞെടുത്തുകൊണ്ട് കോമളവല്ലി പറഞ്ഞു: 'ഇത്തവണ ഒന്നു നന്നായി ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു." നീലക്കരയുള്ള ഒരു നല്ല ഡബിൾമുണ്ട് അജയനും വാങ്ങി. 'നിനക്ക് പിന്നെ എന്നും കേരളപ്പിറവിയാണല്ലോ" സദാ 'മുണ്ട"നായ എന്നെ നോക്കി അജയൻ ചിരിച്ചു: 'ഞങ്ങൾക്ക് ഇങ്ങനെ ഓണത്തിനും കേരളപ്പിറവിക്കുമൊക്കെയാണ് മുണ്ടും, സെറ്റ് മുണ്ടുമുടുക്കാൻ അവസരം കിട്ടുന്നത്."
സൽവാറിൽ തിളങ്ങുന്ന കോമളവല്ലിയും ജീൻസിൽ പരിലസിക്കുന്ന അജയനും ഹാന്റ്ലൂം ബാഗുകളുമായി കടയിൽ നിന്നിറങ്ങി മറയുംവരെ ചിരിക്കാൻ മറന്ന് ഞാൻ നോക്കി നിന്നു.
രണ്ട്
വേഷത്തിന് കേരളീയത എന്ന ഒരു മട്ടും മാതിരിയുമുണ്ടോ എന്നൊന്നും എനിക്കറിയില്ല. മുണ്ടും സെറ്റ്സാരിയും എന്ന ഒരു 'ഡ്രസ്സ്കോഡ് " കേരളീയർക്ക് അനുശാസിക്കപ്പെട്ടത് എങ്ങനെയാണ്, എന്നു മുതലാണ് എന്നുമറിഞ്ഞുകൂടാ. പക്ഷേ മലയാളി എന്നാൽ എല്ലാവരുടെയും മനസിൽ വരുന്ന ചിത്രം മുണ്ടുടുത്ത, സെറ്റ്സാരിയുടുത്ത അജയന്മാരുടെയും കോമളവല്ലിമാരുടേതുമാണ്. അതുകൊണ്ടാവണം ഓരോ കേരളപ്പിറവിദിനത്തിലും ആ വേഷം 'ദേശീയവേഷ"മായി അംഗീകരിക്കപ്പെട്ടത്!
2010-ലെ ഒരോർമ്മയാണ്, ഒരു വാർത്താചാനലിന്റെ 'ന്യൂസ് മേക്കർ ഒഫ് ദി ഇയർ" അവാർഡ് സ്വീകരിക്കാൻ കൊച്ചിയിൽ അമിതാഭ് ബച്ചൻ വന്നത് കസവുമുണ്ടും തൂവെള്ള ഷർട്ടും ധരിച്ച്. എന്നാൽ ആ ചടങ്ങിന് മമ്മൂട്ടിയടക്കം വിശിഷ്ടാതിഥികളൊക്കെ കോട്ടും സ്യൂട്ടുമിട്ടുവന്നത് വാർത്തകളിൽ നിറഞ്ഞുനിന്നു. 'താങ്കൾ സ്യൂട്ടണിഞ്ഞാവും വരിക എന്നു കരുതി" എന്ന് തന്റെ പ്രസംഗത്തിൽ മമ്മൂക്ക ഒരല്പം ചമ്മലോടെ പറയുകയും ചെയ്തു. മറുപടി പ്രസംഗത്തിൽ ബച്ചൻജി തന്റെ നിലപാട് ഇങ്ങനെ തുറന്നുപറഞ്ഞു: 'കേരളത്തിൽ വരുമ്പോൾ എനിക്ക് മുണ്ടുടുത്തു നടക്കാനാണ് ഇഷ്ടം. മടങ്ങിപ്പോവുമ്പോൾ ഞാൻ ഇവിടെ നിന്ന് വാങ്ങിക്കൊണ്ടുപോകുന്നതും ഹാന്റ്ലൂം ദോത്തികളാണ്."കൈത്തറിയെ പ്രോത്സാഹിപ്പിക്കാൻ നമ്മുടെ സർക്കാർ വർഷങ്ങൾക്കുമുമ്പ്, ശനിയാഴ്ചകളിൽ ഉദ്യോഗസ്ഥർ ജോലിസ്ഥലത്ത് മുണ്ടുടുത്തുവരണമെന്ന് ഒരുത്തരവിറക്കിയത് ഇപ്പോൾ പലരും മറന്നുകാണും. വി.എസിന്റെ കാലത്താണെന്നാണ് ഓർമ്മ. അക്കാലത്ത് ശനിയാഴ്ചകളിൽ സെക്രട്ടറിയേറ്റിൽ മുണ്ടുടുത്തുവരുന്ന ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരെ വരെ കാണാമായിരുന്നു. ഇന്നും പക്ഷേ, ശനിയോ, തിങ്കളോ എന്നു നോക്കാതെ സദാ മുണ്ടുടുത്തു നടക്കുന്ന ഒരേ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനേ സെക്രട്ടേറിയറ്റിലുള്ളൂ. അത് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ്... വേണു ചിരിച്ചുകൊണ്ട് പറയും 'ഞാൻ സദാ മലയാളിയാണ്. എനിക്കു മുണ്ടുടുക്കാൻ സർക്കാർ ഉത്തരവിന്റെ ആവശ്യമൊന്നുമില്ല." 2001-ൽ ബാങ്കുദ്യോഗം ഉപേക്ഷിച്ചശേഷം ഞാനും കേരളത്തിനകത്ത് സദാ 'മുണ്ടുടുക്കുന്ന മലയാളി" തന്നെ!
