ശ്രീനഗർ: ജമ്മുകാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സുംബൽ ബ്രിഡ്ജ് മേഖലയിൽ ഇന്നലെ രാവിലെ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ആറ് പ്രദേശവാസികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് സുരക്ഷാ സേന തെരച്ചിൽ ശക്തമാക്കി. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. സുംബൽ ബസ് സ്റ്റാൻഡിന് സമീപം പരിശോധന നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡുകൾ എറിയുകയായിരുന്നു. എന്നാൽ ഇവ ലക്ഷ്യം തെറ്റി റോഡിന് സമീപത്ത് നിന്ന ആൾക്കൂട്ടത്തിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കിയെന്നും ആരുടെയും നില ഗുരുതരമല്ലെന്നും സേന വക്താവ് അറിയിച്ചു. ഞായറാഴ്ച ഷോപ്പിയാനിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ ബറ്റാലിയന് നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടിരുന്നു. പൂഞ്ചിൽ ഭീകരർക്കെതിരായ ഓപ്പറേഷൻ 17-ാം ദിവസവും തുടരുകയാണ്. കഴിഞ്ഞദിവസം കാശ്മീർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന പൊലീസുമായും കേന്ദ്ര സായുധ പോലീസ് സേനാ മേധാവികളുമായും നടത്തിയ കൂടിക്കാഴ്ചയിൽ അടുത്തിടെ നടന്ന സാധാരണക്കാരുടെ കൊലപാതകം ഉൾപ്പെടെ വിവിധ സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.