മൂന്ന്
1956 നവംബർ ഒന്നിന്, വേഷത്തിന്റെ അടിസ്ഥാനത്തിലല്ല, ഭാഷയുടെ പേരിലാണ് 14 സംസ്ഥാനങ്ങൾ ഉടലെടുത്തത്. മലയാളം സംസാരഭാഷയായ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളും മദ്രാസ് പ്രസിഡൻസിയുടെ കീഴിലുണ്ടായിരുന്ന മലബാർ പ്രദേശങ്ങളും കൂട്ടിച്ചേർത്ത് കേരളം രൂപീകൃതമായി. പക്ഷേ, അറുപത്തഞ്ചാം പിറന്നാൾ ദിനമടുക്കുമ്പോഴും, കേരളം എന്ന പദത്തിന്റെ ഉത്ഭവത്തെച്ചൊല്ലി ചരിത്രകാരന്മാർ വ്യത്യസ്ത ധ്രുവങ്ങളിലാണ്! കേരം അഥവാ നാളികേരം നിറഞ്ഞുകിടക്കുന്ന നാടായതിനാലാണ് കേരളമെന്ന് ഒരു വാദം.
ചേരന്മാർ ഭരിച്ചതിനാൽ ചേരളമാണ് കേരളമായതെന്ന് വേറൊരു വാദം. മഹാഭാരതത്തിൽപ്പോലും കേരളമെന്ന പരാമർശമുണ്ടെന്ന് ഇനിയുമൊരു പക്ഷം, പുരാണത്തെ കൂട്ടുപിടിക്കുന്നവർക്ക് പരശുരാമനും സഹായിയായുണ്ട്. ഉഗ്രതപസ്സിനാൽ ശിവനെ പ്രത്യക്ഷപ്പെടുത്തി ശത്രുസംഹാരത്തിനായി പരശു അഥവാ
മഴു സംഘടിപ്പിച്ച രാമൻ എന്ന ഋഷിവര്യൻ, വരുണ ഭഗവാന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിൽ മഴുവെറിഞ്ഞ് വെള്ളം നികത്തിയുണ്ടാക്കിയ കരയാണ് കേരളം എന്ന് 'കേരളോല്പത്തി"യിലും പരാമർശമുണ്ട്. 'കേരളോല്പത്തി"യുടെ ഒന്നിലധികം പാഠഭേദങ്ങളുണ്ടെങ്കിലും, ഹെർമ്മൻ ഗുണ്ടർട്ടാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത് എന്ന് കരുതപ്പെടുന്നു. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ വിരചിതമെന്നും വിശ്വാസം.
നാല്
കേരളത്തിലെ ഏക പരശുരാമക്ഷേത്രം തിരുവനന്തപുരത്ത് തിരുവല്ലത്താണുള്ളത്. ബലികർമ്മങ്ങൾക്ക് നിത്യവും നൂറുകണക്കിനാളുകളാണ് ഇവിടെ വന്നെത്തുന്നത്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പരബ്രഹ്മസ്വരൂപനായ പരശുരാമനെ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ആയുധമായ മഴുവും കൈയിലുണ്ട്. മൂന്നാഴ്ച മുമ്പൊരു ദിവസം, സുഹൃത്ത് ശ്രീകുമാറിന്റെ ആദ്യ ശ്രാദ്ധത്തിന്, അവന്റെ ബന്ധുക്കളോടൊപ്പം ഞാനും തിരുവല്ലത്ത് പോയിരുന്നു. യൂദാസിന്റെ വെള്ളിക്കാശും ടിപ്പുവിന്റെ സിംഹാസനവും സ്വന്തമാക്കിയ മോൻസൻ എന്ന കഥാപാത്രം വാർത്തകളിൽ തീപിടിച്ചു നിൽക്കുന്ന സമയമാകയാൽ, ഞാൻ ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിൽത്തന്നെയുള്ള പരശുരാമന്റെ ശില്പത്തിലേക്കു ഒന്നു കാര്യമായിത്തന്നെ നോക്കി. ഉണ്ട്, ആ മഴു വലതുകൈയിൽത്തന്നെ ഭദ്രമായുണ്ട്...!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)